Connect with us

Ongoing News

എമിറേറ്റ്‌സ് ഗ്രൂപ്പ് വൻ നിയമനത്തിനൊരുങ്ങുന്നു

പൈലറ്റ്, ക്യാബിൻ ക്രൂ തുടങ്ങി 17,300 പേരെ ഈ വർഷം നിയമിക്കും

Published

|

Last Updated

ദുബൈ| എമിറേറ്റ്‌സ് ഗ്രൂപ്പ് ഈ വർഷം പൈലറ്റുമാർ, ഐ ടി പ്രൊഫഷണലുകൾ, എൻജിനീയർമാർ, ക്യാബിൻ ക്രൂ ഉൾപ്പെടെ 350 തസ്തികകളിലായി 17,300-ൽ അധികം പ്രൊഫഷണലുകളെ നിയമിക്കാൻ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി ലോകമെമ്പാടുമുള്ള 150 നഗരങ്ങളിൽ 2,100-ൽ അധികം ഓപ്പൺ ഡേകളും റിക്രൂട്ട്മെന്റ്പരിപാടികളും സംഘടിപ്പിക്കും. എമിറേറ്റ്‌സ് എയർലൈൻസിലും ഡിനാറ്റയിലുമായി നൂറുകണക്കിന് പുതിയ നിയമനങ്ങൾ നടത്തും. കാർഗോ, കാറ്ററിംഗ്, ഗ്രൗണ്ട് ഹാൻഡ്്ലിംഗ് വിഭാഗങ്ങളിലായി 4,000-ൽ അധികം നിയമനങ്ങൾ ഡിനാറ്റയിൽ മാത്രമുണ്ടാകും.
2022 മുതൽ എമിറേറ്റ്‌സ് ഗ്രൂപ്പ് 41,000-ൽ അധികം പ്രൊഫഷണലുകളെ നിയമിച്ചിട്ടുണ്ട്. ലോകോത്തര പ്രതിഭകളെ ആകർഷിക്കുന്നതിനും എയർലൈൻ വ്യവസായത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതിനും എമിറേറ്റ്‌സ് ലക്ഷ്യമിടുന്നുവെന്ന് എമിറേറ്റ്‌സ് ഗ്രൂപ്പ് ചെയർമാനും സി ഇ ഒയുമായ ശൈഖ് അഹ്്മദ് ബിൻ സഈദ് അൽ മക്തൂം പറഞ്ഞു.
ദുബൈ ആസ്ഥാനമായുള്ള ജീവനക്കാർക്ക് ലാഭ വിഹിത യോഗ്യത, സമഗ്ര മെഡിക്കൽ, ലൈഫ് ഇൻഷ്വറൻസ് പരിരക്ഷ, യാത്രാ ആനുകൂല്യങ്ങൾ (വിമാന ടിക്കറ്റുകളിൽ ഇളവ്), കാർഗോ നിരക്കുകളിൽ ഇളവ്, കിഴിവുകൾ ലഭിക്കുന്ന അംഗത്വ കാർഡുകൾ എന്നിവ എമിറേറ്റ്‌സ് ഗ്രൂപ്പിലെ പ്രധാന ആകർഷണമാണ്. ഡയറക്ട് എൻട്രി ക്യാപ്റ്റൻ, ഫസ്റ്റ് ഓഫീസർ, ക്യാബിൻ ക്രൂ, കോർപ്പറേറ്റ്, എൻജിനീയറിംഗ് തസ്തികകളിലേക്കുള്ള ഒഴിവുകൾ എമിറേറ്റ്‌സ് വെബ്‌സൈറ്റിൽ ലഭ്യമാണ്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 3.7 ദശലക്ഷത്തിലധികം അപേക്ഷകളാണ് എമിറേറ്റ്‌സ് ഗ്രൂപ്പിന് ലഭിച്ചത്.

Latest