Connect with us

Editorial

തിരുത്തല്‍ ശക്തിയാകണം തിരഞ്ഞെടുപ്പ് ഫലങ്ങള്‍

"അധികാരം സ്ഥിരമല്ല, ജനവിശ്വാസമാണ് ഭരണത്തിന്റെ അടിത്തറ'യെന്ന സന്ദേശമാണ് തിരഞ്ഞെടുപ്പ് ഫലം നല്‍കുന്നത്. ഈ സന്ദേശം തദ്ദേശ സ്ഥാപനങ്ങളില്‍ അധികാരത്തിലേറാന്‍ പോകുന്ന ഐക്യമുന്നണിക്കും ബാധകമാണ്.

Published

|

Last Updated

മൂന്നാം പിണറായി സര്‍ക്കാറെന്ന ഇടതുപക്ഷത്തിന്റെ പ്രതീക്ഷക്ക് മങ്ങലേല്‍പ്പിക്കുന്നതാണ് തദ്ദേശ തിരഞ്ഞെടുപ്പ് ഫലം. സംസ്ഥാനത്തുടനീളം യു ഡി എഫ് വന്‍മുന്നേറ്റം നടത്തുകയും ബി ജെ പിയുടെ നേതൃത്വത്തിലുള്ള എന്‍ ഡി എ നില മെച്ചപ്പെടുത്തുകയും ചെയ്തു. ജില്ലാ പഞ്ചായത്തുകളിലും കോര്‍പറേഷനുകളിലും മുനിസിപാലിറ്റികളിലും ബ്ലോക്ക് പഞ്ചായത്തുകളിലും തദ്ദേശ സ്ഥാപനങ്ങളിലും യു ഡി എഫിനാണ് മുന്നേറ്റം. തിരുവനന്തപുരത്ത് എന്‍ ഡി എ അധികാരത്തിലേറുന്ന അവസ്ഥയും സംജാതമായി. കേവല ഭൂരിപക്ഷത്തിന് ഒരു സീറ്റിന്റെ കുറവ് മാത്രമാണ് എന്‍ ഡി എക്കുള്ളത്.

സംസ്ഥാനത്തെ ആറ് കോര്‍പറേഷനുകളില്‍ നാലര പതിറ്റാണ്ടായി സി പി എം ആധിപത്യത്തിലായിരുന്ന കൊല്ലമടക്കം നാലെണ്ണം “കൈ’പിടിയിലായി. നിലവില്‍ അഞ്ചെണ്ണവും എല്‍ ഡി എഫ് ഭരണത്തിലാണ്. കോഴിക്കോട് കോര്‍പറേഷനില്‍ ഇടതുമുന്നണി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയെങ്കിലും കേവല ഭൂരിപക്ഷം നേടാനായില്ല. 86 മുനിസിപാലിറ്റികളില്‍ 56ഉം യു ഡി എഫ് പിടിച്ചു. 28 ഇടങ്ങളില്‍ മാത്രമാണ് എല്‍ ഡി എഫ് വിജയിച്ചത്. 14 ജില്ലാ പഞ്ചായത്തുകളില്‍ കഴിഞ്ഞ തവണ 11 എണ്ണം എല്‍ ഡി എഫിനൊപ്പമായിരുന്നെങ്കില്‍ ഇത്തവണ ഏഴെണ്ണത്തില്‍ യു ഡി എഫിനാണ് ആധിപത്യം. നാല് ജില്ലാ പഞ്ചായത്തുകള്‍ എല്‍ ഡി എഫില്‍ നിന്ന് യു ഡി എഫ് പിടിച്ചെടുക്കുകയായിരുന്നു. 941 ഗ്രാമപഞ്ചായത്തുകളില്‍ 504ഉം യു ഡി എഫിനൊപ്പമാണ്.

എല്‍ ഡി എഫിന്റെ പരാജയ കാരണങ്ങള്‍ വിശദമായി പരിശോധിക്കേണ്ടതുണ്ട്്. എന്നാല്‍ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം, സാമ്പത്തിക പ്രതിസന്ധി, സേവനങ്ങള്‍ക്കുള്ള ഫീസ്/നികുതി ഇനങ്ങളില്‍ വരുത്തിയ വര്‍ധന തുടങ്ങിയവ ജനങ്ങളെ ഒരു മാറ്റത്തിന് പ്രേരിപ്പിച്ചിരിക്കാം. വര്‍ധിച്ചു വരുന്ന പോലീസ് അതിക്രമങ്ങളും ആരോപണ വിധേയരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിലെ ജാഗ്രതക്കുറവും വിമര്‍ശനങ്ങളെ ശത്രുതയായി കാണുന്ന നിലപാടും സര്‍ക്കാറിന്റെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിച്ചു. വികസന പദ്ധതികളിലെ ദൃശ്യത കുറവാണ് മറ്റൊരു കാരണം. വികസന പദ്ധതികള്‍ ധാരാളം നടപ്പാക്കിയെങ്കിലും സാധാരണക്കാരന് അനുഭവഭേദ്യമായില്ല. തിരഞ്ഞെടുപ്പ് പ്രചാരണ വേദികളില്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്നതിനു പകരം വിവാദ വിഷയങ്ങള്‍ക്കാണ് പ്രാധാന്യം കൈവന്നത.്

ശബരിമല സ്വര്‍ണക്കൊള്ള വിഷയവും പി എം ശ്രീയിലെ നിലപാട് മാറ്റവും വോട്ടര്‍മാരെ സ്വാധീനിച്ചിരിക്കാം. തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് ഒരു മാസം മുമ്പ് ക്ഷേമപെന്‍ഷന്‍ വന്‍തോതില്‍ വര്‍ധിപ്പിച്ചെങ്കിലും അത് വോട്ടാക്കി മാറ്റാനായില്ല. അപ്രതീക്ഷിതമായി വീണുകിട്ടിയ രാഹുല്‍ മാങ്കൂട്ടത്തിന്റെ വിഷയം ഇടതുമുന്നണി ആളിക്കത്തിച്ചെങ്കിലും വോട്ടർമാരിൽ കാര്യമായ സ്വാധീനം ഉണ്ടാക്കിയില്ലെന്ന് വേണം കരുതാൻ. വെള്ളാപ്പള്ളി വിഷയത്തില്‍ പാര്‍ട്ടി സ്വീകരിച്ച പ്രീണന നയവും ലോക്‌സഭാ തിരഞ്ഞെടുപ്പിലെ എല്‍ ഡി എഫ് പരാജയത്തിനു കാരണം ന്യൂനപക്ഷ പ്രീണനമാണെന്ന ആരോപണത്തിന് തടയിടാനായി സ്വീകരിച്ച മാര്‍ഗങ്ങളും തിരിച്ചടിയായതായാണ് അനുമാനിക്കപ്പെടുന്നത്.

തിരഞ്ഞെടുപ്പിലെ എന്‍ ഡി എ മുന്നേറ്റം മതേതര കേരളത്തെ ഇരുത്തിച്ചിന്തിപ്പിക്കേണ്ടതുണ്ട്. എന്‍ ഡി എയുടെ മുന്നേറ്റം ഐക്യജനാധിപത്യ മുന്നണിയെ സാരമായി ബാധിച്ചിട്ടില്ലെന്നതിനാല്‍ ഇടതുമുന്നണിയാണ് ഇതിന്റെ കാരണത്തെക്കുറിച്ച് ആഴത്തില്‍ പഠിച്ച് പരിഹാരം കാണേണ്ടത്. എന്തുകൊണ്ടാണ് ഇടതുമുന്നണിക്കു ലഭിക്കേണ്ട വോട്ടുകള്‍ എന്‍ ഡി എക്ക് പോകാനിടയായതെന്നത് സമഗ്ര പഠനം നടത്തുകയും അണികളെ പാര്‍ട്ടികളില്‍ ഉറപ്പിച്ചു നിര്‍ത്താനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കുകയും വേണം. എന്‍ ഡി എയുടെ ആശയങ്ങളോടുള്ള താത്പര്യമോ അനുകൂല നിലപാടോ അല്ല പലയിടത്തും വോട്ട് മറിയാനിടയാക്കിയത്. എല്‍ ഡി എഫിന്റെ ആധിപത്യത്തിലായിരുന്ന തിരുവനന്തപുരം കോര്‍പറേഷന്‍ നഷ്ടമായത് നിലവിലെ കോര്‍പറേഷന്‍ ഭരണത്തോടുള്ള അതൃപ്തിയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ കാഴ്ചപ്പാട്. പ്രായം കുറഞ്ഞ മേയറെന്ന ലേബലില്‍ സി പി എം രംഗത്തിറക്കിയ ആര്യാ രാജേന്ദ്രന്‍ ഭരണ രംഗത്ത് കാര്യക്ഷമമല്ലെന്ന് തുടക്കം മുതലേ അഭിപ്രായമുയര്‍ന്നിരുന്നു. ഇക്കാര്യത്തില്‍ ജനവികാരം മാനിച്ചുള്ള രാഷ്ട്രീയ നീക്കവും തിരുത്തലും പാര്‍ട്ടിയുടെ ഭാഗത്ത് നിന്നുണ്ടായില്ല.
കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിലെ ഫലം നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിലേക്കുള്ള ചൂണ്ടുപലകയായാണ് നിരീക്ഷിക്കപ്പെടുന്നതെങ്കിലും ഭരണം ജനകീയമാക്കി തിരിച്ചുവരവിന് എല്‍ ഡി എഫിന് അവസരമില്ലാതില്ല. ജനവിധി കണക്കുകൂട്ടലുകള്‍ക്കപ്പുറം കാലത്തിന്റെ മനസ്സാക്ഷിയാണ്. ഭരണത്തിലിരിക്കുന്ന കക്ഷിക്കോ മുന്നണിക്കോ എതിരായ ജനവികാരം പെട്ടെന്ന് ഉയര്‍ന്നു വരുന്നതല്ല. വര്‍ഷങ്ങളായി അടിഞ്ഞു കൂടുന്ന അസന്തോഷത്തിന്റെയും അസംതൃപ്തിയുടെയും രാഷ്ട്രീയ രൂപമാണത്.

അന്തിമ വിധിയല്ല തിരഞ്ഞെടുപ്പ് ഫലം. ശക്തമായ താക്കീതാണ്. ഭരണത്തിന്റെ ശൈലിയും സമീപനവും തിരുത്താനുള്ള മുന്നറിയിപ്പ്. ജനവിധിയില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് പ്രവര്‍ത്തന ശൈലിയില്‍ മാറ്റം വരുത്താനും ജനവികാരം കണക്കിലെടുത്ത് മുന്നേറാനും സര്‍ക്കാര്‍ സന്നദ്ധമാകേണ്ടതുണ്ട്. “അധികാരം സ്ഥിരമല്ല, ജനവിശ്വാസമാണ് ഭരണത്തിന്റെ അടിത്തറ’യെന്ന സന്ദേശമാണ് തിരഞ്ഞെടുപ്പ് ഫലം നല്‍കുന്നത്. ഈ സന്ദേശം തദ്ദേശ സ്ഥാപനങ്ങളില്‍ അധികാരത്തിലേറാന്‍ പോകുന്ന ഐക്യമുന്നണിക്കും ബാധകമാണ്. ഇടുങ്ങിയ കക്ഷി രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ക്കപ്പുറം ജനങ്ങളെ മൊത്തം കണക്കിലെടുത്തു കൊണ്ടുള്ള നിലപാടുകളായിരിക്കണം സ്വീകരിക്കേണ്ടത്.

Latest