Connect with us

election commission of india

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമല്ലെന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീംകോടതിയില്‍

പുതിയ വോട്ടര്‍മാരെ ചേര്‍ക്കുന്നതിനും നേരത്തെയുള്ളവരുടെ രേഖകള്‍ പുതുക്കുന്നതിനുമുള്ള ഫോമുകളില്‍ മാറ്റങ്ങള്‍ വരുത്തുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

Published

|

Last Updated

ന്യൂഡല്‍ഹി | വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമല്ലെന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍. പൊതുതാത്പര്യ ഹരജിക്കുള്ള മറുപടിയായാണ് കമ്മീഷന്‍ സുപ്രീംകോടതിയില്‍ ഇക്കാര്യം അറിയിച്ചത്.

പുതിയ വോട്ടര്‍മാരെ ചേര്‍ക്കുന്നതിനും നേരത്തെയുള്ളവരുടെ രേഖകള്‍ പുതുക്കുന്നതിനുമുള്ള ഫോമുകളില്‍ മാറ്റങ്ങള്‍ വരുത്തുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. 2022 ലെ വോട്ടര്‍മാരുടെ രജിസ്‌ട്രേഷന്‍ (ഭേദഗതി) നിയമ പ്രകാരം റൂള്‍ 26 ബിയില്‍ വ്യക്തത വരുത്തണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.

ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ ബി പര്‍ദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് പൊതുതാത്പര്യ ഹര്‍ജിയില്‍ വാദം കേട്ടത്. വോട്ടര്‍ ആകാന്‍ 12 അക്ക ആധാര്‍ നമ്പര്‍ ആവശ്യമില്ലെന്നും ഇക്കാര്യത്തില്‍ വ്യക്തത വരുത്തണമെന്നും ആവശ്യപ്പെട്ട് ജി നിരഞ്ജന്‍ എന്നയാളാണ് പൊതുതാത്പര്യ ഹരജി നല്‍കിയത്. ഫെബ്രുവരി 27ന് നല്‍കിയ പൊതുതാത്പര്യ ഹരജിയില്‍ സുപ്രീം കോടതി തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയക്കുകയായിരുന്നു.

റൂള്‍ 26 ബി പ്രകാരം വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ നേരത്തെ ആധാര്‍ നമ്പര്‍ വേണമായിരുന്നു. എന്നാല്‍ 2022 ലെ ഭേദഗതി പ്രകാരം വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ആധാര്‍ നമ്പര്‍ നിര്‍ബന്ധമല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ അറിയിച്ചു. അതിനായി ഫോം 6, ഫോം 6 ബി എന്നിവയില്‍ മാറ്റം വരുത്തുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. അതേസമയം വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ ഇതിനകം 66 കോടി ആധാര്‍ നമ്പറുകള്‍ അപ്ലോഡ് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനു വേണ്ടി ഹാജരായ അഭിഭാഷകന്‍ സുകുമാര്‍ പട്‌ജോഷി പറഞ്ഞു.