Connect with us

Kerala

കോഴിക്കോട് വയോധികയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട് മോഷണം; പ്രതി മഹാരാഷ്ട്രയില്‍ പിടിയില്‍

പ്രതിയെ കോഴിക്കോടേക്ക് എത്തിക്കും

Published

|

Last Updated

കോഴിക്കോട്| കോഴിക്കോട് ട്രെയിനില്‍ നിന്നും വയോധികയെ തള്ളിയിട്ട് പണമടങ്ങുന്ന ബാഗ് കൊള്ളയടിച്ച കേസിലെ പ്രതി മഹാരാഷ്ട്രയില്‍ പിടിയില്‍. മഹാരാഷ്ട്രയിലെ പന്‍വേലില്‍ നിന്നാണ് മോഷ്ടാവിനെ പിടികൂടിയത്. പ്രതിയെ കോഴിക്കോടേക്ക് എത്തിക്കും. വയോധികയുമായുള്ള പിടിവലിക്കിടെ ഇവര്‍ക്കൊപ്പം ട്രെയിനില്‍ നിന്ന് പുറത്തുവീണ പ്രതി ബാഗ് കൊള്ളയടിച്ച ശേഷം കോഴിക്കോട് നിന്ന് മറ്റൊരു ട്രെയിനില്‍ കയറി സംസ്ഥാനത്തിന് പുറത്തേക്ക് കടക്കുകയായിരുന്നു. ഇയാളുടെ യഥാര്‍ത്ഥ വ്യക്തിവിവരങ്ങള്‍ തിരിച്ചറിയാനായിട്ടില്ല. ആക്രമണത്തില്‍ തലയ്ക്ക് സാരമായി പരുക്കേറ്റ സ്ത്രീ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി.സമ്പര്‍ക്കക്രാന്തി എക്സ്പ്രസില്‍ എസ് വണ്‍ കോച്ചില്‍ യാത്ര ചെയ്യുകയായിരുന്ന അമ്മിണിയാണ് ഇന്നലെ പുലര്‍ച്ചെ ആക്രമിക്കപ്പെട്ടത്.

ട്രെയിന്‍ കോഴിക്കോട് എത്താറായപ്പോള്‍ പുലര്‍ച്ചെ നാലരയോടെ ശുചിമുറിക്ക് സമീത്ത് വെച്ച് ഇവരുടെ ബാഗ് മോഷ്ടാവ് തട്ടിപ്പറിച്ചു. തടുക്കാന്‍ ശ്രമിക്കുന്നതിനിടെ അമ്മിണിയെ മോഷ്ടാവ് ചവിട്ടി ട്രെയിനിന് പുറത്തേക്ക് തള്ളിയിട്ടു. അമ്മിണിക്കൊപ്പമുണ്ടായിരുന്ന സഹോദരന്‍ ബഹളം വെച്ചതോടെ സഹയാത്രികര്‍ അപായ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തിച്ചു. ട്രാക്കിലേക്ക് അമ്മിണി വീണതിന് പിന്നാലെ ഇതുവഴി മറ്റൊരു ട്രെയിന്‍ കടന്നുപോയി. ഭാഗ്യം കൊണ്ടാണ് അമ്മിണിക്ക് ജീവന്‍ തിരിച്ചുകിട്ടിയത്.

ട്രെയിനില്‍ നിന്ന് താഴെ വീണ അമ്മിണിയുടെ തലയ്ക്ക് നാല് തുന്നലുണ്ട്. സഹോദരിയുടെ ഭര്‍ത്താവിന്റെ മരണാനന്തര ചടങ്ങിന് മുംബൈയില്‍ പോയി തൃശ്ശൂരിലേക്ക് മടങ്ങുകയായിരുന്നു ഇവര്‍. ബാഗില്‍ 8000 രൂപയും മൊബൈല്‍ ഫോണും ഉണ്ടായിരുന്നു. കോഴിക്കോട് റെയില്‍വേ പോലീസ് കേസെടുത്തതിന് പിന്നാലെ അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്ക് വ്യാപിപ്പിച്ചിരുന്നു.

 

 

 

---- facebook comment plugin here -----

Latest