Connect with us

Uae

അംഗോളയിലേക്ക് എട്ട് ലക്ഷം ഡോസ് അവശ്യ മരുന്നുകള്‍; കൈത്താങ്ങായി ബുര്‍ജീല്‍ ഹോള്‍ഡിങ്സ്-എ ഡി പോര്‍ട്‌സ് മാരിടൈം മെഡിക്കല്‍ സംരംഭം 'ഡോക്ടൂര്‍'

ആന്റിബയോട്ടിക്കുകള്‍, വേദന സംഹാരികള്‍, വിട്ടുമാറാത്ത രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ എന്നിവ ഉള്‍പ്പെടുന്ന കിറ്റ് അംഗോള ആരോഗ്യ മന്ത്രാലയത്തിന് ഔദ്യോഗികമായി കൈമാറി.

Published

|

Last Updated

അംഗോളന്‍ ആരോഗ്യ മന്ത്രി ഡോ. സില്‍വിയ ലുട്ടക്റ്റയ്ക്ക് ബുര്‍ജീല്‍ ഹോള്‍ഡിങ്സ് കോ-സി ഇ ഒ. സഫീര്‍ അഹമ്മദും എഡി പോര്‍ട്ട് ഉദ്യോഗസ്ഥരും ചേര്‍ന്ന് മരുന്നുകള്‍ കൈമാറുന്നു.

ലുവാണ്ട | ആഫ്രിക്കന്‍ രാജ്യമായ അംഗോളയിലെ ആരോഗ്യമേഖല ശക്തിപ്പെടുത്തുന്നതിന് കൈത്താങ്ങായി എട്ട് ലക്ഷത്തിലധികം അവശ്യ ഗുളികകള്‍ സംഭാവനയായി നല്‍കി ബുര്‍ജീല്‍ ഹോള്‍ഡിങ്‌സ്-എഡി പോര്‍ട്‌സ് (അബൂദബി പോര്‍ട്‌സ്) സംയുക്ത സംരംഭമായ ‘ഡോക്ടൂര്‍’. യു എ ഇ പ്രസിഡന്റിന്റെ അംഗോള സന്ദര്‍ശന വേളയില്‍ ആരോഗ്യ മേഖലയിലെ സഹകരണം ശക്തമാക്കിയാണ് സഹായം. അംഗോളയിലെ ലുവാണ്ടയില്‍ നടന്ന ചടങ്ങില്‍ ആന്റിബയോട്ടിക്കുകള്‍, വേദന സംഹാരികള്‍, വിട്ടുമാറാത്ത രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ എന്നിവ ഉള്‍പ്പെടുന്ന കിറ്റ് അംഗോള ആരോഗ്യ മന്ത്രാലയത്തിന് ഔദ്യോഗികമായി കൈമാറി. അംഗോളന്‍ ആരോഗ്യ മന്ത്രി ഡോ. സില്‍വിയ ലുട്ടക്റ്റയ്ക്ക് ബുര്‍ജീല്‍ ഹോള്‍ഡിങ്സ് കോ-സി ഇ ഒ. സഫീര്‍ അഹമ്മദാണ് മരുന്നുകള്‍ കൈമാറിയത്. ഇരു രാജ്യങ്ങളില്‍ നിന്നുമുള്ള വിശിഷ്ട വ്യക്തികള്‍ ചടങ്ങില്‍ പങ്കെടുത്തു.

പ്രമേഹം, ബാക്റ്റീരിയല്‍ ഇന്‍ഫെക്ഷന്‍, അലര്‍ജികള്‍, രക്താതിമര്‍ദം, ഹൃദ്രോഗങ്ങള്‍ എന്നിവയ്ക്കുള്ള മരുന്നുകള്‍ ഇതിലുള്‍പ്പെടുന്നു. അംഗോളയുടെ വിവിധ ഭാഗങ്ങളില്‍ ആരോഗ്യസേവനം ആവശ്യാനുസരണം എത്തിക്കാന്‍ ഇതിലൂടെ സാധിക്കും. ‘ഡോക്ടൂറുമായുള്ള സഹകരണം രാജ്യത്തെ ആരോഗ്യ ശൃംഖലയെ ശക്തിപ്പെടുത്താന്‍ സഹായിക്കും. ഇതിലൂടെ ഞങ്ങളുടെ സമൂഹങ്ങളുടെ ആരോഗ്യ ആവശ്യങ്ങള്‍ നിറവേറ്റാനും ദീര്‍ഘകാലാടിസ്ഥാനത്തില്‍ വികസനം കൊണ്ടുവരാനും സാധിക്കും’- അംഗോളന്‍ ആരോഗ്യമന്ത്രി അഭിപ്രായപ്പെട്ടു.

‘ഡോക്ടൂറിലൂടെ ആളുകള്‍ക്ക് മരുന്നുകളോടൊപ്പം പ്രതീക്ഷയും ഉറപ്പും നല്‍കുകയാണ് ലക്ഷ്യം. അംഗോളയിലെ ആരോഗ്യ മന്ത്രാലയവുമായുള്ള സഹകരണം മേഖലയിലെ ആരോഗ്യ സംരക്ഷണം മെച്ചപ്പെടുത്തുന്നതിലേക്കുള്ള ചുവടുവെപ്പാണ്’- സഫീര്‍ അഹമ്മദ് പറഞ്ഞു.

ധാരാണാപാത്രത്തില്‍ ഒപ്പുവച്ച് ‘ഡോക്ടൂര്‍’
അംഗോളയില്‍ ആരോഗ്യ സംരക്ഷണം മെച്ചപ്പെടുത്തുക, ആധുനിക മെഡിക്കല്‍ സൗകര്യങ്ങള്‍ ഒരുക്കുക, വിതരണ ശൃംഖല ശക്തിപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെ ഡോക്ടൂറും അംഗോളന്‍ ആരോഗ്യ മന്ത്രാലയവും ധാരാണാപാത്രത്തില്‍ ഒപ്പിട്ടു. സഫീര്‍ അഹമ്മദ്, എ ഡി പോര്‍ട്‌സ് റീജ്യണല്‍ സി ഇ ഒ. മുഹമ്മദ് ഈദ അല്‍ മെന്‍ഹാലി എന്നിവരുടെ സാന്നിധ്യത്തില്‍ ഒപ്പിട്ട ധാരണയുടെ ഭാഗമായി. ആരോഗ്യ മേഖലയില്‍ അഭിവൃദ്ധിക്കായുള്ള തുടര്‍ നടപടികള്‍ ഉണ്ടാവും. തിരഞ്ഞെടുക്കപ്പെട്ട ആശുപത്രികളുടെ സംയുക്ത വികസനവും നടത്തിപ്പും ധാരണയില്‍ ഉള്‍പ്പെടുന്നു. കാര്യക്ഷമതയും സുതാര്യതയും വര്‍ധിപ്പിക്കുന്നതിനായി ലോജിസ്റ്റിക്‌സുമായി ബന്ധപ്പെട്ട ആരോഗ്യ സേവനങ്ങളുടെ ഡിജിറ്റലൈസേഷനും പങ്കാളിത്തത്തിന്റെ ഭാഗമായി നടത്തും. അംഗോളയിലും ആഫ്രിക്കയിലുടനീളമുള്ള മറ്റ് വിപണികളിലുമുള്ള അധിക അവസരങ്ങള്‍ കണ്ടെത്താനും ശ്രമിക്കും.

ഡോ. ഷംഷീറിന്റെ നേതൃത്വത്തില്‍ എഡി പോര്‍ട്‌സും ബുര്‍ജീല്‍ ഹോള്‍ഡിങ്‌സും സംയുക്തമായാണ് ഡോക്ടൂര്‍ രൂപവത്കരിച്ചത്. പദ്ധതിയുടെ ആരോഗ്യ വികസന പ്രവര്‍ത്തനങ്ങളുടെ പ്രധാന ചുവടുവെപ്പാണ് അംഗോളന്‍ ആരോഗ്യ മന്ത്രാലയവുമായുള്ള ധാരണ. ലോജിസ്റ്റിക്‌സ്, മോഡുലാര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍, പരിശീലനം, എമര്‍ജന്‍സി റെസ്‌പോണ്‍സ് എന്നിവ സംയോജിപ്പിക്കുന്ന സമഗ്ര പ്ലാറ്റ്‌ഫോമായ ഡോക്ടൂര്‍ ആഫ്രിക്കയിലാണ് നിലവില്‍ പ്രധാനമായും പ്രവര്‍ത്തിക്കുന്നത്. ഭാവിയില്‍ ലോകമെമ്പാടും സേവനങ്ങള്‍ എത്തിക്കുകയാണ് ലക്ഷ്യം.

 

 

 

Latest