Kozhikode
ഈജിപ്ത് ഔഖാഫും ജാമിഅ മര്‍കസും വൈജ്ഞാനിക സഹകരണം ശക്തിപ്പെടുത്താന്‍ ധാരണ
ഈജിപ്ത് ഗ്രാന്‍ഡ് മുഫ്തിയുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തിയുടെ പ്രതിനിധി.

ഈജിപ്ത് ഗ്രാന്‍ഡ് മുഫ്തി ഡോ. നാസിര്‍ അയ്യദിന് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തിയുടെ ഉപഹാരം പ്രതിനിധി അബ്ദുല്ല സഖാഫി മലയമ്മ കൈമാറുന്നു.
കോഴിക്കോട് | കൈറോയില്‍ നടന്ന ആഗോള ഫത്വാ സമ്മേളനത്തില്‍ ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ പ്രതിനിധിയായി പങ്കെടുത്ത അബ്ദുല്ല സഖാഫി മലയമ്മ, ഈജിപ്ത് ഗ്രാന്‍ഡ് മുഫ്തി ഡോ. നാസിര്‍ അയ്യദുമായി കൂടിക്കാഴ്ച നടത്തി. ഈജിപ്ത് ഔഖാഫും ജാമിഅ മര്‍കസും നിലവിലുള്ള അക്കാദമിക സഹകരണം വിപുലപ്പെടുത്താനും സംയുക്ത വൈജ്ഞാനിക പദ്ധതികള്‍ ആരംഭിക്കാനും സംഗമത്തില്‍ ധാരണയായി.
ഈജിപ്ത് ഔഖാഫുമായി സഹകരിച്ച് വിവിധ വിഷയങ്ങളില്‍ ഓണ്‍ലൈന്‍ സെമിനാറുകളും പരിശീലനങ്ങളും ജാമിഅ മര്‍കസ് ഇപ്പോള്‍ ആവിഷ്‌കരിച്ചു വരുന്നുണ്ട്. ശൈഖ് അബൂബക്കര്‍ അഹ്മദിന്റെ നേതൃത്വത്തില്‍ നടത്തുന്ന വിദ്യാഭ്യാസ-സാമൂഹിക സേവനങ്ങളില്‍ സന്തോഷം രേഖപ്പെടുത്തിയ ഡോ. നാസിര്‍ അയ്യദ് ജാമിഅ മര്‍കസുമായി ചേര്‍ന്ന് കൂടുതല്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിലും ഇന്ത്യ സന്ദര്‍ശിക്കുന്നതിലും താത്പര്യം പ്രകടിപ്പിച്ചു. നിലവില്‍ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ നിലനില്‍ക്കുന്ന മികച്ച നയതന്ത്രബന്ധം വിദ്യാഭ്യാസ-സാംസ്‌കാരിക കൈമാറ്റങ്ങള്‍ക്കും കരാറുകള്‍ക്കും ഏറെ ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തിയുടെ സന്ദേശവും ഉപഹാരവും ഗ്രാന്‍ഡ് മുഫ്തിക്ക് കൈമാറി.
പ്രസിഡന്റ് അബ്ദുല്‍ അസ്സീസിയുടെ മേല്‍നോട്ടത്തില്‍ ‘ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കാലത്തെ മുഫ്തിയുടെ ധര്‍മം’ എന്ന പ്രമേയത്തില്‍ നടന്ന സമ്മേളനത്തിനു ശേഷമാണ് ഗ്രാന്‍ഡ് മുഫ്തിയുമായി പ്രത്യേക കൂടിക്കാഴ്ച നടന്നത്. ജാമിഅ മര്‍കസ് കോളജ് ഓഫ് ഇസ്‌ലാമിക് തിയോളജി മേധാവിയും അറബ് മാധ്യമങ്ങളിലെ കോളമിസ്റ്റുമായ അബ്ദുല്ല സഖാഫി സമ്മേളനത്തിലെ ഒന്നാംദിവസ സെഷനില്‍ മോഡറേറ്ററായിരുന്നു.
ഈജിപ്ത് മതകാര്യ വകുപ്പ് മന്ത്രി ഡോ. ഉസാമ അല്‍ അസ്ഹരി, അല്‍ അസ്ഹര്‍ യൂണിവേഴ്സിറ്റി മീഡിയ ഓഫീസ് ഡയറക്ടര്‍ സഅദുല്‍ മത്അനി, പ്രമുഖ ഈജിപ്ഷ്യന്‍ പത്രമായ അല്ലിവാഉല്‍ ഇസ്‌ലാമി മാനേജിംഗ് ഡയറക്ടര്‍ ഡോ. ഹാസിം അബ്ദു, അല്‍ അഹ്ബാര്‍ എഡിറ്റര്‍ ളിയാഉ-അബുസ്വഫ തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖരുമായി ഗ്രാന്‍ഡ് മുഫ്തിയുടെ പ്രതിനിധി കൂടിക്കാഴ്ച നടത്തുകയും സന്ദേശം കൈമാറുകയും ചെയ്തു.