local body election 2025
എടയൂർ ഡിവിഷൻ മാറി, കൊളത്തൂരായി; പോരാട്ട വീര്യം കുറയാതെ മുന്നണികൾ
ഡിവിഷന്‍ ഉൾപ്പെടുന്ന മൂർക്കനാട്, പുലാമന്തോൾ പഞ്ചായത്തുകൾ നിലവിൽ എൽ ഡി എഫ് ഭരണം നടത്തുന്നവയാണ്.
കൊളത്തൂർ | ജില്ലാ പഞ്ചായത്ത് കൊളത്തൂർ ഡിവിഷനിൽ പോരാട്ട വീര്യം കുറയാതെ മുന്നണികൾ. നേരത്തെയുണ്ടായിരുന്ന എടയൂർ ഡിവിഷൻ മാറി കൊളത്തൂർ ഡിവിഷൻ പുതുതായി രൂപവത്കരിച്ചതാണ്. മങ്കട ബ്ലോക്കിലെ വെങ്ങാട്, കൊളത്തൂർ, കുറുപ്പത്താൽ, ചേണ്ടി, പടപ്പറമ്പ് ഡിവിഷനുകളും പെരിന്തൽമണ്ണ ബ്ലോക്കിലെ പുലാമന്തോൾ, കുരുവമ്പലം ഡിവിഷനുകളും മലപ്പുറം ബ്ലോക്കിലെ ചേങ്ങോട്ടൂർ ഡിവിഷനും ഉൾപ്പെട്ടതാണ് ജില്ലാ പഞ്ചായത്ത് കൊളത്തൂർ ഡിവിഷൻ.
ഡിവിഷന്‍ ഉൾപ്പെടുന്ന മൂർക്കനാട്, പുലാമന്തോൾ പഞ്ചായത്തുകൾ നിലവിൽ എൽ ഡി എഫ് ഭരണം നടത്തുന്നവയാണ്. കുറുവ പഞ്ചായത്ത് ഒപ്പത്തിനൊപ്പവും പൊന്മള പഞ്ചായത്ത് യു ഡി എഫിനൊപ്പവുമാണ്. കൊളത്തൂർ ഡിവിഷന്റെ കന്നി തിരഞ്ഞെടുപ്പിന് യു ഡി എഫ് രംഗത്തിറക്കിയിരിക്കുന്നത് കോണി ചിഹ്നത്തിൽ മുസ്്ലിം ലീഗിലെ ഫൗസിയ പെരുമ്പള്ളിയെയാണ്. കഴിഞ്ഞ തവണ മങ്കട ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷയായിരുന്നു. ലഹരി നിർമാർജന സമിതി വനിതാ വിംഗിന്റെ ജില്ലാ വൈസ് പ്രസിഡന്റ്, മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ രക്ഷിതാക്കളുടെ കൂട്ടായ്മയായ പരിവാർ ജില്ലാ രൂപവത്കരണ സമിതി അംഗം, വൈസ് പ്രസിഡന്റ്, ശ്രീനാരായണ ഗുരു ഓപൺ യൂനിവേഴ്സിറ്റിയും കിലയും സംയുക്തമായി നടത്തിയ (അധികാര വികേന്ദ്രീകരണം പ്രാദേശിക ഭരണനിർവഹണം ) പരീക്ഷയിൽ സംസ്ഥാനത്ത് രണ്ടാം റാങ്കുകാരി എന്നിവ നേട്ടങ്ങളാണ്.
എൽ ഡി എഫിന് വേണ്ടി സി പി എമ്മിലെ പി കെ ഷബീബയാണ് അംഗത്തിനുള്ളത്. കുറുവ പഞ്ചായത്തിലെ സൗത്ത് പാങ്ങിൽ താമസം.
2020ൽ മങ്കട ബ്ലോക്ക് പഞ്ചായത്തിൽ പാങ്ങ് ഡിവിഷനിൽ എൽ ഡി എഫ് സ്ഥാനാർഥിയായി മത്സരിച്ചു. സി പി എം സൗത്ത് പാങ്ങ് ബ്രാഞ്ച് കമ്മിറ്റി അംഗമാണ്. ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറിയറ്റംഗം, ജനാധിപത്യ മഹിളാ അസ്സോസിയേഷൻ മങ്കട ഏരിയാ കമ്മിറ്റി അംഗമാണ്. കാലടി സംസ്കൃത സർവകലാശാലയിൽനി ന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടി. പി കെ കൃഷ്ണപ്രിയയാണ് എൻ ഡി എ സ്ഥാനാർഥി.


