theliyolam
ആ ഒരു ഉരുള ഇപ്പോൾ തന്നെ കഴിച്ചോളു
ഓരോ പിടി ചോറും അവസാനത്തേത് പോലെ പരിഗണിച്ചാൽ അവസാനം വരെ ആ ഊണ് ആസ്വദിക്കാം

ഊൺ കഴിക്കുമ്പോൾ നിങ്ങളുടെ ഏത് ഉരുളയാണ് ഏറ്റവും രുചികരമായതെന്ന് ചിന്തിച്ചിട്ടുണ്ടോ? അധികമാളുകൾക്കും ഇതിൽ വലിയ സംശയം ഉണ്ടാകില്ല. അവസാനം കഴിക്കാൻ വേണ്ടി മാറ്റി വെച്ച പാത്രത്തിലെ പ്രധാന വിഭവം ചേർത്തു കഴിക്കുന്ന ആ ഒരു ഉരുള അല്ലേ! ഒന്ന് ആലോചിച്ചു നോക്കൂ. ഒരു പ്ലേറ്റ് ബിരിയാണി വന്നാൽ നമ്മൾ അത് എങ്ങനെയാ കഴിക്കാറ്. ആദ്യം ഒരു ഉരുള റൈസ് കഴിക്കും. പിന്നെ സാലഡ് കഴിക്കും, ഒരുപക്ഷേ എന്തെങ്കിലും സൈഡ് ഡിഷ് കഴിക്കും, പിന്നെ ശ്രദ്ധയോടെ പാത്രത്തിൽ മൂലക്ക് വെച്ച എല്ല് ചേർത്ത ഒരു കഷ്ണം ഇറച്ചി എടുക്കും.
നന്നായി മസാല പിടിച്ചുകണ്ടാൽ വേഗം കഴിക്കാൻ തോന്നുന്ന ആ നല്ല കഷണം ഇറച്ചി അവസാന ഉരുളയ്ക്കായി മാറ്റിവെക്കും. ഭക്ഷണ ശാസ്ത്രത്തിൽ എല്ലാവരും തെറ്റാതെ പരിഹരിക്കുന്ന ഒരു ഗണിതപ്രശ്നമാണിത്. ഊണുമേശയിലെ ഈ ഗണിതം നമ്മുടെ ജീവിതത്തിൽ ഉടനീളവും ഉണ്ട് എന്നതാണ് സത്യം. അനുഭവിക്കാനുള്ള സുഖസന്തോഷങ്ങൾ അവസാന നിമിഷത്തേക്ക് മാറ്റിവെക്കുന്ന അൽപ്പം ഭാവന കലർന്ന ഒരു രസികൻ മണ്ടത്തരം.
ജീവിതം എപ്പോഴും ഇത്തരം കണക്കുകൂട്ടലിനോട് ദയ കാണിക്കില്ല എന്നറിയണം. ചിലപ്പോൾ നിങ്ങളുടെ തൊട്ടടുത്തിരുന്ന് കഴിക്കുന്ന സുഹൃത്ത് ഒരു ദാക്ഷിണ്യവുമില്ലാതെ, പുഞ്ചിരിയോടെ നിങ്ങൾ മാറ്റിവെച്ച ആ കഷണം എടുത്ത് കഴിച്ചിട്ട് “ഓ, ഞാൻ അത് നിനക്ക് വേണ്ടാഞ്ഞിട്ട് വെച്ചതാണെന്ന് കരുതി!’ എന്ന് പറഞ്ഞേക്കാം. ചിലപ്പോൾ നിങ്ങൾ ആ അവസാന നീക്കം നടത്തുന്നതിന് മുമ്പ് ടേബിൾ ക്ലീൻ ചെയ്യുന്ന പയ്യൻ പ്ലേറ്റ് എടുത്തുകൊണ്ടു പോകുന്ന “ഏറ്റവും ക്രൂരമായ ദുരന്തം’ സംഭവിച്ചേക്കാം. അതുമല്ലെങ്കിൽ വായിലേക്ക് കൊണ്ടുപോയ ആ അവസാന ഉരുള കൈയിൽ നിന്ന് താഴെ വീണ് പോയേക്കാം.
ഈ ചെറിയ ശീലത്തിന് മനഃശാസ്ത്രജ്ഞർക്ക് ഒരു വിശദീകരണമുണ്ട്. അവർ ഇതിനെ “പീക്ക് എൻഡ് റൂൾ’ എന്നാണ് വിളിക്കുന്നത്. നാം നമ്മുടെ അനുഭവങ്ങൾ ഓർമിക്കുന്നത് അവ എത്ര നേരം നീണ്ടുനിൽക്കുന്നു എന്നതിലല്ല, മറിച്ച് അവ എങ്ങനെ അവസാനിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ്. അതുകൊണ്ടാണ് അവസാനത്തെ ഉരുള മുഴുവൻ ഭക്ഷണത്തിന്റെയും കിരീടമായി മാറുന്നത്. ഭക്ഷണം നന്നായി കഴിക്കുമ്പോൾ മാന്ത്രികമായി അതിന്റെ രുചി അനുഭവപ്പെടുന്നുണ്ടെങ്കിലും അതേ ശക്തിയിൽ നിങ്ങൾ ഒടുവിൽ കഴിക്കാൻ കരുതിയ ആ നല്ല ഭാഗം അടുത്തയാൾ എടുക്കുമ്പോൾ നിങ്ങളുടെ ആ ഭക്ഷണാനുഭവം നശിച്ചതായും തോന്നും.
ഏറ്റവും പ്രധാന പ്രശ്നമെന്താണെന്നാൽ ഈ ചെറിയ ശീലം നമ്മെ അവസാനം മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ പ്രേരിപ്പിക്കുന്നു, മധ്യഭാഗം ആസ്വദിക്കുന്നതിൽ നിന്ന് മാറ്റി നിർത്തുന്നു എന്നതാണ്. കഴിക്കുന്ന ഓരോ ഉരുളയും ശരിയായി ആസ്വദിക്കുന്നതിനുപകരം അവസാനത്തെ ആ ഒരു രുചിക്കായി നമ്മൾ കാത്തിരിക്കുകയാണ്. നോക്കൂ, ഓരോ പിടി ചോറും അവസാനത്തേത് പോലെ പരിഗണിച്ചാൽ അവസാനം വരെ നാം ആ ഊണ് ആസ്വദിക്കും. ആദ്യത്തെ ഉരുള ഒരു രാജകീയ ഉരുളയായി വായിലേക്ക് വെച്ച് രുചിക്കുക, പാത്രം പകുതിയാകുന്പോഴും അതേ തുല്യ സന്തോഷത്തോടെ ബാക്കിയുള്ള ഭക്ഷണം ആഘോഷിക്കുക. ഇനി അവസാനത്തെ കഷ്ണം ആരേലും തട്ടിപ്പറിച്ചാലും “ഹാ, ശരി, അത് നീ കഴിക്കടാ’ എന്ന് മനസ്സറിഞ്ഞ് നിങ്ങൾക്ക് പറയാനാകും, കാരണം ഇതിനകം ആ രുചി യാത്ര നിങ്ങൾ നന്നായി ആസ്വദിച്ചു കഴിഞ്ഞു.
ആത്യന്തികമായി, മനുഷ്യജീവിതത്തിന്റെ വലിയ തമാശകളാണ് ഈ അവസാന ഉരുള നഷ്ടത്തിന്റെ മനോവിഷമ സീരീസ്. നമ്മൾ എന്തെല്ലാം ആസൂത്രണം ചെയ്യുന്നു, അവ പിന്നേക്ക് പിന്നേക്ക് അതിന്റെ വലിയ സന്തോഷങ്ങൾ പ്രതീക്ഷിച്ച് ഒരു വശത്തേക്ക് മാറ്റിവെക്കുന്നു. വാരാന്ത്യത്തിലാകാം എന്ന് മനസ്സിൽ കരുതിയ എത്ര കാര്യങ്ങൾ നിങ്ങൾക്ക് പൂർത്തിയാക്കാനായി എന്ന് ആലോചിച്ചു നോക്കുക. മറ്റെന്തെല്ലാമോ ഇടയ്ക്കു കയറി വിചാരിച്ച ആ സന്തോഷകരമായ കാര്യങ്ങൾ നമുക്ക് നഷ്ടപ്പെടുകയല്ലേ പതിവ്.
ഇന്ന് അനുഭവിക്കാനുള്ള സന്തോഷം അതിനേക്കാൾ വലുത് പിന്നെ വരാനുള്ളതിനു വേണ്ടി മാറ്റിവെക്കുന്നതിൽ അർഥമില്ല. ജീവിതം ഗ്രാൻഡ് ഫിനാലെയിൽ അവതരിപ്പിക്കാനുള്ള മികച്ച പ്രകടനത്തിനുള്ള അവസരമല്ല. “സന്തോഷം ഒരു യാത്രയാണ്, ഒരു ലക്ഷ്യസ്ഥാനമല്ല.’ എന്ന മഹത് വചനം ഓർക്കാം. ഓരോ നിമിഷത്തിലും ആ നിമിഷം തരുന്ന ശരിയായ ആസ്വാദനത്തെ നഷ്ടപ്പെടുത്താതെ അനുഭവിക്കാൻ മനസ്സ് വെക്കാം. അപ്പോൾ നിങ്ങളുടെ അവസാന ചുവടുകളിൽ നിങ്ങളുടെ നീക്കിവെപ്പുകൾ മോഷ്ടിക്കുന്നവരോട് ചിരിക്കാനും ക്ഷമിക്കാനും ഒരുപക്ഷേ പങ്കിടുന്നതിലെ യഥാർഥ സന്തോഷം അറിയാനും അനുഭവിക്കാനും സാധിക്കുകയും ചെയ്യും.