Kuwait
തുര്‍ക്കിയിലെ ഭൂകമ്പം; കുവൈത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതര്‍
ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് വളരെ അകലെയാണ്.

കുവൈത്ത് സിറ്റി | തുര്‍ക്കിയിലും സിറിയയിലുമുണ്ടായ അതി ശക്തമായ ഭൂകമ്പവുമായി ബന്ധപ്പെട്ട് കുവൈത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യങ്ങള്‍ ഒന്നും തന്നെയില്ലെന്ന് കുവൈത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സയന്റിഫിക് റിസര്‍ച്ചിലെ (കിസിര്‍) സൂപ്പര്‍വൈസര്‍ ഡോ. അബ്ദുല്ല അല്‍ അന്‍സി വ്യക്തമാക്കി. ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് വളരെ അകലെയാണെന്നും അദ്ദേഹം പറഞ്ഞു.
തുര്‍ക്കി, സിറിയ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്നതും ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്നതുമായ രാജ്യമാണ് സഊദി അറേബ്യ. എന്നാല്‍ അവിടെ ഭൂകമ്പത്തിന്റെ പ്രകമ്പനമോ മറ്റോ അനുഭവപ്പെട്ടതായി ഇത് വരെ യാതൊരു റിപ്പോര്‍ട്ടുകളും ലഭിച്ചിട്ടില്ലെന്നും അബ്ദുല്ല അല്‍ അന്‍സി ചൂണ്ടിക്കാട്ടി.
ഭൂകമ്പമുണ്ടാകുന്ന അവസരങ്ങളില്‍ രാജ്യത്തെ എല്ലാ സര്‍ക്കാര്‍ ഏജന്‍സികളെയും സിവില്‍ ഡിഫന്‍സുമായി ബന്ധിപ്പിച്ചു കൊണ്ട് അടിയന്തര നടപടികളാണ് സ്വീകരിച്ചു വരുന്നത്. ഭൂകമ്പങ്ങള്‍ നിരീക്ഷിക്കുന്നതിനുള്ള ആധുനിക ഉപകരണങ്ങള്‍ തങ്ങളുടെ പക്കലുണ്ട്. ഭൂകമ്പം സംഭവിക്കുമ്പോള്‍ സിവില്‍ ഡിഫന്‍സ് വകുപ്പിന് തത്ക്ഷണം വിവരം കൈമാറും. കെട്ടിടങ്ങള്‍ക്കോ മറ്റു സൗകര്യങ്ങള്‍ക്കോ കേടുപാടുകള്‍ സംഭവിക്കുന്ന സാഹചര്യങ്ങളില്‍ പ്രത്യേകം നടപടിക്രമങ്ങളാണ് സ്വീകരിച്ചു വരുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഭൂകമ്പത്തെ തുടര്‍ന്ന് നാശനഷ്ടങ്ങള്‍ സംഭവിച്ച തുര്‍ക്കിയിലേക്ക് അടിയന്തര സഹായമെത്തിക്കാന്‍ അമീര്‍ ശൈഖ് നവാഫ് അല്‍ അഹമ്മദ് സബാഹ് ഉത്തരവ് പുറപ്പെടുവിച്ചു. തുര്‍ക്കിയിലേക്കും സിറിയയിലേക്കും കുവൈത്തിലെ വിവിധ ജീവകാരുണ്യ സംഘടനകളുടെ നേതൃത്വത്തിലും സഹായം എത്തിക്കുവാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്. തുര്‍ക്കിയിലെ ദുരന്ത മേഖലയില്‍ അകപ്പെട്ട കുവൈത്തികളെ രാജ്യത്തേക്ക് കൊണ്ടുവരുന്നതിന് പ്രത്യേക വിമാനം അയച്ചതായി വിദേശകാര്യ മന്ത്രി ശൈഖ് സാലിം അല്‍ അബ്ദുല്ല വ്യക്തമാക്കി.