Articles
ഇ-വേസ്റ്റ്: വെല്ലുവിളികളും സാധ്യതകളും
ആഗോള ഇ-മാലിന്യ വാര്‍ഷിക ഉത്പാദനം 2014ല്‍ 41.8 മില്യണ്‍ ടണ്‍ ആയിരുന്നത് 2019ല്‍ 53.6 മില്യണ്‍ ടണ്‍ ആയി ഉയര്‍ന്നിട്ടുണ്ട്. ഇത് 2030ല്‍ 75 മില്യണ്‍ ടണ്‍ ആകുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ആഗോള ഇ-മാലിന്യ ഉത്പാദനത്തില്‍ യു എസിനും ചൈനക്കും ജപ്പാനും പിന്നില്‍ നാലാം സ്ഥാനത്ത് ഇന്ത്യയാണ്. രാജ്യം ഇ-മാലിന്യ മാനേജ്‌മെന്റില്‍ കാര്യമായി ശ്രദ്ധ ചെലുത്തേണ്ടതിന്റെ ആവശ്യകതയിലേക്ക് ഈ കണക്കുകള്‍ സൂചന നല്‍കുന്നു.

മനുഷ്യ ജീവിതം ലളിതമാക്കുന്നതില്‍ നിത്യ ജീവിതത്തില്‍ നാം ഉപയോഗിച്ച് വരുന്ന ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്കുള്ള പങ്ക് വളരെ വലുതാണ്. കമ്പ്യൂട്ടര്‍ മുതല്‍ കാല്‍ക്കുലേറ്റര്‍ വരെയും എയര്‍ കണ്ടീഷണര്‍ മുതല്‍ അയണ്‍ ബോക്‌സ് വരെയുള്ള ഇലക്ട്രോണിക് ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍ ഇന്ന് സര്‍വസാധാരണമാണ്. സാങ്കേതികവിദ്യ മാറുന്നതും ചുരുങ്ങിയ ഉപയുക്തകാലപരിധിയും റിപയര്‍ സംവിധാനങ്ങളുടെ അപര്യാപ്തതയും ഇവയുടെ സര്‍വീസ് കാലാവധി പരിമിതപ്പെടുത്തുന്നുണ്ട്. ഉപയോഗശൂന്യമായ ഇത്തരം ഉപകരണങ്ങള്‍ ഇ-മാലിന്യങ്ങള്‍ എന്നാണ് അറിയപ്പെടുന്നത്. ഇവ അനുയോജ്യമായ രീതിയിലല്ലാതെ കൈകാര്യം ചെയ്യുക വഴിയുള്ള ആരോഗ്യ, പാരിസ്ഥിതിക, സാമൂഹിക, സാമ്പത്തിക ആഘാതങ്ങള്‍ ആഗോളതലത്തില്‍ ഇന്ന് ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്.
ആഗോള ഇ-മാലിന്യ വാര്‍ഷിക ഉത്പാദനം 2014ല്‍ 41.8 മില്യണ്‍ ടണ്‍ ആയിരുന്നത് 2019ല്‍ 53.6 മില്യണ്‍ ടണ്‍ ആയി ഉയര്‍ന്നിട്ടുണ്ട്. ഇത് 2030ല്‍ 75 മില്യണ്‍ ടണ്‍ ആകുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ആഗോള ഇ-മാലിന്യ ഉത്പാദനത്തില്‍ യു എസിനും ചൈനക്കും ജപ്പാനും പിന്നില്‍ നാലാം സ്ഥാനത്ത് ഇന്ത്യയാണ്. രാജ്യം ഇ-മാലിന്യ മാനേജ്‌മെന്റില്‍ കാര്യമായി ശ്രദ്ധ ചെലുത്തേണ്ടതിന്റെ ആവശ്യകതയിലേക്ക് ഈ കണക്കുകള്‍ സൂചന നല്‍കുന്നു.
നിലവിലെ ഇന്ത്യന്‍ അവസ്ഥ
ഇന്ത്യന്‍ സെല്ലുലാര്‍ ആന്‍ഡ് ഇലക്ട്രോണിക് അസ്സോസിയേഷന്‍ (ഐ സി ഇ എ) ആഗസ്റ്റ് 28ന് പ്രസിദ്ധീകരിച്ച റിപോര്‍ട്ട് പ്രകാരം ഇന്ത്യയില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ഇ-മാലിന്യങ്ങളില്‍ ശേഖരിക്കപ്പെടുന്നവയുടെ 90 ശതമാനവും പുനഃചംക്രമണം ചെയ്യപ്പെടുന്നവയുടെ 22 ശതമാനവും കൈകാര്യം ചെയ്യപ്പെടുന്നത് അനൗദ്യോഗിക അസംഘടിത മേഖലയിലാണ്. സാങ്കേതിക പരിജ്ഞാനത്തിന്റെയും ആധുനിക സംവിധാനങ്ങളുടെയും അഭാവം കാരണം നിരവധിയായ ആരോഗ്യ, പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ക്ക് ഇത് കാരണമാകുന്നുണ്ട്. അശാസ്ത്രീയമായും അശ്രദ്ധമായും കൂട്ടിയിടുന്ന ഇലക്ട്രോണിക് പാര്‍ട്ടുകളില്‍ നിന്ന് രാസമാലിന്യങ്ങള്‍ മണ്ണിലേക്കും ജലസ്രോതസ്സുകളിലേക്കുമെല്ലാം കലരാന്‍ സാഹചര്യമൊരുക്കുന്നു. കൂടാതെ ആരോമാറ്റിക് ഹൈഡ്രോ കാര്‍ബണുകള്‍, പോളി ക്ലോറിനേറ്റഡ് ബൈഫിനൈല്‍ പോലുള്ള ഓര്‍ഗാനിക് സംയുക്തങ്ങള്‍ വായു മലിനീകരണത്തിനും കാരണമാകുന്നു.
അമൂല്യ ലോഹങ്ങളായ ഗോള്‍ഡ്, പ്ലാറ്റിനം, പലേഡിയം, റുഥേനിയം, റോഡിയം, ഇറിഡിയം, കോപ്പര്‍, സില്‍വര്‍ എന്നിവയുടെയും മറ്റ് ലോഹങ്ങളായ ഇരുമ്പ്, ചെമ്പ്, അലൂമിനിയം, കൊബാള്‍ട്ട്, ഇന്‍ഡിയം, ജെര്‍മേനിയം, ആന്റിമണി തുടങ്ങിയവയുടെയും ചെറുതല്ലാത്ത അളവിലുള്ള സാന്നിധ്യം ഇത്തരം ഉത്പന്നങ്ങളിലുണ്ട്. വ്യവസായ ഉത്പാദന മേഖലയിലും സമ്പദ് വ്യവസ്ഥയിലും ഏറെ പങ്ക് വഹിക്കാനുള്ള ഇത്തരം പ്രകൃതി വിഭവങ്ങള്‍ പാഴായി പോകാന്‍ അശാസ്ത്രീയ മാര്‍ഗങ്ങള്‍ കാരണമാകുന്നുണ്ട്. കേന്ദ്ര സര്‍ക്കാര്‍ 2022ല്‍ കൊണ്ടുവന്ന ഇ -വേസ്റ്റ് മാനേജ്‌മെന്റ് റൂള്‍സ് ഈ രംഗത്ത് കമ്പ്യൂട്ടര്‍വത്കരണവും മാലിന്യ നീക്കത്തിലെ സുതാര്യതയും ഉറപ്പ് വരുത്താനുള്ള ചുവട് വെപ്പായി കാണാമെങ്കിലും ഏറെയൊന്നും മുന്നോട്ട് പോകാന്‍ കഴിഞ്ഞിട്ടില്ല.
നിര്‍ദേശങ്ങള്‍
ഇന്ത്യന്‍ സെല്ലുലാര്‍ ആന്‍ഡ് ഇലക്ട്രോണിക് അസ്സോസിയേഷന്‍ (ഐ സി ഇ എ) ആഗസ്റ്റ് 28ന് പ്രസിദ്ധീകരിച്ച റിപോര്‍ട്ടിലെ പ്രധാന നിര്‍ദേശങ്ങള്‍ ഇവയാണ്. ഇലക്ട്രോണിക് ഇലക്ട്രിക് ഉപകരണങ്ങളുടെ റിപയര്‍ സേവനം ഉത്പാദകന്റെ ഉത്തരവാദിത്വമാക്കുക. റിസൈക്ലിംഗിലൂടെ പരമാവധി മൂല്യം വീണ്ടെടുക്കുന്നതിനായി സാങ്കേതിക മികവുള്ള സ്ഥാപനങ്ങള്‍ തുടങ്ങുക. കൃത്യമായ വിവര ശേഖരണവും വിലയിരുത്തലും വഴി പ്രകൃതിവിഭവങ്ങള്‍ പാഴാവുന്നത് ഒഴിവാക്കുക. പൊതു, സ്വകാര്യ പങ്കാളിത്തത്തിലൂടെ റിവേഴ്‌സ് സപ്ലൈ ചെയിന്‍ സ്ഥാപിക്കുക. ഇ- വേസ്റ്റ് മാനേജ്‌മെന്റ് എന്നതിനെ സര്‍ക്കുലര്‍ സമ്പദ് വ്യവസ്ഥയായി പരിണമിപ്പിക്കുക.
അസംഘടിത മേഖലയില്‍ കൃത്യമായ ഇടപെടലുകളും പരിശീലനവും ബോധവത്കരണവും സാങ്കേതിക തികവുള്ള സ്ഥാപനങ്ങളുടെ സഹകരണവും സാധ്യമാക്കിയാല്‍ ഏഴ് ബില്യണ്‍ ഡോളര്‍ മാര്‍ക്കറ്റ് ഈ മേഖല വാഗ്ദാനം ചെയ്യുന്നതായി ഐ സി ഇ എ റിപോര്‍ട്ട് സമര്‍ഥിക്കുന്നു.
(ലേഖകന്‍ ഫാറൂഖ് കോളജ് രസതന്ത്ര വിഭാഗം അസി. പ്രൊഫസറാണ്)