Kerala
ഇ ഡി പ്രസാദ് നമ്പൂതിരി ശബരിമല മേല്‍ശാന്തി
സ്വര്‍ണ്ണപ്പാളി വിവാദത്തില്‍ ഉണ്ടായ അനിഷ്ടങ്ങള്‍ക്ക് ഭഗവാന്‍ തന്നെ പരിഹാരം കാണുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

പത്തനംതിട്ട | ശബരിമല മേല്‍ശാന്തിയായി ചാലക്കുടി കൊടകര വാസുപുരം മറ്റത്തൂര്‍കുന്ന് ഏറന്നൂര്‍ മനയില്‍ ഇ ഡി പ്രസാദ് നമ്പൂതിരിയെ തെരഞ്ഞെടുത്തു. എട്ടാം നറുക്കിലാണ് പ്രസാദ് മേല്‍ശാന്തിയായി തെരഞ്ഞെടുക്കപ്പെട്ടത്. മാളികപ്പുറം മേല്‍ശാന്തിയായി മനു നമ്പൂതിരിയെ തെരഞ്ഞെടുത്തു. മൈഥിലി വര്‍മയാണ് നറുക്കെടുത്തത്. കൊല്ലം സ്വദേശിയാണ് മനു നമ്പൂതിരി. എട്ടാം നറുക്കെടുപ്പിലൂടെയാണ് മാളികപ്പുറം മേല്‍ശാന്തിയേയും തെരഞ്ഞെടുത്തത്. രാവിലെ എട്ടേകാലോടെയാണ് ശബരിമല മേല്‍ശാന്തിയുടെ നറുക്കെടുപ്പ് നടന്നത്. പന്തളം കൊട്ടാരത്തിലെ കശ്യപ് വര്‍മയാണ് ശബരിമല മേല്‍ശാന്തിയുടെ നറുക്കെടുത്തത്. നിലവില്‍ ആറേശ്വരം ശ്രീധര്‍മശാസ്താ ക്ഷേത്രം മേല്‍ശാന്തിയാണ് പ്രസാദ്.
ശബരിമലയിലെ സ്വര്‍ണ്ണപ്പാളി വിവാദത്തില്‍ നിയുക്ത മേല്‍ശാന്തി ഇ ഡി പ്രസാദ് പ്രതികരിച്ചു. ഉണ്ടായ അനിഷ്ടങ്ങള്‍ക്ക് ഭഗവാന്‍ തന്നെ പരിഹാരം കാണുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അടുത്തൊരു കൊല്ലം കൂടുതല്‍ ജാഗ്രതയോടു കൂടി ആയിരിക്കും ശബരിമലയില്‍ പ്രവര്‍ത്തിക്കുക. സ്വര്‍ണ്ണം ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ കൈകാര്യം ചെയ്യുന്നതില്‍ ആ ജാഗ്രത ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശബരിമല മേല്‍ശാന്തിയായതില്‍ പറഞ്ഞറിയിക്കാനാവാത്ത സന്തോഷമുണ്ടെന്നും ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്‌നമാണ് ഇപ്പോള്‍ യാഥാര്‍ഥ്യമായിരിക്കുന്നത്. വൈകാതെ തന്നെ അയ്യപ്പ സന്നിധാനത്തിലേക്ക് എത്തുമെന്നും അദ്ദേഹം പറഞ്ഞു. മൂന്നാം തവണയാണ് ഇഡി പ്രസാദ് ശബരിമല മേല്‍ശാന്തിമാരെ തെരഞ്ഞെടുക്കുന്നതിനുള്ള പട്ടികയില്‍ വരുന്നത്. നേരത്തെ ചോറ്റാനിക്കര മേല്‍ശാന്തിയായിരുന്നു. കാവശേരി പരയ്ക്കാട്ട് കാവ് ക്ഷേത്രം തന്ത്രിയാണ്.
മറ്റു നിരവധി ക്ഷേത്രങ്ങളിലും തന്ത്രി ചുമതല വഹിക്കുന്നുണ്ട്. നിലവില്‍ ശബരിമലയിലെ സ്വര്‍ണക്കവര്‍ച്ച വിവാദങ്ങള്‍ നമ്മളെ ബാധിക്കുന്നതല്ലെന്നു നിയുക്ത മാളികപ്പുറം മേല്‍ശാന്തി എം ജി മനു നമ്പൂതിരിയും പ്രതികരിച്ചു. തന്നെ നിയോഗിച്ചിരിക്കുന്നത് പൂജാ കര്‍മ്മങ്ങള്‍ക്കാണെന്നും അദ്ദേഹം പറഞ്ഞു. വലിയ സന്തോഷമുണ്ടെന്നും ഏറെ നാളത്തെ കാത്തിരിപ്പായിരുന്നുവെന്നും നാലാം തവണ പ്രാര്‍ത്ഥന ഫലിച്ചുവെന്നും ശബരിമലയില്‍ മേല്‍ശാന്തിയാകണമെന്ന ആഗ്രഹം ബാക്കിയാണെന്നും ഇനിയും അപേക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.