Connect with us

National

ഇ അബൂബക്കറിന്റെ ആരോഗ്യാവസ്ഥ: റിപോര്‍ട്ട് നൽകാൻ എന്‍ ഐ എക്ക് ഡല്‍ഹി ഹൈക്കോടതി നിർദേശം

പരിശോധനക്ക് വേണ്ടി എയിംസിലെ ഡോക്ടര്‍മാരടങ്ങുന്ന മെഡിക്കല്‍ ബോര്‍ഡിനെ നിയോഗിക്കുകയും എന്താണ് ചെയ്യേണ്ടതെന്ന് അവര്‍ കോടതിയോട് നിര്‍ദേശിക്കുകയും ചെയ്യണം.

Published

|

Last Updated

ന്യൂഡല്‍ഹി | നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ മുന്‍ നേതാവ് ഇ അബൂബക്കറിന്റെ ആരോഗ്യാവസ്ഥ സംബന്ധിച്ച റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ എന്‍ ഐ എക്ക് ഡല്‍ഹി ഹൈക്കോടതി നിര്‍ദേശം നല്‍കി. ജസ്റ്റിസുമാരായ സിദ്ധാര്‍ഥ് മൃദുല്‍, തല്‍വന്ദ് സിംഗ് എന്നിവരടങ്ങിയ ബഞ്ചാണ് നിര്‍ദേശം നല്‍കിയത്. ഗൗരവതരമായ രോഗങ്ങളുള്ള വ്യക്തിയാണ് ഇ  അബൂബക്കറെന്നും അദ്ദേഹത്തിന്റെ മെഡിക്കല്‍ റിപ്പോര്‍ട്ട് തങ്ങള്‍ക്ക് ലഭ്യമായിട്ടില്ലെന്നും ബഞ്ച് വ്യക്തമാക്കി.

പരിശോധനക്ക് വേണ്ടി എയിംസിലെ ഡോക്ടര്‍മാരടങ്ങുന്ന മെഡിക്കല്‍ ബോര്‍ഡിനെ നിയോഗിക്കുകയും എന്താണ് ചെയ്യേണ്ടതെന്ന് അവര്‍ കോടതിയോട് നിര്‍ദേശിക്കുകയും ചെയ്യണം. എയിംസില്‍ പ്രവേശിപ്പിക്കണമെന്നാണെങ്കില്‍ അതും ചെയ്യാം. അദ്ദേഹത്തിന് ചികിത്സ ലഭിക്കുകയെന്നതാണ് പ്രധാനമെന്നും ബഞ്ച് പറഞ്ഞു. ചികിത്സ നല്‍കാന്‍ അബൂബക്കറിന്റെ എം ആര്‍ ഐ സ്‌കാന്‍ റിപോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നാണ് എന്‍ ഐ എ കോടതിയില്‍ പറഞ്ഞത്. ഇത് ബഞ്ചിന്റെ വിമര്‍ശനത്തിന് ഇടയാക്കി.

സ്‌കാനിംഗ് റിപ്പോര്‍ട്ട് കിട്ടാന്‍ 2024വരെ കാത്തിരിക്കാനാകില്ലെന്ന് ബഞ്ച് പറഞ്ഞു. ഏതു കുറ്റത്തിന് തടവിലാണെന്നത് മറ്റൊരു കാര്യമാണ്. അതിന്റെ പേരില്‍ ചികിത്സ നിഷേധിക്കാനാവില്ലെന്നും കോടതി പറഞ്ഞു. അബൂബക്കറിന്റെ ജാമ്യാപേക്ഷ എന്‍ ഐ എ കോടതി തള്ളിയതായും അദ്ദേഹത്തെ എംയിസിലേക്ക് മാറ്റണമെന്നും ഇ അബൂബക്കറിന്റെ അഭിഭാഷകന്‍ അദിത് പൂജാരി വാദിച്ചു.

---- facebook comment plugin here -----

Latest