Kerala
വടകരയില്‍ ശാഫി പറമ്പിലിനെ തടഞ്ഞ് ഡി വൈ എഫ് ഐ; കാറില്‍ നിന്നിറങ്ങി എം പി, പ്രവര്‍ത്തകരുമായി വാക്കേറ്റം
പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കിയ ശേഷമാണ് ശാഫി യാത്ര തുടര്‍ന്നത്

വടകര | വടകരയില്‍ ശാഫി പറമ്പില്‍ എം പിയുടെ കാര്‍ തടഞ്ഞ് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍. പ്രകോപനപരമായ മുദ്രാവാക്യം വിളിയുയർന്നതോടെ ശാഫി പറമ്പില്‍ കാറില്‍ നിന്നിറങ്ങി. പോലീസ് പണിപ്പെട്ടാണ് ഡി വൈ എഫ് ഐ പ്രവര്‍ത്തകരെ പിടിച്ചുമാറ്റിയത്. കാറില്‍ എം പിയെ തിരികെ കയറ്റാന്‍ പോലീസ് ശ്രമിച്ചെങ്കിലും അദ്ദേഹം വഴങ്ങിയില്ല.
വടകര ടൗണ്‍ ഹാളില്‍ കെ കെ രമ എം എല്‍ എയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഭിന്നശേഷി കുട്ടികളുടെ ഓണം വൈബ് പരിപാടി ഉദ്ഘാടനം ചെയ്ത് ഉച്ചക്ക് 2.45ന് മടങ്ങുകയായിരുന്നു ശാഫി. ടൗണ്‍ ഹാളിന്റെ ഗേറ്റിന് മുന്നില്‍ പൈലറ്റ് വാഹനമെത്തിയതോടെയാണ് പ്രതിഷേധക്കാർ ചാടിവീണത്. രാഹുല്‍ മാങ്കൂട്ടത്തിലിനെ സംരക്ഷിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.
പ്രവര്‍ത്തകരുടെ മുദ്രാവാക്യം വിളിയില്‍ പ്രകോപിതനായ ശാഫി വാഹനത്തിന് പുറത്തിറങ്ങി. പിന്നീട് എം പിയും പ്രവർത്തകരും തമ്മിൽ വാക്കേറ്റമായി. പേടിച്ച് പോകാന്‍ വെറെ ആളെ നോക്കണമെന്നും പ്രതിഷേധത്തെ ഭയക്കുന്നില്ലെന്നും ശാഫി പറഞ്ഞു. സമരം ചെയ്‌തോട്ടെ, എന്നാല്‍ നായ, പട്ടി തുടങ്ങിയ അസഭ്യ വര്‍ഷമൊന്നും വേണ്ട. വടകര അങ്ങാടിയില്‍ നിന്ന് ആരെയും പേടിച്ച് പോകാന്‍ ഉദ്ദേശിക്കുന്നില്ല. താന്‍ ഇവിടെ തന്നെ കാണുമെന്നും എം പി പറഞ്ഞു. പത്ത് മിനുട്ടിലേറെ എം പിയും ഡി വൈ എഫ് ഐ പ്രവര്‍ത്തകരും വാക്കേറ്റം തുടര്‍ന്നു. പ്രതിഷേധത്തിനെത്തിയ അമ്പതോളം ഡി വൈ എഫ് ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കിയ ശേഷമാണ് ശാഫി യാത്ര തുടര്‍ന്നത്.