articles
ഡോ. മന്‍മോഹന്‍ സിംഗ്: ജനാധിപത്യത്തിന്റെ കുലീനത
മന്‍മോഹന്‍ സിംഗിനെ പോലൊരാള്‍ സഭയുടെ പടിയിറങ്ങുമ്പോള്‍ നഷ്ടം ഇന്ത്യന്‍ ജനാധിപത്യത്തിന് തന്നെയാണ്. ജനാധിപത്യം മാന്യന്‍മാരുടെ ഇടപാടാണെന്ന്/ അങ്ങനെയാകണമെന്ന് പുതുകാല രാഷ്ട്രീയ നേതൃത്വത്തെ സൗമ്യമായി ഓര്‍മിപ്പിച്ചുകൊണ്ട് തന്നെയാണ് ആ ജ്ഞാനവൃദ്ധന്‍ വിശ്രമജീവിതത്തിലേക്ക് പ്രവേശിക്കുന്നത്.

ഡോ. മന്‍മോഹന്‍ സിംഗ് ഇന്നലെ രാജ്യസഭയില്‍ നിന്ന് വിരമിച്ചു. പ്രായം 92ലെത്തി. ഇനി സ്വസ്ഥം വിശ്രമജീവിതം. നീണ്ട 33 വര്‍ഷങ്ങള്‍ ആ സഭയിലുണ്ടായിരുന്നു അദ്ദേഹം. രാഷ്ട്രീയത്തിലെ പല തലമുറകളെ കണ്ടു. രണ്ട് തവണ രാജ്യത്തിന്റെ പ്രധാനമന്ത്രിയായി. അന്തസ്സോടെ ഭരിച്ചു, അന്തസ്സോടെ തന്നെ പടിയിറങ്ങി. വാക്കുകള്‍ മൃദുവായിരുന്നുവെങ്കിലും നിലപാടുകളില്‍ വ്യക്തതയുണ്ടായിരുന്നു. നെഹ്‌റു കുടുംബത്തിന്റെ ബിനാമി എന്ന് എതിരാളികള്‍ വിമര്‍ശിക്കുമ്പോഴും സ്വന്തം വ്യക്തിത്വം ഉയര്‍ത്തിപ്പിടിച്ചു തന്നെയാണ് അദ്ദേഹം സര്‍ക്കാറിനെ നയിച്ചത്. ജനാധിപത്യ മാര്‍ഗത്തില്‍ നിന്ന് ഒരിക്കല്‍ പോലും അദ്ദേഹം തെന്നിപ്പോയില്ല.
ഒരവസരത്തില്‍ പ്രണബ് കുമാര്‍ മുഖര്‍ജി പോലും ആര്‍ എസ് എസിന്റെ കെണിയില്‍ വീണുപോയിട്ടുണ്ട്. പക്ഷേ അന്നുമിന്നും ഉറച്ച കോണ്‍ഗ്രസ്സുകാരനാണ് ഡോ. മന്‍മോഹന്‍ സിംഗ്.
സൗമ്യനാണ്, മൃദുഭാഷിയാണ്. പക്ഷേ പറയുന്ന ഓരോ വാക്കിലും അദ്ദേഹത്തിന് ഉത്തരവാദിത്വമുണ്ടായിരുന്നു. ഒച്ചയിട്ടല്ല അദ്ദേഹം രാജ്യത്തിന്റെ ശ്രദ്ധയാകര്‍ഷിച്ചത്. അദ്ദേഹം മികച്ച സ്റ്റേജ് പെര്‍ഫോമര്‍ ആയിരുന്നില്ല. പക്ഷേ ലോകം കണ്ട മികച്ച സാമ്പത്തിക വിദഗ്ധനായിരുന്നു, ദീര്‍ഘ വീക്ഷണമുള്ള ഭരണാധികാരിയായിരുന്നു. വിത്തെടുത്തു കുത്തുകയോ പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റു തുലക്കുകയോ ചെയ്യേണ്ട അവസ്ഥയിലേക്ക് രാജ്യം ആപതിക്കാതിരുന്നത് ആ ദീര്‍ഘ വീക്ഷണം കാരണമാണ്. സ്വകാര്യവത്കരണത്തിന്റെ ഉപജ്ഞാതാവ് എന്ന് അദ്ദേഹത്തെ കുറ്റം പറയുന്നവര്‍ പോലും ‘ധനകാര്യ’ത്തിലെ അദ്ദേഹത്തിന്റെ കാര്യപ്രാപ്തിയെ പഴിക്കില്ല. അന്നുമുണ്ടായിരുന്നു കോര്‍പറേറ്റുകള്‍, ആഴക്കടല്‍ മുതല്‍ അന്താരാഷ്ട്ര വിമാനത്താവളം വരെ സ്വന്തമാക്കാന്‍ മോഹിച്ചവര്‍. കോര്‍പറേറ്റിസത്തിന്റെയും മുതലാളിത്തത്തിന്റെയും ആ ചാക്കില്‍ പക്ഷേ മന്‍മോഹന്‍ കയറിയില്ല. വിപണി സ്വകാര്യ മേഖലക്ക് തുറന്നുകൊടുത്തപ്പോഴും രാജ്യത്തെ വിഴുങ്ങാന്‍ കോര്‍പറേറ്റുകളെ അനുവദിച്ചില്ല.
1991ലെ നരസിംഹ റാവു സര്‍ക്കാറില്‍ ധനമന്ത്രി ആയിട്ടാണ് അധികാരത്തിലേക്ക് മന്‍മോഹന്‍ സിംഗ് ചുവടുവെച്ചത്. എന്തുകൊണ്ട് റാവു രാഷ്ട്രീയക്കാരനല്ലാതിരുന്ന ഒരാളെ ധനമന്ത്രിക്കസേരയിലിരുത്തി? സാമ്പ്രദായിക രാഷ്ട്രീയക്കാരന്റെ ട്രിപ്പീസുകളിക്ക് രക്ഷപ്പെടുത്താന്‍ കഴിയാത്ത പരുവത്തിലായിരുന്നു അന്നത്തെ സമ്പദ് വ്യവസ്ഥ. വിദേശനാണ്യ നിക്ഷേപത്തിലടക്കം വലിയ ഇടിവുണ്ടായ കാലമാണത്. അന്ന് ഒരു ധനകാര്യ വിദഗ്ധന് മാത്രമേ സമ്പദ് വ്യവസ്ഥക്ക് ഊര്‍ജം പകരാന്‍ കഴിയുകയുള്ളൂ എന്ന ബോധ്യത്തിലാണ് മന്‍മോഹന്‍ സിംഗിന് നറുക്ക് വീഴുന്നത്. ‘നമ്മള്‍ തുടങ്ങിവെച്ച സുദീര്‍ഘവും ക്ലേശകരവുമായ പ്രയാണത്തിന് വിലങ്ങുതടിയാവുന്ന വെല്ലുവിളികളെ ഞാന്‍ വില കുറച്ചു കാണുന്നില്ല.
അനിവാര്യമായ ഘട്ടത്തില്‍ പിറവിയെടുക്കുന്ന ഒരാശയത്തെ തടുക്കാന്‍ ലോകത്തൊരു ശക്തിക്കും സാധിക്കില്ലെന്ന് ഒരിക്കല്‍ വിക്ടര്‍ ഹ്യൂഗോ പറഞ്ഞിട്ടുണ്ട്. മഹനീയമായ ഈ സഭക്കു മുന്നില്‍ ഞാന്‍ പ്രസ്താവിക്കട്ടെ, ലോകത്തിലെ സുപ്രധാന സാമ്പത്തിക ശക്തിയായി ഇന്ത്യ ഉദിക്കുമെന്നത് അത്തരമൊരു ആശയമാണ്. സ്പഷ്ടമായും മുഴക്കത്തോടെയും ലോകം മുഴുവന്‍ അത് കേള്‍ക്കട്ടെ. ഇന്ത്യയിപ്പോള്‍ മിഴി തുറക്കുകയാണ്, ഉണരുകയാണ്. നമ്മള്‍ വിജയിക്കും. നമ്മള്‍ അതിജീവിക്കും.’ ആദ്യ ബജറ്റ് അവതരിപ്പിച്ചുകൊണ്ട് പങ്കുവെച്ച സ്വപ്‌നം അദ്ദേഹം സാക്ഷാത്കരിച്ചു. ധനമന്ത്രി ആയപ്പോഴും പില്‍ക്കാലത്ത് പ്രധാനമന്ത്രി പദവിയിലെത്തിയപ്പോഴും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ തലയുയര്‍ത്തി നിന്നത് ഇക്കണോമിസ്റ്റ് എന്ന നിലയില്‍ അദ്ദേഹത്തിന്റെ പ്രാഗത്ഭ്യം ഒന്നുകൊണ്ട് മാത്രമാണ്. സാമ്പത്തിക മാന്ദ്യം ലോകത്തെയാകെ പിടിച്ചുലച്ചപ്പോഴും ഇന്ത്യയുടെ സമ്പദ് വ്യവസ്ഥക്ക് കാര്യമായ പോറലേറ്റില്ല. രാജ്യത്തിന്റെ തൊഴില്‍ മേഖല ഇടറി വീണുപോയില്ല, അന്താരാഷ്ട്ര സൂചികകളില്‍ നമ്മള്‍ കൂപ്പുകുത്തിയില്ല.
ഓക്സ്ഫോര്‍ഡില്‍ പഠിച്ചിട്ടുണ്ട് മന്‍മോഹന്‍ സിംഗ്. വിദ്യാഭ്യാസം എങ്ങനെയാണ് ഒരു സംസ്‌കാരമാകുന്നത് എന്ന് സ്വജീവിതം കൊണ്ട് അദ്ദേഹം തെളിയിച്ചു. കുലീനമായ പെരുമാറ്റം കൊണ്ടാണ് അദ്ദേഹം അന്താരാഷ്ട്ര സമൂഹത്തിന്റെ ആദരവ് നേടിയത്. പ്രതിച്ഛായാ നിര്‍മിതിക്കും പി ആര്‍ വര്‍ക്കിനും വേണ്ടി സ്വദേശത്തോ വിദേശത്തോ അദ്ദേഹത്തിന് ഏജന്‍സികള്‍ ഉണ്ടായിരുന്നില്ല. അതൊന്നുമില്ലാതെ തന്നെ അദ്ദേഹം ലോകരാഷ്ട്ര നായകരുടെ ബഹുമാനം പിടിച്ചുപറ്റി. ഭരണഘടനക്കും രാജ്യത്തിനും മുകളില്‍ താനെന്ന വ്യക്തിയെ സ്വയം പ്രതിഷ്ഠിക്കാന്‍ അദ്ദേഹം മിനക്കെട്ടില്ല. ഞാനാണ് രാജ്യം, ഞാനാണ് പാര്‍ട്ടി എന്നല്ല അദ്ദേഹം ചിന്തിച്ചത്. അധികാരത്തെ ഉത്തരവാദിത്വമായി കണ്ടു.
ഭരണഘടനാ പദവിയുടെ അന്തസ്സിന് ഹാനി വരുത്തുന്നതൊന്നും ചെയ്തില്ല. ഭരണഘടനയോടും ജനങ്ങളോടുമുള്ള പ്രതിബദ്ധതയെ കുറിച്ച് തികഞ്ഞ ബോധ്യത്തോടെ പ്രവര്‍ത്തിച്ചു. പാര്‍ലിമെന്റിനെ അദ്ദേഹം നിസ്സാരമായി കണ്ടില്ല. സഭ നടക്കുമ്പോഴെല്ലാം അദ്ദേഹം ഡല്‍ഹിയിലുണ്ടാകും, സഭയില്‍ ഹാജരാകും. പ്രതിപക്ഷത്തെ പരിഗണിച്ചു. അവരുടെ വാക്കുകള്‍ മുഖവിലക്കെടുത്തു. തന്നെ പരിഹസിച്ചവരോടും മാന്യത വിടാതെ പ്രതികരിച്ചു. ജനാധിപത്യത്തിന്റെ കരുത്ത് പ്രതിപക്ഷമാണ് എന്ന രാഷ്ട്രീയ വിവേകം അദ്ദേഹത്തിനുണ്ടായിരുന്നു. അതുകൊണ്ട് അവരെ സഹിഷ്ണുതയോടെ കേട്ടു, ഉള്‍ക്കൊണ്ടു. വിമര്‍ശിച്ചവരെ അട്ടഹസിച്ചിരുത്തിയില്ല. പ്രതിപക്ഷ നിരയിലെ ഒരാള്‍ക്കെതിരെയും അമാന്യമായ ഒരു പ്രയോഗം നടത്തിയില്ല.
നാളെ അധികാരത്തിലുണ്ടാകുമോ എന്നതില്‍ അദ്ദേഹം ആധിപ്പെട്ടില്ല. അധികാരം നേടാന്‍ മതത്തെ കളത്തിലിറക്കിയില്ല, വര്‍ഗീയത പറഞ്ഞില്ല, ദേശീയ ഏജന്‍സികളെ കയറൂരി വിട്ടില്ല, പ്രതിപക്ഷ നേതാക്കളെ വേട്ടയാടിപ്പിടിച്ചില്ല, ഒരു പാര്‍ട്ടിയെയും പിളര്‍ത്തിയില്ല, എം പിമാരെ വിലക്ക് വാങ്ങിയില്ല, കൂറുമാറ്റം പ്രോത്സാഹിപ്പിച്ചില്ല, ജുഡീഷ്യല്‍ സ്ഥാപനങ്ങളെ ഭീഷണിപ്പെടുത്തിയില്ല, സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സ്വന്തക്കാരെ തിരുകിക്കയറ്റിയില്ല, അസന്മാര്‍ഗികമായ ഒന്നും ചെയ്തില്ല. ചുരുക്കത്തില്‍, സമഗ്രാധിപത്യത്തിന്റെ സമ്പൂര്‍ണ വിപരീതമായി, ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ജെന്റില്‍മാന്‍ ആയി അദ്ദേഹം അധികാരത്തില്‍ തുടര്‍ന്നു. 2014ല്‍ അധികാരം നഷ്ടമായപ്പോള്‍ സ്ഥാനമോഹികളുടെ ക്യൂവില്‍ പോയി നിന്നില്ല. അടുത്തൂണ്‍ പറ്റുന്നവരെ കാത്തിരിക്കുന്ന ഒരു പ്രലോഭനത്തിനും വഴങ്ങിക്കൊടുത്തില്ല. തന്റെ മികവിനെ സ്വയം വില്‍പ്പനക്ക് വെച്ചില്ല, തന്നെ വിലക്കെടുക്കാന്‍ ആരെയും അനുവദിച്ചില്ല. വിയോജിപ്പുകള്‍ പോലും മാന്യതയോടെ അവതരിപ്പിച്ചു.
കള്ളപ്പണം തടയാനെന്ന പേരില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ കൊട്ടിഘോഷിച്ചു കൊണ്ടുവന്ന 2016ലെ നോട്ട് നിരോധനം ഭീമാബദ്ധമാണെന്നായിരുന്നു മന്‍മോഹന്‍ സിംഗിന്റെ നിലപാട്. ‘നോട്ട് നിരോധനം ആവശ്യമായിരുന്നുവെന്ന് ഞാന്‍ കരുതുന്നില്ല. സാങ്കേതികമായും സാമ്പത്തികമായും ഇത്തരമൊരു സാഹസം ആവശ്യമുണ്ടായിരുന്നില്ല. അത് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥക്ക് ഉണ്ടാക്കിയ ആഘാതം ചെറുതല്ല. സംഘടിത കൊള്ളയും നിയമപരമായ പിടിച്ചുപറിയുമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തിയത്. ജനങ്ങളെയാകെ കള്ളന്മാരും രാജ്യദ്രോഹികളുമായി കാണുന്ന രീതി ജനാധിപത്യ സംവിധാനത്തില്‍ യോജിച്ചതല്ല.’ ആ വാക്കുകള്‍ പ്രവചനം പോലെ പുലരുന്നത് രാജ്യം പിന്നീട് കണ്ടു. ആലോചനയില്ലാത്ത എടുത്തുചാട്ടമായിരുന്നു നോട്ട് നിരോധനമെന്ന് വഴിയേ വെളിപ്പെട്ടു. സമ്പദ് വ്യവസ്ഥക്ക് അതുണ്ടാക്കിയ ക്ഷീണം ഇപ്പോഴും മാറിയിട്ടില്ല. വിപണിയിലുണ്ടായിരുന്ന കറന്‍സിയുടെ 86 ശതമാനം ഒറ്റയടിക്ക് നിരോധിച്ചതിലൂടെ കനത്ത പ്രഹരമേറ്റത് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥക്കായിരുന്നു. ആ വിമര്‍ശം ഉന്നയിച്ചതിന് അദ്ദേഹം ബി ജെ പി കേന്ദ്രങ്ങളില്‍ നിന്ന് കേട്ട പരിഹാസത്തിന് കണക്കില്ല. ‘ഷവറിന്റെ ചുവട്ടില്‍ കോട്ട് ധരിച്ച് കുളിക്കുന്നയാള്‍’ എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്‍ പ്രധാനമന്ത്രിയെ പരിഹസിച്ചത്. എന്നിട്ടും തന്റെ ആഭിജാത്യം മറന്ന് ഒരു വാക്കും തിരിച്ചുപറഞ്ഞില്ല മന്‍മോഹന്‍ സിംഗ്.
കോണ്‍ഗ്രസ്സില്‍ എല്ലാ കാലത്തും പല ധാരകള്‍ ഉണ്ടായിരുന്നു. ഗ്രൂപ്പുകള്‍ എന്ന് സാമാന്യമായി വിളിക്കപ്പെട്ട ആ ധാരകള്‍ മന്‍മോഹന്‍ സിംഗ് അധികാരത്തിലേറിയ കാലത്തും കോണ്‍ഗ്രസ്സിലുണ്ട്. അദ്ദേഹം ഒരു ഗ്രൂപ്പിന്റെയും ഭാഗമായില്ല. കോണ്‍ഗ്രസ്സിന്റെ വിശാലമായ രാഷ്ട്രീയ താത്പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു. ആശയങ്ങളിലും ആവിഷ്‌കാരങ്ങളിലും തനിക്കൊപ്പം ഓടിയെത്താന്‍ കഴിയാത്ത പാര്‍ട്ടിയിലെ സഹനേതാക്കളെ അദ്ദേഹം പുച്ഛിച്ചില്ല. പാര്‍ട്ടിക്ക് അകത്തുനിന്ന് വിമര്‍ശങ്ങള്‍ ഉണ്ടായപ്പോഴും സ്വന്തമായി ഒരു ഗ്രൂപ്പ് ഉണ്ടാക്കിക്കളയാം എന്ന് ചിന്തിച്ചില്ല. പ്രണബ് കുമാര്‍ മുഖര്‍ജിയെ പോലെ പരിണതപ്രജ്ഞനായ ഒരു നേതാവുണ്ടായിരിക്കെ എന്തുകൊണ്ട് സോണിയാ ഗാന്ധി മന്‍മോഹന്‍ സിംഗിനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് തിരഞ്ഞെടുത്തു എന്ന ചോദ്യം അന്തരീക്ഷത്തിലുണ്ടായിരുന്നു ഏറെക്കാലം. പിന്‍സീറ്റ് ഡ്രൈവിംഗിന് വേണ്ടിയുള്ള തിരഞ്ഞെടുപ്പാണ് മന്‍മോഹന്റേത് എന്ന ആക്ഷേപവും കനം വെച്ചിരുന്നു. അതിനെയെല്ലാം അദ്ദേഹം അതിജീവിച്ചു. കോണ്‍ഗ്രസ്സിലെ എല്ലാ ബലാബലങ്ങളെയും ബാലന്‍സ് ചെയ്തുകൊണ്ടും തന്റെ സ്തുതിപാഠകരായ ഒരു വിഭാഗത്തെ രൂപപ്പെടുത്താതെയും അദ്ദേഹം കോണ്‍ഗ്രസ്സിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ പുതിയ അധ്യായം തീര്‍ത്തു.
സുപ്രധാനമായ ഒട്ടേറെ നിയമനിര്‍മാണങ്ങള്‍ മന്‍മോഹന്‍ സിംഗിന്റെ കാലത്ത് ഉണ്ടാകുന്നുണ്ട്. വിവരാവകാശ നിയമമാണ് അതില്‍ എടുത്തുപറയേണ്ട ഒന്ന്. അതൊരു വിപ്ലവകരമായ നിയമനിര്‍മാണം തന്നെയായിരുന്നു. ജനങ്ങളുടെ അറിയാനുള്ള അവകാശം നിയമമാക്കിയതിലൂടെ പൊതുരംഗത്തുണ്ടായ സുതാര്യത ചെറുതല്ല. സര്‍ക്കാറിന്/ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് ഒന്നും ജനങ്ങളില്‍ നിന്ന് മറച്ചുവെക്കാനാകില്ലെന്ന നില വന്നു. ലോക്പാല്‍, ലോകായുക്ത ആക്ട് ആയിരുന്നു ശ്രദ്ധേയമായ മറ്റൊരു നിയമനിര്‍മാണം. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെ അവിദഗ്ധ തൊഴിലാളികള്‍ക്ക് ജീവസന്ധാരണത്തിനുള്ള വഴി തുറന്നുകൊടുത്തതും അദ്ദേഹത്തിന്റെ ഭരണകാലത്തായിരുന്നു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പിന്നാക്ക ജാതിക്കാര്‍ക്കായി 27 ശതമാനം സംവരണം ഉറപ്പാക്കിക്കൊണ്ട് സാമൂഹിക നീതിക്ക് വേണ്ടിയുള്ള പോരാട്ടങ്ങളോടും അദ്ദേഹത്തിന്റെ സര്‍ക്കാര്‍ ഐക്യപ്പെട്ടു.
അദ്ദേഹം പാവ പ്രധാനമന്ത്രി ആയിരുന്നില്ല, ഇച്ഛാശക്തിയുള്ള ഭരണാധികാരി ആയിരുന്നു. അദ്ദേഹം അധികാരത്തിലിരിക്കുന്ന കാലത്ത് അത് തിരിച്ചറിയാതെ പോയവരും ഇപ്പോള്‍ അക്കാര്യം സമ്മതിക്കുന്നുണ്ട്. മുന്നണി ഭരണത്തിന്റെ ഒത്തുതീര്‍പ്പുകള്‍ക്ക് വഴങ്ങാതെ അദ്ദേഹത്തിന് മുന്നോട്ടുപോകാന്‍ കഴിയുമായിരുന്നില്ല. അതാണ് അദ്ദേഹത്തെ കുഴപ്പത്തില്‍ ചാടിച്ചത്. 2ജി സ്പെക്ട്രം അഴിമതിക്കേസ് അദ്ദേഹത്തിന്റെ സര്‍ക്കാറിനെ ബാധിച്ച കളങ്കമായതങ്ങനെയാണ്. ഒടുവില്‍ ആ കേസിന് എന്ത് സംഭവിച്ചു. എ രാജയും കനിമൊഴിയും ഉള്‍പ്പെടെ എല്ലാവരെയും തെളിവില്ലെന്ന് പറഞ്ഞ് സി ബി ഐ കോടതി വെറുതെ വിട്ടു. കെട്ടിച്ചമച്ച കേസിന്മേല്‍ ഒരു ജനകീയ സര്‍ക്കാറിന്റെ മരണപത്രം തയ്യാറാക്കപ്പെട്ടു. ചില മാധ്യമ പ്രവര്‍ത്തകരടക്കം അന്നത്തെ പ്രതിപക്ഷത്തിന് വേണ്ടി ആ കേസില്‍ നൈതികതക്ക് നിരക്കാത്ത വിധം പ്രവര്‍ത്തിച്ചു. 2014ല്‍ കോണ്‍ഗ്രസ്സ് വലിയ തകര്‍ച്ചയെ നേരിട്ടത് ആ ഒരൊറ്റ കേസിന്റെ പേരിലായിരുന്നു.
അധികാരം വിട്ടൊഴിഞ്ഞ ശേഷവും രാജ്യസഭയില്‍ പതിറ്റാണ്ട് കാലം സ്വന്തം നിലപാടുകള്‍ ഉയര്‍ത്തിപ്പിടിച്ച് അംഗമായി നിലകൊണ്ടു ഡോ. മന്‍മോഹന്‍ സിംഗ്. ചര്‍ച്ചകളിലും നിയമ നിര്‍മാണങ്ങളിലും സജീവമായി ഇടപെട്ടുതന്നെയാണ് അദ്ദേഹം കാലാവധി പൂര്‍ത്തിയാക്കിയത്. അദ്ദേഹത്തെപ്പോലൊരാള്‍ സഭയുടെ പടിയിറങ്ങുമ്പോള്‍ നഷ്ടം ഇന്ത്യന്‍ ജനാധിപത്യത്തിന് തന്നെയാണ്. ജനാധിപത്യം മാന്യന്‍മാരുടെ ഇടപാടാണെന്ന്/ അങ്ങനെയാകണമെന്ന് പുതുകാല രാഷ്ട്രീയ നേതൃത്വത്തെ സൗമ്യമായി ഓര്‍മിപ്പിച്ചുകൊണ്ട് തന്നെയാണ് ആ ജ്ഞാനവൃദ്ധന്‍ വിശ്രമജീവിതത്തിലേക്ക് പ്രവേശിക്കുന്നത്.