International
ഇരട്ടത്തീരുവ: ഇന്ത്യക്കും അമേരിക്കകും ഇടയില്‍ ഭിന്നതക്കിടയാക്കിയെന്നു തുറന്നു സമ്മതിച്ച് ട്രംപ്
ഇരട്ടത്തീരുവ പിന്‍വലിക്കുന്ന കാര്യത്തില്‍ അദ്ദേഹം ഒന്നും പറഞ്ഞില്ല

വാഷിങ്ടണ്‍ | ഇന്ത്യക്ക് 50 ശതമാനം തീരുവ ചുമത്തിയത് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ഭിന്നതക്കിടയാക്കിയെന്നും തര്‍ക്കത്തിലേക്ക് നയിച്ചുവെന്നും തുറന്നു സമ്മതിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
ആ തീരുമാനം എടുത്തത് ഏറെ ബുദ്ധിമുട്ടിയാണെന്നു പറഞ്ഞ ട്രംപ് എന്നാല്‍ ഇരട്ടത്തീരുവ പിന്‍വലിക്കുന്ന കാര്യത്തെക്കുറിച്ച് ഒന്നും പറഞ്ഞില്ല. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിനാണ് തീരുവ ചുമത്തിയതെന്നും ഒരു അഭിമുഖത്തില്‍ ട്രംപ് പറഞ്ഞു.
ഇന്ത്യ റഷ്യയുടെ ഏറ്റവും വലിയ ഉപഭോക്താവായിരുന്നു. അവര്‍ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിനാലാണ് താന്‍ ഇന്ത്യയ്ക്ക് മേല്‍ 50% തീരുവ ചുമത്തിയത്. ഇന്ത്യയുമായുള്ള വ്യാപാര തടസ്സങ്ങള്‍ പരിഹരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ അമേരിക്ക തുടരുകയാണ്. ആഴ്ചകള്‍ നീണ്ട നയതന്ത്ര ചര്‍ച്ചകള്‍ക്ക് ശേഷം താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിക്കും-ട്രംപ് പറഞ്ഞു.
ഇന്ത്യക്ക് മേല്‍ ചുമത്തിയ അധിക തീരുവ ബന്ധങ്ങളില്‍ ചെറിയ ഒരു തടസ്സം സൃഷ്ടിച്ചുവെന്നാണ് ട്രംപ് പറഞ്ഞത്. ഉക്രൈനുമായുള്ള യുദ്ധം അവസാനിപ്പിക്കാത്തതില്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനോടുള്ള തന്റെ ക്ഷമ നശിച്ചുകൊണ്ടിരിക്കുകയാണെന്നും ട്രംപ് പറഞ്ഞു.
പുടിനുമായി വളരെക്കാലമായി നല്ല ബന്ധമുണ്ട്. എന്നാല്‍ യുദ്ധം അവസാനിപ്പിക്കുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടതില്‍ നിരാശനാണ്. ഇക്കാര്യത്തില്‍ അമേരിക്ക ശക്തമായ നിലപാട് സ്വീകരിക്കേണ്ടി വരുമെന്നും ട്രംപ് പറഞ്ഞു.