National
പൊതു സ്ഥലം ഉപയോഗിക്കാത്ത വാഹനങ്ങള്‍ക്ക് നികുതി ഈടാക്കരുത്: സുപ്രീം കോടതി
വാഹനം പൊതു സ്ഥലത്ത് ഉപയോഗിക്കുന്നില്ലെങ്കില്‍ ആ നിശ്ചിത കാലത്തേക്ക് നികുതി നല്‍കേണ്ടതില്ലെന്നും വിധിയില്‍ പറയുന്നു.

ന്യൂഡല്‍ഹി | വാഹന നികുതി സംബന്ധിച്ച് സുപ്രധാന വിധിയുമായി സുപ്രീം കോടതി. പൊതുസ്ഥലത്ത് ഉപയോഗിക്കാതിരിക്കുന്ന വാഹനങ്ങള്‍ക്ക് നികുതി ചുമത്തരുതെന്ന് സുപ്രീംകോടതി വ്യക്തമാക്കി. റോഡ്, ഹൈവേ തുടങ്ങിയ പൊതു സൗകര്യങ്ങള്‍ ഉപയോഗിക്കുന്നതിനു പണം നല്‍കുകയെന്നാണ് മോട്ടോര്‍ വാഹന നികുതി ചുമത്തുന്നതുകൊണ്ട് ഉദ്ദേശിക്കുന്നതെന്നും ജസ്റ്റിസ് മനോജ് മിശ്ര അധ്യക്ഷനായ ബെഞ്ച് വിലയിരുത്തി.
മോട്ടോര്‍വാഹന നികുതി നഷ്ടപരിഹാരസ്വഭാവമുള്ളതാണെന്നും അതിന് ഉപയോഗവുമായി നേരിട്ടുബന്ധമുണ്ടെന്നും കോടതി പറഞ്ഞു. പൊതു അടിസ്ഥാനസൗകര്യങ്ങളായ റോഡുകളും ഹൈവേകളും മറ്റും ഉപയോഗിക്കുന്നതിനുനല്‍കുന്ന തുക എന്നനിലയ്ക്കാണ് ഈ നികുതി ചുമത്തുന്നതെന്നും ബഞ്ച് വ്യക്തമാക്കി. വാഹനം പൊതു സ്ഥലത്ത് ഉപയോഗിക്കുന്നില്ലെങ്കില്‍ ആ നിശ്ചിത കാലത്തേക്ക് നികുതി നല്‍കേണ്ടതില്ലെന്നും വിധിയില്‍ പറയുന്നു.
രാഷ്ട്രീയ ഇസ്പത് നിഗം ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ വളപ്പില്‍ മാത്രം ഉപയോഗിക്കുന്ന വാഹനത്തിന് ആന്ധ്ര സര്‍ക്കാര്‍ നികുതി ചുമത്തിയതു ചോദ്യം ചെയ്തുള്ള ഹരജി ആന്ധ്ര ഹൈക്കോടതി ശരിവച്ചിരുന്നു. ഇതിനെതിരായ അപ്പീലാണ് സുപ്രീം കോടതിയിലെത്തിയത്. വാഹനം സ്ഥാപനത്തിന്റെ പരിസരത്തു മാത്രമാണ് ഉപയോഗിച്ചതെന്നും ഇതു പൊതുസ്ഥലമല്ലെന്നും വ്യക്തമാക്കിയാണു സുപ്രീം കോടതിയുടെ ഉത്തരവ്.