Kerala
നെല്ല് സംഭരണത്തിലെ പ്രതിസന്ധി: സാമ്പത്തിക ബാധ്യത പരിഹരിക്കാം; മില്ല് ഉടമകള്‍ക്ക് മുഖ്യമന്ത്രിയുടെ ഉറപ്പ്
നാളെ മുതല്‍ നെല്ല് സംഭരിക്കുന്ന കാര്യത്തില്‍ ഇന്ന് വൈകീട്ടോടെ മില്‍ ഉടമകള്‍ അന്തിമ തീരുമാനമെടുക്കും
തിരുവനന്തപുരം|സംസ്ഥാനത്തെ നെല്ല് സംഭരണവുമായി ബന്ധപ്പെട്ട പ്രതിസന്ധി ഒഴിയുന്നു. മില്ല് ഉടമകള്‍ക്കുണ്ടായിട്ടുള്ള സാമ്പത്തിക ബാധ്യത സര്‍ക്കാര്‍ ഇടപെട്ട് പരിഹരിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പുനല്‍കി. നാളെ മുതല്‍ നെല്ല് സംഭരിക്കുന്ന കാര്യത്തില്‍ വൈകീട്ടോടെ മില്‍ ഉടമകള്‍ അന്തിമ തീരുമാനമെടുക്കും. കൊയ്ത്തു കഴിഞ്ഞ് അടുത്ത സീസണിലേക്ക് നെല്ല് സംഭരിക്കാറായി. ഇതിനിടയില്‍ ഉന്നയിച്ച ആവശ്യങ്ങളില്‍ തീരുമാനമാകാതെ വന്നതോടെ നെല്ല് സംഭരിക്കില്ലെന്ന് മില്ല് ഉടമകള്‍ നിലപാടെടുത്തിരുന്നു. വിഷയത്തില്‍ മന്ത്രി തല ചര്‍ച്ച മുമ്പ് നടന്നെങ്കിലും തീരുമാനമാകാതെ പിരിയുകയായിരുന്നു. ഇതോടെയാണ് മുഖ്യമന്ത്രി ഇടപെട്ടത്.
2022- 2023 വര്‍ഷങ്ങളില്‍ മില്ല് ഉടമകള്‍ക്ക് ഉണ്ടായിട്ടുള്ള 68 കോടിയോളം രൂപയുടെ കുടിശ്ശിക സര്‍ക്കാര്‍ ഇടപെട്ട് നല്‍കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കി. 100 ക്വിന്റല്‍ നെല്ല് സംഭരിച്ചാല്‍ 68 ക്വിന്റല്‍ അരി നല്‍കണമെന്നാണ് കേന്ദ്രമാനദണ്ഡം. ഇത് കേരളത്തില്‍ പ്രായോഗികമല്ലെന്ന് ഉടമകള്‍ സര്‍ക്കാരിനെ അറിയിച്ചു. 66.5 ക്വിന്റല്‍ അരിയാക്കി നല്‍കിയാല്‍ മതിയെന്ന് സര്‍ക്കാര്‍ തീരുമാനം മില്ലുടമകള്‍ അംഗീകരിച്ചു. ജിഎസ്ടിയുമായി ബന്ധപ്പെട്ട പ്രശ്‌നം കേന്ദ്രവുമായി സംസാരിച്ച് പരിഹരിക്കാമെന്നും മുഖ്യമന്ത്രി ഉറപ്പുനല്‍കി. പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടെന്ന് മന്ത്രി പി പ്രസാദ് പ്രതികരിച്ചു.


