theliyolam
സ്റ്റിയറിംഗ് വഴുതിപ്പോകുന്നത് നിങ്ങൾ കാണുന്നുണ്ടോ?
മൊബൈൽ സ്‌ക്രീൻ നിങ്ങളെ ഒരു യജമാനനെപ്പോലെ ഭരിക്കരുത്; ഒരു സേവകനെപ്പോലെ സേവിക്കണം. നിങ്ങൾ സ്റ്റിയറിംഗ് വീൽ പിടിച്ചില്ലെങ്കിൽ അൽഗോരിതം നിങ്ങളെ ആവശ്യമുള്ളിടത്തേക്ക് നയിക്കും.

പെർഫ്യൂം പരസ്യത്തിൽ അത് ഉപയോഗിച്ച ആണിലേക്ക് സുന്ദരികളായ സ്ത്രീകൾ ആകർഷിക്കപ്പെടുന്നതിന്റെയും ഒടുവിൽ മാദക ശബ്ദത്തിൽ “നേടൂ, വളരെ കൂടുതൽ’ എന്ന് ഒരു യുവതി പറയുന്നതും കണ്ടിട്ടില്ലേ? ഒട്ടേറെ ബ്രാന്റുകളുള്ള ഒരു പെർഫ്യൂം ഷോപ്പിൽ കയറിയാൽ ഈ പരസ്യം കണ്ട ഒരാൾ ആദ്യം കാണുന്നതും വാങ്ങുന്നതും ഇതേ ബ്രാന്റ് ആയിരിക്കാൻ സാധ്യത കൂടുതലാണ്. മൊബൈൽ സ്ക്രീനിനെ വരിച്ച നമ്മൾ ഇന്ന് എവിടെയും സ്വന്തം തലച്ചോറ് ഉപയോഗിച്ചല്ല, അൽഗോരിതത്തിന്റെ തലച്ചോറ് ഉപയോഗിച്ചാണ് ചിന്തിക്കുന്നത് എന്ന് ബോധ്യപ്പെടുത്തുന്ന ഇതുപോലുള്ള ഒരുപാട് അനുഭവങ്ങൾ ഓരോ ദിവസവും നമുക്കുണ്ടാകും.
നിങ്ങൾ ചിരിക്കുന്നതും സങ്കടപ്പെടുന്നതും വാങ്ങുന്നതും വാദിക്കുന്നതും ഒക്കെ ഏതാണ്ട് പൂർണമായി സ്ക്രീൻ നിയന്ത്രിത പ്രവൃത്തികളായി മാറിയിട്ടില്ലേ എന്ന് പരിശോധിച്ചു നോക്കൂ. “നമ്മളെല്ലാം വ്യത്യസ്തരാണ്’ എന്ന ഏറ്റവും അടിസ്ഥാന തത്ത്വം അസ്ഥിരപ്പെടുത്തുന്ന അനുഭവങ്ങളാണ് ഇന്നുള്ളത്. ഞാൻ അതുല്യനാണെന്ന് സ്വയം കരുതി ചുറ്റുവട്ടത്തേക്ക് നോക്കിയാൽ “എല്ലാവരും എന്നെ പോലെ തന്നെയാണല്ലോ’ എന്ന് അതിശയിക്കുവാനേ നമുക്ക് കഴിയു. ദശലക്ഷക്കണക്കിന് ആളുകൾ ഒരേ റീലുകളിലൂടെ സ്ക്രോൾ ചെയ്യുന്നു, ഒരേ “ട്രെൻഡിംഗ്’ കോമഡികളിൽ ചിരിക്കുന്നു, ഒരേ ബാക്ക്ഗ്രൗണ്ട് മ്യൂസിക്കിൽ ഒരു ആഗോള ഷോപ്പിംഗ് മാളിൽ കയറി ചുമ്മാ നടക്കുന്ന ഒരു ഫീൽ അല്ലേ!?
ഒരു വ്യക്തി സൗഹൃദത്തെ അളക്കുന്നത് ഇന്ന് ഒരുമിച്ച് ചെലവഴിച്ച സമയം കൊണ്ടല്ല, മറിച്ച് നീല ടിക്കുകളും പെട്ടെന്നുള്ള മറുപടികളിലുമാണ്. കുടുംബങ്ങൾ അത്താഴത്തിന് ഒരുമിച്ച് ഇരിക്കുന്നത് ശ്രദ്ധിക്കു, എല്ലാവരും നിശബ്ദമായി സ്ക്രോൾ ചെയ്യുകയാകും മാതാപിതാക്കൾ സ്വന്തം ഫോൺ പിടിച്ചുകൊണ്ട് “പൊന്നൂ, അധികം ഫോൺ ഉപയോഗിക്കരുത്’ എന്ന് കുട്ടിയെ ഉപദേശിക്കുന്നു. സ്‌ക്രീൻ ഉപയോഗിച്ചുള്ള ഈ നിശബ്ദതയാണ് സാധാരണ കുടുംബബന്ധമെന്ന് വിശ്വസിച്ച് കുട്ടികൾ വളരുന്നു. ആളുകൾ നിറഞ്ഞ ഒരു വീട് നീല വെളിച്ചത്തിൽ തിളങ്ങുന്ന ഒറ്റ മുറികളായി ചുരുങ്ങുന്നു.
നമ്മുടെ വികാരങ്ങൾ പോലും സ്ക്രീൻ നിയന്ത്രിതമാണ്. ആരെങ്കിലും ഒരു ദുഃഖ ഇമോജി പോസ്റ്റ് ചെയ്താൽ, എന്താണ് പ്രശ്നം എന്ന് നമുക്കറിയില്ലെങ്കിലും, “സ്റ്റേ സ്ട്രോംഗ് ബ്രോ’ എന്ന് കമന്റ് ചെയ്യണമെന്ന് നമുക്ക് തോന്നുന്നില്ലേ. സ്‌നാപ്ചാറ്റിലെ വരകൾ കൊണ്ട് പ്രണയത്തിന്റെ ആർദ്രത നിശ്ചയിക്കുന്നു, ഇൻസ്റ്റഗ്രാമിലെ ടാഗുകളുടെ എണ്ണം സ്നേഹത്തിന്റെ ആഴം അടയാളപ്പെടുത്തുന്നു. എല്ലാ ഓർമകളേയും വാട്സാപ്പ് സ്റ്റാറ്റസുകൾ ഒരു ദിവസത്തേക്ക് ഒതുക്കിയിട്ടുണ്ട്. “പോസ്റ്റ് ചെയ്യാത്ത ഒന്നും സംഭവിച്ചിട്ടില്ല’ എന്ന അവസ്ഥയിലേക്ക് മനുഷ്യ ജീവിതാനുഭവങ്ങൾ തണുത്തു പോയിരിക്കുന്നു.
സാങ്കേതികവിദ്യക്കെതിരെ യുദ്ധം ചെയ്ത് ഈ പ്രശ്നങ്ങൾ പരിഹരിക്കാനാകില്ല. മറിച്ച് അത് നിശബ്ദമായി നമ്മുടെ മേൽ നിയന്ത്രണം കവർന്നെടുക്കുന്നതിന് മുമ്പ് അതിന്റെ നിയന്ത്രണം വീണ്ടെടുക്കുക മാത്രമാണ് വഴി. ആദ്യപടി, നമ്മെ ആവശ്യമില്ലാത്ത അലർട്ടുകളിലേക്ക് തള്ളിയിടുന്ന നിരന്തരമായ പിംഗുകളും പോപ്പ് – അപ്പുകളും നിശബ്ദമാക്കുക എന്നതാണ്. നോട്ടിഫിക്കേഷനുകൾ അടിയന്തര വാർത്തകളല്ല; അവ നമ്മെ ആസക്തിയിലാക്കാൻ രൂപകൽപ്പന ചെയ്ത കൊളുത്തുകളാണ്. ഭക്ഷണത്തിനിടയിലോ ഉണർന്ന ഉടനെയോ ഉറങ്ങുന്നതിനുമുമ്പോ ഫോൺ തൊടാതെയിരിക്കാം.
സ്വാതന്ത്ര്യത്തിന്റെ ഈ യഥാർഥ അതിര് ശക്തമായി സംരക്ഷിക്കുക. അന്ധമായ സ്ക്രീൻ ടൈം ഉപഭോഗത്തെ ബോധപൂർവമായ സൃഷ്ടിപരത ഉപയോഗിച്ച് മാറ്റിസ്ഥാപിക്കുക. മറ്റുള്ളവരുടെ ജീവിതത്തിലൂടെ അനന്തമായി സ്ക്രോൾ ചെയ്യുന്നതിനുപകരം, നിങ്ങളുടെ സ്വന്തം ചിന്തകൾ അവിടെ പകർത്തുക, സ്വന്തം കഥ, സ്വന്തം യാത്രകൾ, അല്ലെങ്കിൽ ശരിയായ പ്രാധാന്യമുള്ള വിവരങ്ങൾ ഇതൊക്കെ പങ്കിടുക. അത്ഭുത വാർത്തകളുടെ ലിങ്കുകൾ പോസ്റ്റ് ചെയ്യുന്നതിനുപകരം ആ നിമിഷം ആഴത്തിൽ ജീവിക്കാൻ കഴിയുന്ന ഒരു കാര്യത്തിലേക്ക് ശ്രദ്ധ വിടുക.
ഏറ്റവും പ്രധാനമായി, ഒരു സ്‌ക്രീനിനും പകർത്താൻ കഴിയാത്ത മനുഷ്യബന്ധങ്ങളിലേക്ക് തിരിയുക. ഒരു യഥാർഥ ചിരി, ഒരു മുഖാമുഖ സംഭാഷണം, ഒരു സുഹൃത്തിൽ നിന്നുള്ള ആലിംഗനം – ഒരു ആപ്പിനും ഡൗൺലോഡ് ചെയ്യാൻ കഴിയാത്ത മരുന്നുകളാണിവ. മൊബൈൽ സ്‌ക്രീൻ നിങ്ങളെ ഒരു യജമാനനെപ്പോലെ ഭരിക്കരുത്; ഒരു സേവകനെപ്പോലെ സേവിക്കണം. നിങ്ങൾ സ്റ്റിയറിംഗ് വീൽ പിടിച്ചില്ലെങ്കിൽ അൽഗോരിതം നിങ്ങളെ ആവശ്യമുള്ളിടത്തേക്ക് നയിക്കും.
കാൾ ജംഗ് പറഞ്ഞതുപോലെ, “നിങ്ങൾ അബോധാവസ്ഥയെ ബോധവത്കരിക്കുന്നതുവരെ, അത് നിങ്ങളുടെ ജീവിതത്തെ നയിക്കും, നിങ്ങൾ അതിനെ വിധി എന്ന് വിളിക്കും.’