Connect with us

theliyolam

ഈ ഗട്ടറുകൾ ഊഞ്ഞാലായി തോന്നുന്നുണ്ടോ?

ഇൻസ്റ്റാഗ്രാമിൽ അഞ്ച് മിനുട്ട് മാത്രം ഒന്ന് പോയി പിന്നെ ഇതങ്ങ് തുടങ്ങാം എന്ന് നിങ്ങൾ വിചാരിക്കുന്നു, പക്ഷേ, ആ ഒരു എൻട്രിയോടെ നിങ്ങൾ എവിടെയൊക്കെ പോയിവരുമെന്ന് നിങ്ങൾക്ക് ഒരു ധാരണയും ഉണ്ടാവില്ല.

Published

|

Last Updated

എത്ര വേഗത്തിലാണ് നിങ്ങൾക്ക് പല കാര്യങ്ങളിലും ഒന്നിച്ച് മോട്ടിവേഷൻ തോന്നാറുള്ളത്?.  ഇന്ന് രാവിലെ ഫോൺ അൺലോക്ക് ചെയ്ത് ആദ്യം കണ്ട വർക്ക്- ഔട്ട് റീലിലെ ഓരോ മൂവ്മെന്റുകളും മുമ്പ് എത്ര തവണയാണ് നിങ്ങൾ തുടങ്ങി വെച്ചത്?. “ഇന്ന് ആ ഓൺലൈൻ കോഴ്സിന് ചേരണം’, “മാറ്റിവെച്ച ഒരു ടു ഡു ലിസ്റ്റ് ഇനം ഇന്ന് എന്തായാലും ചെയ്യണം’, “എനിക്ക് ഇനി അൽപ്പം ഉത്പാദനക്ഷമതയുള്ളവനായേ പറ്റൂ.’ ഇങ്ങനെ “ലളിതവും’ ആകർഷണീയവുമായ ഒട്ടേറെ പ്രതിജ്ഞകളും ചെയ്യേണ്ട കാര്യങ്ങളുടെ പട്ടികകളും മനസ്സിൽ രൂപപ്പെടുത്തി പ്ലാനുകൾ ആലോചിച്ച് നേരെയങ്ങ് നിങ്ങൾ കണ്ണുചിമ്മുന്നു അല്ലേ?. സോഫയിൽ ഒരു വശം ചേർന്ന് കിടന്ന്, “നിങ്ങൾ ബഹിരാകാശത്ത് അലറിവിളിച്ചാൽ എന്ത് സംഭവിക്കും?’ എന്ന തലക്കെട്ടുള്ള ഒരു യൂടൂബ് വീഡിയോയിലേക്ക് ആഴത്തിൽ വീണ് മയങ്ങിപ്പോയതാവും നിങ്ങൾ. എന്താണ് അവസ്ഥ! ആസൂത്രണം ചെയ്ത ഒരു കാര്യവും ചെയ്തിട്ടുണ്ടാവില്ല. “ബെർമുഡ ട്രയാംഗിൾ ഓഫ് മോഡേൺ ബിഹേവിയർ’ എന്ന അസ്വസ്ഥാവസ്ഥയുടെ അനന്തലോകത്താണ് നിങ്ങളിപ്പോൾ. ജോലികൾ നീട്ടിവെക്കലിന്റെയും സ്ക്രോളിംഗിന്റെയും ഉത്പാദനക്ഷമത സംബന്ധമായി നാം നമ്മെത്തന്നെ നിരന്തരം വഞ്ചിച്ചുകൊണ്ടിരിക്കുന്ന തരത്തിലുള്ള മിഥ്യാധാരണകളുടെയും തമോദ്വാരങ്ങളിലേക്ക് സ്വയം അപ്രത്യക്ഷമാവുന്ന പ്രത്യേക മനോനിലയാണിത്.

മാറ്റിവെക്കലിലാണ് ഇത് തുടങ്ങുന്നത്. “ഇൻസ്റ്റാഗ്രാമിൽ അഞ്ച് മിനുട്ട് മാത്രം ഒന്ന് പോയി പിന്നെ ഇതങ്ങ് തുടങ്ങാം’ എന്ന് നിങ്ങൾ വിചാരിക്കുന്നു, പക്ഷേ, ആ ഒരു എൻട്രിയോടെ നിങ്ങൾ എവിടെയൊക്കെ പോയിവരുമെന്ന് നിങ്ങൾക്ക് ഒരു ധാരണയും ഉണ്ടാവില്ല. ബിഗ് ബോസിലെ താരപ്രവേശ വാർത്തകൾ, വേവിച്ച മുട്ടകൾ തൊലി കളയുന്ന, തേങ്ങ ചെത്തുന്ന റീലുകൾ, ഏറ്റവും പുതിയ ട്രെൻഡ് ഗാനത്തിന് വ്യത്യസ്തമായ ചുവട് വെക്കുന്ന പിള്ളേരുടെയും ആഫ്രിക്കൻ വനാന്തരത്തിലെത്തിയ യാത്രക്കാരിയുടെയും ശബ്ദ കോലാഹലങ്ങൾ ഇങ്ങനെയങ്ങനെ നൂഴ്ന്ന് നൂഴ്ന്ന് നിങ്ങൾക്കറിയുന്നതിനുമുമ്പ് രണ്ട് മണിക്കൂർ കടന്നുപോയിട്ടുണ്ടാവും. ദുരന്ത വാർത്തകളുടെ തുടർച്ചകൾ, എ ഐ മോഷ്ടിക്കുന്ന ജോലികൾ, കാലാവസ്ഥാ പരിഭ്രാന്തി, സെലിബ്രിറ്റി ബ്രേക്കപ്പുകൾ ഒക്കെയായി നിങ്ങൾ ഇപ്പോഴും സ്ക്രോൾ ചെയ്യുന്നത് എന്തിനാണെന്ന് നിങ്ങൾക്ക് തന്നെ ഉറപ്പില്ലാഞ്ഞിട്ടും നിങ്ങളുടെ ഫീഡ് ഒരിക്കലും അവസാനിക്കില്ല, അസ്തിത്വ പ്രതിസന്ധിയും തീരില്ല. ഇതൊക്കെയാണെങ്കിലും നിങ്ങൾക്ക് ഇപ്പോഴും സമാധാനവും ഉത്പാദനക്ഷമതയും തോന്നുകയും ചെയ്യും. കാരണം, നിങ്ങൾ ഒരു ടെഡ് ടോക്ക് എട്ട് മിനുട്ട് കണ്ടു, ഒരു വ്യായാമ വീഡിയോ ബുക്ക്മാർക്ക് ചെയ്തു, ഒരു സാമ്പത്തികാവലോകന ലേഖനത്തിന്റെ തലക്കെട്ട് വായിച്ച്, “ഇതിൽ ഞാൻ ഒരു മികച്ച നിക്ഷേപം നടത്തും’ എന്ന് തീരുമാനിച്ചു എന്നിങ്ങനെ നിങ്ങളുടെ മസ്തിഷ്കം ഇപ്പോൾ എന്തൊക്കെയോ ചിലത് നേടിയെന്ന് ചുമ്മാ ആശ്വസിക്കുകയാണ്.

“പെട്ടെന്നുള്ള ഉറക്കം’ ഒരു ആത്മീയ യാത്രയായിട്ടാണ് തോന്നുക. “നാളെ അതിരാവിലെ ഉണർന്ന് എല്ലാം ശരിയാക്കാം’ എന്ന് വീണ്ടും മനസ്സ് മന്ത്രിക്കും. ഏറ്റവും ഒടുവിൽ സംഭവിക്കുന്നതോ, സമയത്തിനെതിരെ ഒരു കുറ്റകൃത്യം ചെയ്തതുപോലെ നിങ്ങളെ കുറ്റബോധം വേട്ടയാടിക്കൊണ്ടേയിരിക്കുകയും ചെയ്യും.

കാലാനുസൃതം മാറി വന്ന ഈ വൈകാരിക തടസ്സം ഏറെക്കുറെ എല്ലാവരും അനുഭവിക്കുന്നുണ്ട്. വലിയ ഒരു പരാജയമായി ഇതിനെ സമീപിക്കേണ്ടതില്ല തന്നെ. വെറും മനുഷ്യരായ എതൊരാൾക്കും സംഭവിക്കാവുന്ന ബോധനഷ്ടത്തിന്റഎ ഒരു വകഭേദം. വളരെ ചെറിയ രീതിയിൽ നമുക്കിതിനെ കൈകാര്യം ചെയ്യാൻ കഴിയണം. “ഇതിപ്പോ തീർക്കാം’ എന്ന് ആലോചിക്കുന്നതിന് പകരം ലാപ്‌ടോപ്പ് തുറന്ന്’ അങ്ങ് തുടങ്ങുക. മറ്റൊരു ടാബ് കൂടി ഓപ്പൺ ചെയ്യാതെ ചെയ്യാനുള്ളതിലേക്ക് പ്രവേശിക്കുക. “ഈ മാസം തന്നെ ബോഡി ഫിറ്റ് ആകണം’ എന്നതിന് പകരം റണ്ണിംഗ് ഷൂസ് ധരിച്ച് ചുറ്റവട്ടം ആസ്വദിച്ച് ആദ്യത്തെ ചുവടു വെക്കുക. ചിലപ്പോൾ നിങ്ങളുടെ തലച്ചോറ് നിങ്ങളെ കബളിപ്പിച്ച് അടുത്ത ടാബ് തുറന്ന് സ്ക്രോൾ കുഴിയിൽ വീഴ്ത്തുകയോ ഷൂവിട്ട് ആകാശം നോക്കി നിൽക്കുകയോ ചെയ്താൽ സ്വയം ക്ഷമിക്കുക. കാമറ ഓപ്പൺ ചെയ്ത് അതിൽ നോക്കി ചിരിക്കുക.
അത്യാവശ്യമല്ലാത്ത നോട്ടിഫിക്കേഷനുകൾ ഓഫാക്കി, ഏറ്റവും ശ്രദ്ധ തിരിക്കുന്ന ആപ്പുകൾ താത്കാലികമായി അൺഇൻസ്റ്റാൾ ചെയ്ത് നിങ്ങളുടെ ഫീഡ് ക്യൂറേറ്റ് ചെയ്യുക.

മനഃപൂർവമായ ബ്രൗസിംഗിനായി ദിവസത്തിൽ ചെറിയ കാലയളവുകൾ അനുവദിച്ചുകൊണ്ട് ഒരു “സ്ക്രോൾ ഷെഡ്യൂൾ’ സൃഷ്ടിക്കുക. ഒരു പുസ്തകം വായിക്കൽ, പോഡ്‌കാസ്റ്റ് കേൾക്കൽ, അല്ലെങ്കിൽ ഒരു ചെറിയ നടത്തം പോലുള്ള ചെറുതും എന്നാൽ പ്രതിഫലദായകവുമായ ബദലുകൾ ഉപയോഗിച്ച് സ്‌ക്രോളിംഗ് ശീലം മാറ്റിസ്ഥാപിക്കുക. ഏറ്റവും പ്രധാനമായി, മാനസികമായി നിങ്ങൾ വിരസത, ഉത്കണ്ഠ, അല്ലെങ്കിൽ ഫോമോ തുടങ്ങിയ വികാരങ്ങളെ നേരിടാനുള്ള ആരോഗ്യകരമായ രീതികൾ പിന്തുടരുകയാണ് എന്ന് ഉറച്ച് ചിന്തിക്കുക. “കഠിനാധ്വാനം’ ചെയ്യാൻ നിങ്ങളോട് ആക്രോശിക്കുന്ന ഒരു കോർപ്പറേറ്റ് ഗുരുവിന്റെ ആവശ്യം ഒരു നിലക്കും നിങ്ങൾക്കിപ്പോഴില്ല. മൃദുശബ്ദത്തിൽ നിങ്ങൾക്ക് നിങ്ങളെ തന്നെ പതിയെ വഴി നടത്താനാകും. അതാണ് നല്ലതും. കാരണം “സത്യസന്ധമായ ഒരു ചുവടുവെപ്പ് പത്ത് വ്യാജ ചുവടുവെപ്പുകളേക്കാൾ ശക്തമാണ്’.

Latest