Ongoing News
അയോഗ്യത; വിനേഷിന്റെ അപ്പീല്‍ തള്ളിക്കൊണ്ടുള്ള കായിക കോടതിയുടെ വിധി പകര്‍പ്പ് പുറത്ത്
ഭാരം നിശ്ചിത പരിധിയില്‍ നിലനിര്‍ത്തേണ്ടത് താരത്തിന്റെ ഉത്തരവാദിത്തം. നിശ്ചിത ഭാരത്തില്‍ ഒരു ഗ്രാം പോലും കൂടരുത്. ആര്‍ത്തവത്തിന്റെ പേരില്‍ ഇളവ് നല്‍കാനാകില്ല.

പാരീസ് | പാരീസ് ഒളിംപിക്സ് വനിതാ ഗുസ്തിയില്‍ ഫൈനലിലെത്തിയ ശേഷം അയോഗ്യയാക്കപ്പെട്ട ഇന്ത്യന്‍ താരം വിനേഷ് ഫോഗട്ട് നല്‍കിയ അപ്പീല്‍ തള്ളിക്കൊണ്ടുള്ള കായിക കോടതിയുടെ വിധി പകര്‍പ്പ് പുറത്ത്. ദേഹപരിശോധനയില്‍ 100 ഗ്രാം അധികം ഭാരം കണ്ടെത്തിയതിന്റെ പേരിലാണ് വിനേഷിനെ അയോഗ്യയാക്കിയിരുന്നത്. ഭാരം നിശ്ചിത പരിധിയില്‍ നിലനിര്‍ത്തേണ്ടത് താരത്തിന്റെ ഉത്തരവാദിത്തമാണെന്ന് കായിക കോടതിയുടെ 24 പേജുള്ള വിധിയില്‍ വ്യക്തമാക്കുന്നു.
ഭാരം സംബന്ധിച്ച നിയമം വിനേഷിനും അറിയാവുന്നതാണ്. നിയമം എല്ലാ താരങ്ങള്‍ക്കും ഒരുപോലെ ബാധകമാണ്. ആര്‍ത്തവ ദിവസങ്ങള്‍ കണക്കിലെടുത്ത് ഇളവ് അനുവദിക്കണമെന്ന ആവശ്യം അംഗീകരിക്കാനാകില്ല. ഇങ്ങനെയൊരു ഇളവ് നല്‍കാന്‍ നിലവിലെ നിയമം അനുവദിക്കുന്നില്ല. ഏത് വിഭാഗത്തിലാണോ മത്സരിക്കുന്നത് അതിലെ നിയമപ്രകാരമുള്ള നിശ്ചിത ഭാരത്തില്‍ ഒരു ഗ്രാം പോലും കൂടരുതെന്നാണ് ചട്ടമെന്നും വിധിയില്‍ പറയുന്നു.
എന്നാല്‍, മറ്റു ചില നിര്‍ണായക പരാമര്‍ശങ്ങളും കോടതി നടത്തി. രണ്ടാമത്തെ ഭാരപരിശോധനയുടെ പ്രത്യാഘാതം നിര്‍ദയമാണ്. താരത്തിന്റെ ഭാഗത്തു നിന്നുള്ള മനപ്പൂര്‍വമല്ലാത്ത പിഴവിന് കടുത്ത ശിക്ഷയാണ് ഏറ്റുവാങ്ങേണ്ടി വരുന്നത്.
പൂര്‍ത്തിയായ മത്സരങ്ങള്‍ക്ക് അനുസരിച്ച് ഫലപ്രഖ്യാപനം നടത്തുകയാണ് അനുയോജ്യം. പക്ഷെ, യുണൈറ്റഡ് വേള്‍ഡ് റെസ്ലിംഗ് (യു ഡബ്ല്യു ഡബ്ല്യു) നിയമത്തിന് അപ്പുറത്തേക്ക് പോകുന്നതിന് കോടതിക്ക് പരിധിയുണ്ടെന്നും വിധിയില്‍ ചൂണ്ടിക്കാട്ടുന്നു.