Articles
ദുരന്തം ഒറ്റ ക്ലിക്ക് മാത്രം അകലെ
ഓണ്‍ലൈന്‍ ആപ്പ് വായ്പയിലും മറ്റ് ഓണ്‍ലൈന്‍ കെണികളിലും കുടുങ്ങി ജീവിതം പ്രതിസന്ധിയിലായവരും ആത്മഹത്യയുടെ വക്കിലെത്തി നില്‍ക്കുന്നവരും കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ട്.
മുതലും പലിശയും ആവശ്യപ്പെട്ട് ബ്ലേഡ് മാഫിയകളുടെ ഭീഷണിയും പീഡനവും മൂലം ആത്മഹത്യ ചെയ്യുന്നവരുടെ വിവരങ്ങളായിരുന്നു ഒരു കാലഘട്ടത്തില്‍ പത്ര-ദൃശ്യ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നതെങ്കില്‍ ഇപ്പോള്‍ സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ വിരാജിക്കുന്നത് ഓണ്‍ലൈന്‍ ഗൂഢസംഘങ്ങളാണ്. ഓണ്‍ലൈനിന്റെ മറവില്‍ നടക്കുന്ന കുറ്റകൃത്യങ്ങള്‍ക്കെതിരെ പോലീസും മറ്റ് ബന്ധപ്പെട്ട അധികാരികളും എത്രയൊക്കെ മുന്നറിയിപ്പ് നല്‍കിയാലും പിന്നെയും തട്ടിപ്പുകള്‍ക്ക് തലവെച്ച് കൊടുത്ത് ജീവന്‍ നഷ്ടമാകുകയും ജീവിതം വഴിമുട്ടുകയും ചെയ്യുന്ന മലയാളികളുടെ എണ്ണം കൂടിക്കൂടി വരികയാണെന്നതാണ് നിര്‍ഭാഗ്യകരമായ വസ്തുത. ഇക്കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കിടെ കേരളത്തില്‍ ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകള്‍ക്ക് ഇരകളായി ജീവന്‍ പോലും നഷ്ടമായിരിക്കുന്നത് ആറ് പേര്‍ക്കാണ്. തുടര്‍ച്ചയായുള്ള ഈ ആത്മഹത്യകള്‍ കേരളത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്. കൊച്ചി കടമക്കുടിയില്‍ ഓണ്‍ലൈന്‍ ആപ്പ് വായ്പാ തട്ടിപ്പിന് ഇരകളായ നാലംഗ കുടുംബത്തിന് ജീവന്‍ നഷ്ടമായ സംഭവം അതിലൊന്നാണ്. പിഞ്ചുകുഞ്ഞുങ്ങളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ദമ്പതികള്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. ഓണ്‍ലൈന്‍ വായ്പാ തട്ടിപ്പ് സംഘത്തിന്റെ ഭീഷണിയെ തുടര്‍ന്നാണ് ദമ്പതികള്‍ കുട്ടികളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. വായ്പ അടച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെ കൂടുതല്‍ പണം ആവശ്യപ്പെട്ടുള്ള ഭീഷണികള്‍ തുടരുകയും കടമക്കുടിയിലെ യുവതിയുടെ മോര്‍ഫ് ചെയ്ത നഗ്‌നചിത്രങ്ങള്‍ വാട്സ്ആപ്പിലൂടെ പ്രചരിപ്പിക്കുകയും ചെയ്തതോടെയാണ് യുവതിയും ഭര്‍ത്താവും രണ്ട് മക്കളെ കൊന്ന് ആത്മഹത്യ ചെയ്യേണ്ട അത്യന്തം ദയനീയ അവസ്ഥയിലേക്ക് എത്തിച്ചേര്‍ന്നത്.
അതിദാരുണവും വേദനാജനകവുമായ ഈ സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് ഇടുക്കിയില്‍ റാണിപുരം സ്വദേശിയായ യുവാവ് ഓണ്‍ലൈന്‍ ഗെയിം കളിച്ചതിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക നഷ്ടത്തില്‍ മനംനൊന്ത് ജീവനൊടുക്കിയ സംഭവം നടന്നത്. വയനാട് കല്‍പ്പറ്റയിലെ ലോട്ടറി തൊഴിലാളി ഓണ്‍ലൈന്‍ ആപ്പില്‍ നിന്ന് വായ്പയെടുത്തതിന്റെ പേരില്‍ ബ്ലാക്ക് മെയിലിംഗിനിരയായി ആത്മഹത്യ ചെയ്തത് കഴിഞ്ഞ ദിവസമാണ്. വൃക്കരോഗിയായ ഈ ലോട്ടറി തൊഴിലാളി പലയിടങ്ങളില്‍ നിന്ന് പണം വായ്പയെടുത്താണ് ചികിത്സ നടത്തിയിരുന്നത്. ചികിത്സക്ക് പണം തികയാതെ വന്നപ്പോഴാണ് ഓണ്‍ലൈന്‍ ആപ്പില്‍ നിന്ന് വായ്പയെടുത്തത്. വായ്പ തിരിച്ചടക്കാന്‍ ഭീഷണി ഉയരുകയും ലോട്ടറി തൊഴിലാളിയുടെ വ്യാജ ചിത്രങ്ങള്‍ ഉണ്ടാക്കി ഫേസ്ബുക്ക് സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുക്കുകയും ചെയ്തു. ബന്ധുക്കളായ ചിലര്‍ക്കും മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ അയച്ചുകൊടുത്തിരുന്നു. അങ്ങനെ കുടുംബത്തിലും സമൂഹത്തിലും അപമാനിതനായതോടെയാണ് ലോട്ടറി തൊഴിലാളി ജീവിതം അവസാനിപ്പിച്ചത്.
ഓണ്‍ലൈന്‍ ആപ്പ് വായ്പയിലും മറ്റ് ഓണ്‍ലൈന്‍ കെണികളിലും കുടുങ്ങി ജീവിതം പ്രതിസന്ധിയിലായവരും ആത്മഹത്യയുടെ വക്കിലെത്തി നില്‍ക്കുന്നവരും കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ട്. ഓണ്‍ലൈന്‍ ആപ്പില്‍ നിന്ന് എടുക്കാത്ത വായ്പക്ക് പോലും പണം തിരിച്ചടയ്ക്കണമെന്നാവശ്യപ്പെട്ടുള്ള ഭീഷണികളും പലരും നേരിടുന്നുണ്ട്. പാലക്കാട് കൊല്ലങ്കോട്ട് എടുക്കാത്ത വായ്പ അടയ്ക്കണമെന്നാവശ്യപ്പെട്ട് ഓണ്‍ലൈന്‍ മാഫിയകള്‍ ഭീഷണിപ്പെടുത്തുന്നുവെന്നാരോപിച്ച് ഒരു വീട്ടമ്മ പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്. മകളുടെ ഫോണിലടക്കം വീട്ടമ്മയുടെ മോര്‍ഫ് ചെയ്ത അശ്ലീല ചിത്രങ്ങള്‍ അയച്ചാണ് ഭീഷണി തുടരുന്നത്. കൊവിഡ് കാലത്ത് ഓണ്‍ലൈന്‍ വായ്പയെടുക്കുന്നതിനെക്കുറിച്ച് വീട്ടമ്മ ആലോചിച്ചിരുന്നു. ഓണ്‍ലൈനില്‍ കണ്ട നമ്പറിലേക്ക് ആധാര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ നല്‍കുകയും ഇന്റര്‍നെറ്റ് സൗകര്യമുള്ള ഫോണ്‍ നമ്പര്‍ ആവശ്യപ്പെട്ടതിനാല്‍ മകളുടെ നമ്പര്‍ നല്‍കുകയും ചെയ്തിരുന്നു. പിന്നീട് 13,800 രൂപ തിരിച്ചടക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഭീഷണി സന്ദേശം വരികയായിരുന്നു. ഓണ്‍ലൈന്‍ ആപ്പ് മൊബൈല്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നവര്‍ പിന്നെ തട്ടിപ്പ് സംഘങ്ങളുടെ ഇരകളായി മാറുകയാണ് ചെയ്യുന്നത്. ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുന്നതോടെ ഫോണിലെ സകല ബന്ധങ്ങളും വിവരങ്ങളും ഗൂഢ സംഘത്തിന് ലഭിക്കുന്നു. ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തതിന് ശേഷം സംശയം തോന്നി വായ്പ വേണ്ടെന്ന് വെച്ചാലും ഗൂഢ സംഘം പിന്‍മാറില്ല. വായ്പയെടുക്കാന്‍ നിര്‍ബന്ധിക്കും. ഇല്ലെങ്കില്‍ ഫോണിലൂടെ ലഭ്യമായ വിവരങ്ങള്‍ വെച്ച് ബ്ലാക്ക് മെയിലിംഗ് നടത്താനാകും ശ്രമം. ഭീഷണി ഭയന്ന് വായ്പയെടുത്താല്‍ പെട്ടെന്ന് തിരിച്ചടയ്ക്കണം. അല്ലെങ്കില്‍ അതിന്റെ പേരിലാകും പിന്നീടുള്ള പ്രശ്‌നം. പണം പൂര്‍ണമായി തിരിച്ചടച്ചാല്‍ പോലും ഇവരുടെ കെണിയില്‍ നിന്ന് രക്ഷപ്പെടാന്‍ സാധിച്ചെന്ന് വരില്ല. ഇനിയും പണമടയ്ക്കണമെന്ന സന്ദേശം ഫോണിലെത്തും. പണം നല്‍കിയില്ലെങ്കില്‍ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്നാകും ഭീഷണി. പണം അടയ്ക്കില്ലെന്ന് ഉറപ്പായാല്‍ ലോണ്‍ ആപ്പില്‍ വായ്പയെടുത്ത ആളുടെ അപകീര്‍ത്തികരമായ ചിത്രങ്ങള്‍ ഫേസ്ബുക്കിലും വാട്‌സ്ആപ്പിലും പ്രചരിപ്പിക്കും. വായ്പയെടുത്ത ആളുടെ മാത്രമല്ല കുടുംബക്കാരുടെയും അശ്ലീല ചിത്രങ്ങളെത്തും. ഇതോടെയാണ് കൂട്ട ആത്മഹത്യയല്ലാതെ മറ്റ് മാര്‍ഗമില്ലെന്ന തെറ്റായ ധാരണയില്‍ തട്ടിപ്പില്‍ കുടുങ്ങുന്ന കുടുംബങ്ങള്‍ എത്തിച്ചേരുന്നത്.
പണത്തിന് അത്യാവശ്യമുള്ളവര്‍ക്ക് ബേങ്കുകളില്‍ നിന്നും മറ്റ് ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും വായ്പയെടുക്കുന്നതിന് രേഖകള്‍ സംബന്ധമായ പ്രശ്‌നങ്ങളും പണം ലഭിക്കുന്നതിനുള്ള കാലതാമസവും തടസ്സമാകുന്നുണ്ട്. ഇതോടെയാണ് ആധാര്‍ കാര്‍ഡിന്റെയും പാന്‍ കാര്‍ഡിന്റെയും കോപ്പികള്‍ മാത്രം നല്‍കിയാല്‍ വായ്പ ലഭിക്കുന്ന ലോണ്‍ ആപ്പുകളിലേക്ക് കൂടുതല്‍ പേരും ആകര്‍ഷിക്കപ്പെടുന്നത്. ഒറ്റ ക്ലിക്കില്‍ തന്നെ പണം അക്കൗണ്ടിലെത്തുമെന്നതാണ് മറ്റൊരു സൗകര്യം. 36 മുതല്‍ 50 ശതമാനം വരെയാണ് സംഘം പലിശയീടാക്കുന്നത്. തിരിച്ചടവ് വൈകിയാല്‍ പലിശ പിന്നെയും കൂടും. ആപ്പിലേക്ക് വായ്പാ ആവശ്യക്കാരുടെ വിവരങ്ങളെത്തിക്കഴിഞ്ഞാല്‍ പിന്നെ വായ്പ വാങ്ങിയാലും ഇല്ലെങ്കിലും ഇതൊരു ഊരാക്കുടുക്കായി മാറുന്ന അനുഭവങ്ങളാണുള്ളത്. ലോണ്‍ ആപ്പിലെ വായ്പക്ക് പിന്നിലുള്ളവരെക്കുറിച്ച് യാതൊരു സൂചനയും ധാരണയും ആളുകള്‍ക്കുണ്ടാകില്ല. എളുപ്പത്തില്‍ പണം കിട്ടുമെന്നതിനെക്കുറിച്ച് മാത്രമാണ് വായ്പ വേണ്ടവര്‍ ചിന്തിക്കുന്നത്. എന്നാല്‍ എത്ര വലിയ വിപത്തിലേക്കാണ് തങ്ങള്‍ കാലെടുത്തുവെച്ചിരിക്കുന്നതെന്ന് തിരിച്ചറിയുമ്പോഴേക്കും ജീവിതം ദുരന്തപൂര്‍ണമായിത്തീരും.
ഓണ്‍ലൈന്‍ വായ്പാ തട്ടിപ്പുകള്‍ക്ക് പുറമെ നിക്ഷേപ തട്ടിപ്പുകളും സജീവമാണ്. പല തരത്തിലുള്ള ആപ്പുകള്‍ നിക്ഷേപ തട്ടിപ്പുകള്‍ക്ക് മാത്രമായി പ്രവര്‍ത്തിക്കുന്നുണ്ട്. നാട്ടിലെ കൊള്ളപ്പലിശക്കാരേക്കാള്‍ വലിയ ചൂഷണവും ദ്രോഹവുമാണ് ഓണ്‍ലൈന്‍ മാഫിയകളുടെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്ന് വ്യക്തം. നാടന്‍ ബ്ലേഡുകാരെക്കുറിച്ച് വ്യക്തമായി അറിയാവുന്നതിനാല്‍ നിയമ നടപടികള്‍ സ്വീകരിച്ചാല്‍ കൊള്ളപ്പലിശക്കാരെ അറസ്റ്റ് ചെയ്യാന്‍ സാധിക്കും. എന്നാല്‍ എത്രയോ സൈബര്‍ വിദഗ്ധരെ രംഗത്തിറക്കിയാലും ഓണ്‍ലൈന്‍ മാഫിയകളെ കണ്ടെത്തുകയെന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. അതുകൊണ്ട് തന്നെ ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ പൂര്‍വാധികം ശക്തിയോടെ മുന്നോട്ടുപോകുന്നതിനൊപ്പം കെണിയില്‍ അകപ്പെടുന്നവരുടെ എണ്ണവും കൂടുന്നു. ഇത്തരം തട്ടിപ്പുകള്‍ നടത്തുന്ന സംഘങ്ങളില്‍ ഇതര സംസ്ഥാനക്കാര്‍ മാത്രമല്ല, മലയാളികളുമുണ്ട്. ഓണ്‍ലൈനിലെ ലോണ്‍ ആപ്പുകളുടെ പരസ്യവും സന്ദേശവും കണ്ടാല്‍ അവഗണിക്കുക തന്നെ വേണം. അബദ്ധത്തില്‍ ലോണ്‍ ആപ്പില്‍ കുടുങ്ങിയാല്‍ ഒട്ടും തളരാനും പാടില്ല. അപകീര്‍ത്തികരമായ ചിത്രങ്ങള്‍ വന്നാല്‍തന്നെയും ഇത് ചതിയാണെന്ന് കുടുംബത്തെയും സമൂഹത്തെയും ബോധ്യപ്പെടുത്താനും നിയമ നടപടികളിലേക്ക് നീങ്ങാനും തട്ടിപ്പില്‍ കുടുങ്ങിയവര്‍ക്ക് സാധിക്കണം.