Disappearance of the merchant
റിയല്‍ എസ്റ്റേറ്റ് വ്യാപാരിയുടെ തിരോധാനം; കുടുംബം മുഖ്യമന്ത്രിയെ കണ്ടു
പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നാണ് ആവശ്യം

കോഴിക്കോട് | കാണാതായ റിയല്‍ എസ്റ്റേറ്റ് വ്യാപാരി മുഹമ്മദ് ആട്ടൂരിനെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു.
10 മാസം മുമ്പാണ് ദുരൂഹ സാഹചര്യത്തില്‍ മുഹമ്മദ് ആട്ടൂരിനെ കാണാതായത്. ഇതുവരെ കൃത്യമായ വിവരം ലഭിക്കാത്ത സാഹചര്യത്തിലാണ് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളോടൊപ്പം കുടുംബം മുഖ്യമന്ത്രിയെ കണ്ടത്. 2023 ആഗസ്റ്റ് 21നാണ് ബാലുശ്ശേരി എരമംഗലം സ്വദേശിയായ മുഹമ്മദ് ആട്ടൂരിനെ കോഴിക്കോട് നഗരത്തില്‍നിന്ന് കാണാതായത്.
കുടുംബത്തിന്റെ പരാതിയില്‍ ആദ്യം നടക്കാവ് പോലീസും പിന്നീട് പ്രത്യേക അന്വേഷണസംഘവുമാണ് കേസ് അന്വേഷിച്ചത്. നിഗൂഢമായ സാഹചര്യങ്ങളാണ് ആട്ടൂര്‍ മുഹമ്മദിന്റെ തിരോധാനത്തിലുള്ളതെന്നും, ഗൂഢാലോചന സംശയിക്കുന്നതായും ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ ആരോപിച്ചു.
റിയല്‍ എസ്റ്റേറ്റ് വ്യാപാരിയായ മുഹമ്മദ് ആട്ടൂര്‍ വ്യവസായിക ആവശ്യങ്ങള്‍ക്കായി സാധാരണ യാത്രകള്‍ പോകാറുണ്ടെങ്കിലും പോകുന്ന കാര്യങ്ങള്‍ കുടുംബത്തെ അറിയിക്കാറുണ്ട്. ഫോണിലും എപ്പോഴും ലഭ്യമാകാറുണ്ട്. കാണാതായ ദിവസം മുഹമ്മദ് ഉപയോഗിച്ചിരുന്ന ഫോണുകള്‍ സ്വിച്ച് ഓഫ് ആയി. ഒപ്പം നഗരത്തിലെയും അവസാനം മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കാണിച്ച കോഴിക്കോട് തലക്കുളത്തൂര്‍ ഭാഗത്തെയോ സി സി ടി വികളിലൊന്നും ആട്ടൂര്‍ മുഹമ്മദിനെക്കുറിച്ചുള്ള സൂചനകള്‍ ലഭിച്ചില്ല.
അന്വേഷണം പുരോഗമിക്കുകയാണെന്നും, ഇപ്പോള്‍ അന്വേഷണ പുരോഗതി വെളിപ്പെടുത്താനാവില്ലെന്നുമാണ് നടക്കാവ് പോലീസ് നല്‍കുന്ന മറുപടി. ഇത്രയും നാളത്തെ അന്വേഷണത്തില്‍ കൃത്യമായ ഒരു വിവരവും ലഭിക്കാത്ത സാഹചര്യത്തിലാണ് ആശങ്കയോടെ കുടുംബം മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചതും പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടതും.