Connect with us

Kerala

വിവാദ കൈപ്പുസ്തകത്തിൽ ഖേദം പ്രകടിപ്പിച്ച് താമരശ്ശേരി രൂപത

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനും ഇതിനെ തള്ളിപ്പറഞ്ഞിരുന്നു.

Published

|

Last Updated

കോഴിക്കോട് | ഇസ്‌ലാം മത വിശ്വാസികൾക്കെതിരെ ലവ് ജിഹാദ് ഉൾപ്പെടെയുള്ള ആരോപണങ്ങളും വർഗീയ പമാർശങ്ങളുമായി കൈപ്പുസ്തകം ഇറക്കിയതിൽ താമരശ്ശേരി രൂപത ഖേദം പ്രകടിപ്പിച്ചു. ഒരു വിശ്വാസത്തെയും വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും ഒരു മതത്തോടോ വിശ്വാസത്തോടോ രൂപതക്ക് വിവേചനമില്ലെന്നും വാർത്താകുറിപ്പിൽ പറയുന്നു. ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും വേണ്ടി ബോധവത്കരണമെന്ന നിലക്കാണ് പുസ്തകം ഇറക്കിയതെന്നും രൂപത അറിയിച്ചു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനും ഇതിനെ തള്ളിപ്പറഞ്ഞിരുന്നു.

വിദ്യാർഥികൾക്ക് വിതരണം ചെയ്യാനായി താമരശ്ശേരി രൂപത തയ്യാറാക്കിയ കൈപ്പുസ്തകത്തിലാണ് ലവ് ജിഹാദിലൂടെ ക്രിസ്ത്യൻ പെൺകുട്ടികളെ മതം മാറ്റുന്നുവെന്നത് ഉൾപ്പെടെയുള്ള വിവാദ പരാമർശങ്ങളുള്ളത്. ലവ് ജിഹാദിന്റെ ഭാഗമായി മുസ്‌ലിം യുവാക്കൾ പെൺകുട്ടികളെ കണ്ടെത്തുന്നത് മുതൽ വിവാഹം കഴിക്കുന്നത് വരെയുള്ള നീക്കങ്ങളെന്ന പേരിൽ ഒമ്പത് കാര്യങ്ങൾ അക്കമിട്ട് നിരത്തിയാണ് പുസ്തകത്തിൽ വിശദീകരിക്കുന്നത്. സത്യങ്ങളും വസ്തുതകളും 33 ചോദ്യോത്തരങ്ങളിലൂടെ എന്ന പേരിലാണ് സത്യത്തോട് പുലബന്ധം പോലുമില്ലാത്ത കാര്യങ്ങൾ പുസ്തകമാക്കി വിതരണം ചെയ്തത്. ഞായറാഴ്ചകളിൽ ക്രിസ്ത്യൻ വിദ്യാർഥികൾക്കായി നടത്തുന്ന മതപഠന ക്ലാസ്സിന്റെ ഭാഗമായി വിതരണം ചെയ്യുന്നതിനായാണ് പുസ്തകം തയ്യാറാക്കിയത്. നാല് ഭാഗങ്ങളായുള്ള പുസ്തകത്തിന്റെ നാലാം ഭാഗത്തിലെ 31-ാം ചോദ്യം പ്രണയക്കെണികൾ ഒരുക്കുന്നത് എങ്ങനെ എന്നാണ്. ഇതിന്റെ വിശദീകരണത്തിലാണ് ഒമ്പത് ഘട്ടങ്ങളിലായാണ് ലവ് ജിഹാദ് നടപ്പാക്കുന്നതെന്ന് വിവരിക്കുന്നത്.

മത വ്യാപനം ലക്ഷ്യമാക്കി വിവിധ തരത്തിലുള്ള ജിഹാദുകൾ മുസ്‌ലിം തീവ്രവാദികൾ പ്രയോഗിക്കുന്നുണ്ടെന്നും അവയിൽ ഏറ്റവും പ്രധാനപ്പെട്ടത് ലവ് ജിഹാദാണെന്നും പറഞ്ഞാണ് വിശദീകരണം തുടങ്ങുന്നത്. അമുസ്‌ലിം പെൺകുട്ടികളേയും സ്ത്രീകളേയും പ്രണയം നടിച്ച് വിവാഹം കഴിക്കുന്ന തന്ത്രമാണിത്. ഇതിനായി മുസ്‌ലിം യുവാക്കളേയും യുവതികളേയും പ്രത്യേക പരിശീലനം നൽകി സജ്ജമാക്കുന്നുവെന്നും വിവിധ ഘട്ടങ്ങളിലായി പദ്ധതി നടപ്പാക്കുന്നുവെന്നും പുസ്തകം പറയുന്നു.

ലവ് ജിഹാദ് ഘട്ടങ്ങൾ

ലവ് ജിഹാദിന്റെ ഒമ്പത് ഘട്ടങ്ങളായി താമരശ്ശേരി രൂപത പറയുന്ന കാര്യങ്ങൾ 1- പെൺകുട്ടിയെ തിരഞ്ഞെടുക്കൽ, 2- പരിചയപ്പെടൽ, 3- ബന്ധം ദൃഢമാക്കൽ, 4- വിവാഹത്തെ കുറിച്ചുള്ള ധാരണകൾ, 5- വിവാഹ വാഗ്ദാനം, കൈവിഷം അഥവാ ഓതിക്കെട്ടൽ, 6- ലൈംഗിക ബന്ധം, ദുരുപയോഗം ചെയ്യൽ (ഇതിന് തയ്യാറായില്ലെങ്കിൽ മയക്കുമരുന്ന് നൽകി പീഡിപ്പിക്കുന്നു, മോർഫിംഗ് ചിത്രങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തുന്നു), 7- കുടുംബത്തിൽ നിന്ന് അകറ്റുന്നു, സമൂഹത്തിലെ വില കളയുന്നു, 8- നിയമപരമായി സ്വന്തമാക്കുക, 9-വിവാഹ ജീവിതം, മതം മാറ്റം എന്നിവയാണ്.

അഞ്ചാമത്തെ ഘട്ടമായ കൈ വിഷം അഥവാ ഓതിക്കെട്ട് ഇസ്‌ലാം മത പുരോഹിതന്മാർ ചെയ്യുന്ന ആഭിചാര ക്രിയയാണെന്നാണ് ആരോപണം. പെൺകുട്ടിയുടെ പേനയോ തൂവാലയോ തലമുടിയോ മറ്റെന്തെങ്കിലും വസ്തുക്കളോ സ്വന്തമാക്കിയോ പെൺകുട്ടിയുടെ പേര് പറഞ്ഞ് ചരട്, നാണയം, മോതിരം, വെള്ളം, ഭക്ഷണ പദാർഥങ്ങൾ, സമ്മാനങ്ങൾ എന്നിവ ഓതിക്കെട്ടിയോ ആഭിചാര ക്രിയ നടത്തും. ഇവ സാധാരണ സ്പർശനത്തിൽ പോലും വശീകരണത്തിലേക്ക് എത്തിക്കുന്നുണ്ടെങ്കിൽ സൂക്ഷിക്കണമെന്നാണ് മുന്നറിയിപ്പ്. ഇത്തരം മാന്ത്രിക കെട്ടുകൾ ബന്ധന പ്രാർഥനയിലൂടെയും പരിഹാര മരുന്നുകളിലൂടെയും പിതാക്കൻമാർക്കും അവർ അധികാരം നൽകിയ വൈദികർക്കും മാറ്റിയെടുക്കാനാവുമെന്നുമാണ് താമരശ്ശേരി രൂപതയുടെ കണ്ടെത്തൽ. സൗഹൃദം പ്രത്യേകം സൂക്ഷിക്കണം. പെരുന്നാൾ പോലോത്ത ദിവസങ്ങളിൽ വീടുകളിലേക്ക് ക്ഷണിക്കുന്നതും ലവ് ജിഹാദിന്റെ ഭാഗമാണെന്നും പുസ്തകത്തിൽ പറയുന്നു.

“ഇങ്ങനെ മതം മാറ്റിയാൽ ജിഹാദിക്കും കുടുംബത്തിനും മഹല്ലിൽ നിന്നും ഇസ്‌ലാമിക സംഘടനകളിൽ നിന്നും വലിയ തുക പ്രതിഫലം ലഭിക്കും. അന്യ മതസ്ഥയായ ഒരു പെൺകുട്ടിയെ ലൈംഗികമായി ഉപയോഗിക്കുന്നതോ ചതിക്കുന്നതോ നശിപ്പിക്കുന്നതോ ഇസ്‌ലാം തത്വപ്രകാരം ഒരു തിന്മയല്ല, പുണ്യമാണ്, സ്വർഗത്തിലെത്താനുള്ള വഴിയാണ്” എന്നിങ്ങനെയുള്ള ഗുരുതര പരാമർശങ്ങളാണ് ഇസ്‌ലാമിനെതിരെ പുസ്തകത്തിൽ പറയുന്നത്.

വിവാദ പുസ്തകത്തിനെതിരെ വൈദികരിൽ നിന്നു പോലും പ്രതിഷേധം ഉയർന്നിരുന്നു. കേരളത്തിലെ മത സൗഹാർദം തകർക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ് താമരശ്ശേരി രൂപതയുടെ പുതിയ പുസ്തകമെന്നായിരുന്നു വ്യാപക വിമർശം. കേന്ദ്ര അന്വേഷണ ഏജൻസികൾ പോലും വ്യാജ പ്രചാരണമെന്ന് കണ്ടെത്തിയ ലവ് ജിഹാദാണ് താമരശ്ശേരി രൂപത കുട്ടികളിൽ വർഗീയത വളർത്താൻ പുസ്തകമായി അച്ചടിച്ച് വിതരണം ചെയ്യുന്നതെന്നും വിമർശമുണ്ടായിരുന്നു.