Kerala
നോളജ് സിറ്റിയിലെ വയല്‍ പ്രദേശത്ത് നാല് തരം നെല്‍കൃഷികളിറക്കി; വിനിയോഗിച്ചത് തരിശ് ഭൂമി ഉള്‍പ്പെടെയുള്ള ആറര ഏക്കര്‍
നാളെ കിസാന്‍ ദിവസ്. യുനൈറ്റഡ് ഫാമേഴ്സ് ഫോറം സഹകരണത്തോടെയാണ് നെല്‍കൃഷി നടപ്പാക്കുന്നത്.
മര്‍കസ് നോളജ് സിറ്റിയിലെ നെല്‍ കൃഷിയില്‍ നിന്ന്.
നോളജ് സിറ്റി | മര്‍കസ് നോളജ് സിറ്റിയിലെ വയല്‍ പ്രദേശത്ത് നാല് തരത്തിലുള്ള നെല്‍കൃഷികള്‍ നടപ്പാക്കുന്നു. തരിശ് ഭൂമി ഉള്‍പ്പെടെയുള്ള ആറര ഏക്കറാണ് യുനൈറ്റഡ് ഫാമേഴ്സ് ഫോറ (യു എഫ് എഫ്) ത്തിന്റെ സഹകരണത്തോടെ നെല്‍കൃഷിക്കായി വിനിയോഗിച്ചിരിക്കുന്നത്. യുനൈറ്റഡ് ഫാമേഴ്സ് ഫോറം ജില്ലാ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ നേരിട്ട് പങ്കാളികളായാണ് ട്രാക്ടറും ടില്ലറും ഉപയോഗിച്ച് നിലമുഴുതത്. ഉമ, നവര എന്നീ ഇനങ്ങളില്‍ പെട്ട വിത്തുകളാണ് ഇവിടെ വിതച്ചിരിക്കുന്നത്.
സമസ്ത സെന്റിനറി സമ്മേളനത്തിന്റെ ഭാഗമായാണ് യുനൈറ്റഡ് ഫാര്‍മേഴ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ നെല്‍കൃഷി നടത്തുന്നത്. ഞാറു നടീല്‍ (കൈ ഞാറ്റടി), ഡ്രം സീഡര്‍, വിതക്കല്‍ എന്നിവക്ക് പുറമെ മെഷീന്‍ നടീലും ഇവിടെ നടപ്പാക്കിയിട്ടുണ്ട്. കൃഷി രീതികളില്‍ പരിചയ സമ്പന്നരായ ആളുകളുടെ നേതൃത്വത്തിലാണ് നെല്‍കൃഷി നടക്കുന്നത്.
അതോടൊപ്പം, തണ്ണിമത്തന്‍, വിവിധ ചീരകള്‍, പഴവര്‍ഗങ്ങള്‍ തുടങ്ങിയവയും നോളജ് സിറ്റിയിലെ വിവിധ ഭാഗങ്ങളില്‍ കൃഷി ചെയ്തു വരുന്നുണ്ട്. കഴിഞ്ഞ വര്‍ഷത്തെ റമസാനില്‍ ഇവിടെ വിളവെടുത്ത തണ്ണിമത്തന്‍ ജാമിഉല്‍ ഫുതൂഹിലെ ഇഫ്താറിന് വിനിയോഗിച്ചിരുന്നു. ഇത്തവണയും സമാനമായ രീതിയില്‍ അല്ലെങ്കില്‍ അതിനെക്കാള്‍ മനോഹരമായി തണ്ണിമത്തന്‍ വിളവെടുക്കാന്‍ കഴിയുമെന്നാണ് കര്‍ഷകര്‍ പ്രതീക്ഷ പ്രകടിപ്പിക്കുന്നത്.



