Kerala
ആലപ്പുഴയിലെ കാപ്പിക്കോ റിസോര്‍ട്ട് പൊളിക്കല്‍ ആരംഭിച്ചു
തീരദേശ പരിപാലന ചട്ടം ലഘിച്ചതിനെത്തുടര്‍ന്ന് പൊളിക്കുന്നത് 54 വില്ലകളടങ്ങിയ റിസോര്‍ട്ട്

ആലപ്പുഴ തീരദേശ പരിപാലന ചട്ടം ലഘിച്ച് നിര്‍മിച്ച ആലപ്പുഴ പാണാവള്ളി നെടിയന്‍തുരുത്തിലെ കാപ്പിക്കോ റിസോര്‍ട്ട് പൊളിച്ച് നീക്കല്‍ ആരംഭിച്ചു. ജില്ലാ ഭരണകൂടത്തിന്‍റെ നേതൃത്വത്തിലാണ് പൊളിക്കല്‍. രാവിലെ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ജെ സി ബിയുമായെത്തിയ പൊളിക്കല്‍ ആരംഭിക്കുകയായിരുന്നു. റിസോര്‍ട്ടിന്‍റെ മതിലുകളും പുറംഭാഗത്തെ തൂണുകളുമെല്ലാമാണ് ആദ്യം പൊളിക്കുന്നത്.
17 ഏക്കറില്‍ 200 കോടിയോളം രൂപ ചെലവഴിച്ച് നിര്‍മിച്ച ആഢംബര റിസോര്‍ട്ടാണ് ഏറെ കാലത്തെ നിയമ പോരാട്ടത്തിനൊടുവില്‍ സുപ്രീം കോടതി ഉത്തരവ് പ്രകാരമാണ് പൊളിച്ച് നീക്കുന്നത്. 2020 ജനുവരിയിലാണ് റിസോര്‍ട്ട് പൊളിച്ചുനീക്കാന്‍ സുപ്രിംകോടതി ഉത്തരവിട്ടത്.
കഴിഞ്ഞ ദിവസം കലക്ടര്‍ വി ആര്‍ കൃഷ്ണതേജയടക്കമുള്ളവര്‍ സ്ഥലത്തെത്തി സര്‍ക്കാര്‍ ഭൂമി എന്ന ബോര്‍ഡ് സ്ഥാപിച്ചിരുന്നു. കൊവിഡും പാണാവള്ളി പഞ്ചായത്തിന്റെ സാമ്പത്തിക പ്രതിസന്ധിയും മൂലം പൊളിക്കല്‍ നീണ്ടുപോവുകയായിരുന്നു.
പാണാവള്ളി പഞ്ചായത്തിന് കീഴിലെ നെടിയതുരുത്തില്‍ 24 ഏക്കറിലായിട്ടാണ് കാപ്പിക്കോ റിസോര്‍ട്ട് പണി കഴിപ്പിച്ചത്. റിസോര്‍ട്ട് പൊളിച്ച് ദ്വീപ് പഴയ സ്ഥിതിയിലാക്കാനാണ് സുപ്രീം കോടതി വിധി.
54 വില്ലകളടക്കം 72 കെട്ടിടങ്ങളടങ്ങിയതാണ് റിസോര്‍ട്ട്. മധ്യഭാഗത്തെ കെട്ടിടങ്ങളുടെ വലിയ തൂണുകള്‍ക്ക് 40 അടി വരെ താഴ്ചയും. കെട്ടിടം പൊളിക്കുമ്പോള്‍ ഉണ്ടാകുന്ന അവശിഷ്ടങ്ങള്‍ കായലില്‍ വീഴരുത് എന്ന കര്‍ശന നിര്‍ദേശവും കോടതി നല്‍കിയിട്ടുണ്ട്.