National
ഡല്‍ഹിയിലെ തെരുവുനായ ശല്യം; ഹരജി ഇന്ന് സുപ്രിംകോടതി പരിഗണിക്കും
ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും തെരുവുനായ ആക്രമണം രൂക്ഷമായ സാഹചര്യത്തില്‍ സുപ്രിം കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു.

ന്യൂഡല്‍ഹി|ഡല്‍ഹിയിലെ തെരുവുനായ ശല്യവുമായി ബന്ധപ്പെട്ട ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. തെരുവുനായകളെ പിടികൂടി സംരക്ഷണ കേന്ദ്രത്തിലേക്ക് അയക്കാന്‍ രണ്ടംഗ ബെഞ്ച് കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിനു പിന്നാലെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. തുടര്‍ന്ന് ചീഫ് ജസ്റ്റിസ് മൂന്നംഗ ബെഞ്ചിന് ഹരജി വിട്ടു. ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും തെരുവുനായ ആക്രമണം രൂക്ഷമായ സാഹചര്യത്തില്‍ സുപ്രിംകോടതി സ്വമേധയാ എടുത്ത കേസില്‍ ജസ്റ്റിസ് ജെ.ബി. പര്‍ദ്ദിവാലയുടെതായിരുന്നു നിര്‍ണായക ഉത്തരവ്.
തെരുവ് നായകളെ പിടികൂടുന്നതിനിടയില്‍, മൃഗസ്‌നേഹികള്‍ തടസപ്പെടുത്താന്‍ പാടില്ല. തടസപ്പെടുത്തിയാല്‍ കടുത്ത നിയമനടപടി നേരിടേണ്ടി വരുമെന്നും ബെഞ്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഡല്‍ഹി കൂടാതെ ഉത്തര്‍പ്രദേശിലെ ഗാസിയാബാദ്, നോയിഡ നഗരങ്ങള്‍, ഹരിയാനയിലെ ഗുരു ഗ്രാമിലും ബാധകമാകുന്ന രീതിയിലാണ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നത്. തെരുവ് നായകളെ പിടികൂടാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. കൂടാതെ സംഘത്തെ തടയുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാനും സുപ്രീംകോടതിയുടെ നിര്‍ദേശമുണ്ട്.