Kerala
മകള്‍ ഷാള്‍ ധരിച്ചുവരുന്നത് മറ്റ് കുട്ടികളില്‍ ഭയമുണ്ടാക്കും, സമാന വേഷം ധരിച്ച കന്യാസ്ത്രീകളായ അധ്യാപകര്‍ പറഞ്ഞത് മകളെ തളര്‍ത്തി; ശിരോവസ്ത്ര വിലക്ക് നേരിട്ട വിദ്യാര്‍ത്ഥിയുടെ പിതാവ്
കുട്ടിയ്ക്ക് ഈ സ്‌കൂളില്‍ തുടരാന്‍ മാനസികമായ ബുദ്ധിമുട്ടുണ്ടെന്ന് പിതാവ്. സ്‌കൂളില്‍ നിന്ന് ടിസി വാങ്ങും.

കൊച്ചി| മകള്‍ ഷാള്‍ ധരിച്ചുവരുന്നത് മറ്റ് കുട്ടികളില്‍ ഭയമുണ്ടാക്കും, സമാനമായ വേഷം ധരിച്ച കന്യാസ്ത്രീകളായ അധ്യാപകര്‍ പറഞ്ഞത് മകളെ അങ്ങേയറ്റം തളര്‍ത്തിയെന്ന് പള്ളുരുത്തി സെന്റ് റീത്താ സ്‌കൂളില്‍ ശിരോവസ്ത്ര വിലക്ക് നേരിട്ട വിദ്യാര്‍ത്ഥിയുടെ പിതാവ് അനസ്. നാട്ടിലെ സമാധാനം തകര്‍ക്കുന്ന തരത്തിലുള്ള നടപടിയാണ് ഉണ്ടായതെന്ന ആക്ഷേപം കുടുംബത്തെ മാനസികമായി തകര്‍ത്തു. ചില രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും ജനപ്രതിനിധികളും മകളെയും എന്നെയും കുറ്റക്കാരാക്കി ചിത്രീകരിക്കുകയും ആവശ്യം പിന്‍വലിക്കാന്‍ സമ്മര്‍ദം ചെലുത്തുകയും ചെയ്‌തെന്നും അനസ് ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ പറയുന്നു. ഇത്തരം സമ്മര്‍ദങ്ങളാല്‍ മനോനില തകരാറിലാകുന്ന സ്ഥിതിയിലാണ് ഞങ്ങള്‍. ന്യായമായ ആവശ്യമാണെങ്കിലും അതിന്റെ പേരില്‍ രാഷ്ട്രീയവും വര്‍ഗീയവുമായ മുതലെടുപ്പിന് പലരും ശ്രമിക്കുന്നുവെന്നാണ് ഈ ദിവസങ്ങളില്‍ ഞങ്ങള്‍ മനസ്സിലാക്കിയതെന്നും അനസ് വ്യക്തമാക്കുന്നു.
വിദ്യാര്‍ഥി ഇനി സെന്റ് റീത്താ സ്‌കൂളിലേക്ക് ഇല്ല. സ്‌കൂളില്‍ നിന്ന് ടിസി വാങ്ങുമെന്നാണ് വിവരം. കുട്ടിയ്ക്ക് സ്‌കൂളില്‍ തുടരാന്‍ മാനസികമായ ബുദ്ധിമുട്ടുണ്ടെന്ന് പിതാവ് പറഞ്ഞു. 10 മണിക്ക് പിതാവ് മാധ്യമങ്ങളെ കാണുമെന്നാണ് വിവരം. കുട്ടിയ്ക്ക് ചില ശാരീരിക പ്രശ്നങ്ങളുണ്ടെന്നും തിങ്കളാഴ്ച മുതല്‍ കുട്ടി സ്‌കൂളില്‍ എത്തുമെന്നുമായിരുന്നു ആദ്യം അറിയിച്ചിരുന്നത്. പിന്നീടാണ് കുട്ടി ഇനി ആ സ്കൂളിലേക്കില്ലെന്ന് പിതാവ് അറിയിക്കുന്നത്.