Kerala
പാലക്കാട്ടെ ഒമ്പതാം ക്ലാസുകാരന്റെ മരണം; അന്വേഷണം ഊര്‍ജിതമാക്കന്‍ പോലീസ്, അധ്യാപകരുടെയും സഹപാഠികളുടെയും മൊഴി എടുക്കും
സംഭവത്തെതുടര്‍ന്ന് ക്ലാസ് ടീച്ചര്‍ ആശയെയും പ്രധാനാധ്യാപിക ലിസ്സിയെയും സ്‌കൂള്‍ മാനേജ്മെന്റ് സസ്പെന്‍ഡ് ചെയ്തിരുന്നു.

പാലക്കാട്|പാലക്കാട് കണ്ണാടി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി ജീവനൊടുക്കിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കന്‍ പോലീസ്. കുഴല്‍മന്ദം പോലീസാണ് കേസ് അന്വേഷിക്കുന്നത്. സ്‌കൂളിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിക്കും. സ്‌കൂളിലെ അധ്യാപകരുടെയും സഹപാഠികളുടെയും കുട്ടിയുടെ രക്ഷിതാക്കളുടെയും മൊഴി എടുക്കും. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി.
കഴിഞ്ഞ ദിവസമാണ് പല്ലന്‍ചാത്തന്നൂര്‍ സ്വദേശിയായ പതിനാലുകാരനായ അര്‍ജുന്‍ വീട്ടില്‍ ആത്മഹത്യ ചെയ്തത്. ഇതിനു പിന്നാലെ ക്ലാസ് അധ്യാപിക അര്‍ജുനെ നിരന്തരം മാനസികമായി പീഡിപ്പിക്കാറുണ്ടെന്നാണ് ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ കുട്ടികള്‍ അയച്ച മെസ്സേജിനെ തുടര്‍ന്ന് സൈബര്‍ സെല്ലില്‍ പരാതി നല്‍കുമെന്നും ജയിലില്‍ ഇടുമെന്നും അധ്യാപിക ഭീഷണിപ്പെടുത്തിയതായി കുടുംബം ആരോപിച്ചു. അധ്യാപിക ക്ലാസില്‍ വെച്ച് സൈബര്‍ സെല്ലിലേക്ക് വിളിച്ചതോടെ അര്‍ജുന്‍ അസ്വസ്ഥാനായിരുന്നു എന്ന് സഹപാഠി പറയുന്നു. കുഴല്‍മന്ദം പോലീസിലാണ് അര്‍ജുന്റെ കുടുംബം പരാതി നല്‍കിയത്. സംഭവത്തെതുടര്‍ന്ന് ക്ലാസ് ടീച്ചര്‍ ആശയെയും പ്രധാനാധ്യാപിക ലിസ്സിയെയും സ്‌കൂള്‍ മാനേജ്മെന്റ് സസ്പെന്‍ഡ് ചെയ്തിരുന്നു.