National
പുതുച്ചേരിയില്‍ കരതൊട്ട് ഫിന്‍ജാല്‍ ചുഴലിക്കാറ്റ്; അതീവ ജാഗ്രത, ഏഴ് ജില്ലകളില്‍ റെഡ് അലര്‍ട്ട്
ചുഴലിക്കാറ്റിനെ തുടര്‍ന്ന് ചെന്നൈയിലും തമിഴ്‌നാട്ടിലെ കിഴക്കന്‍ തീരദേശ ജില്ലകളിലും കനത്ത മഴ തുടരുകയാണ്
ചെന്നൈ | തമിഴ്‌നാട്ടില്‍ ഫിന്‍ജാല്‍ ചുഴലിക്കാറ്റ് കര തൊട്ടു. വൈകീട്ട് അഞ്ചരയോടെ പുതുച്ചേരിയിലാണ് ചുഴലിക്കാറ്റ് കര തൊട്ടത്. മണിക്കൂറില്‍ 80 മുതല്‍ 90 വരെ കി.മീ വേഗതയില്‍ കാറ്റ് വീശും ചുഴലിക്കാറ്റിനെ തുടര്‍ന്ന് ചെന്നൈയിലും തമിഴ്‌നാട്ടിലെ കിഴക്കന്‍ തീരദേശ ജില്ലകളിലും കനത്ത മഴ തുടരുകയാണ് . സംസ്ഥാനത്തെങ്ങും അതീവജാഗ്രത പുറപ്പെടുവിച്ചിട്ടുണ്ട്. കടല്‍ പ്രക്ഷുബ്ധമാണ്. കനത്ത മഴയില്‍ ചെന്നൈ നഗരത്തില്‍ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു.ഇതേത്തുടര്‍ന്ന് റോഡ്, ട്രെയിന്‍ ഗതാഗതം പലയിടത്തും തടസപ്പെട്ടു. നാളെ രാവിലെ നാല് വരെ ചെന്നൈ വിമാനത്താവളം പ്രവര്‍ത്തനം നിര്‍ത്തി വച്ചതായി അധികൃതര്‍ വ്യക്തമാക്കി. ഇതേത്തുടര്‍ന്ന് നൂറിലേറെ വിമാന സര്‍വീസുകള്‍ റദ്ദാക്കി. 19 സര്‍വീസുകള്‍ വഴി തിരിച്ചു വിട്ടു.
വരുന്ന 48 മണിക്കൂര്‍ കനത്ത മഴക്ക് സാധ്യതയുണ്ടെന്നും ഏതു സാഹചര്യത്തേയും നേരിടാന്‍ സംവിധാനങ്ങള്‍ സജ്ജമാണെന്നും മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ വ്യക്തമാക്കി. എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കി. ഐടി കമ്പനി ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം എര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ചെന്നൈ, തിരുവള്ളൂര്‍, ചെങ്കല്‍പേട്ട്, കാഞ്ചിപുരം, വില്ലുപുരം, കള്ളക്കുറിച്ചി, കടലൂര്‍ ജില്ലകലില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. റാണിപേട്ട്, തിരുവണ്ണാമലൈ, വെല്ലൂര്‍, പെരമ്പള്ളൂര്‍, അരിയല്ലൂര്‍, തഞ്ചാവൂര്‍, തിരുവാരൂര്‍, മയിലാടുതുറൈ, നാഗപട്ടണം, കാരയ്ക്കല്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു.തെക്കന്‍ ആന്ധ്രപ്രദേശിലും മഴ കനക്കുകയാണ്.