Kerala
സൈബര്‍ ആക്രമണം കോണ്‍ഗ്രസ്സിന്റെ ജീര്‍ണതക്ക് തെളിവ്: എം വി ഗോവിന്ദന്‍
പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ അറിവോടെയല്ലാതെ കോണ്‍ഗ്രസ്സ് സൈബര്‍ ഹാന്‍ഡിലുകള്‍ ഇത്തരം പ്രചാരണം നടത്തുമെന്ന് കരുതാനാകില്ല.

തിരുവനന്തപുരം | സി പി എം നേതാക്കള്‍ക്കെതിരായ സൈബര്‍ ആക്രമണങ്ങള്‍ കോണ്‍ഗ്രസ്സിന്റെ ജീര്‍ണതക്ക് വ്യക്തമായ തെളിവാണെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. കെ ജെ ഷൈനിനും കെ എന്‍ ഉണ്ണികൃഷ്ണന്‍ എം എല്‍ എയ്ക്കും എതിരെയുള്ള സൈബര്‍ ആക്രമണത്തോട് പ്രതികരിച്ച് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ അറിവോടെയല്ലാതെ കോണ്‍ഗ്രസ്സ് സൈബര്‍ ഹാന്‍ഡിലുകള്‍ ഇത്തരം പ്രചാരണം നടത്തുമെന്ന് കരുതാനാകില്ല. സ്ത്രീകളെ തേജോവധം ചെയ്യാനായി സൈബര്‍ ഇടങ്ങളെ ഉപയോഗിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എക്കെതിരെ ഗുരുതരമായ ലൈംഗികാരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ വലിയ ബോംബ് വരാന്‍ പോകുന്നുവെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞിരുന്നു. ഏത് ബോംബ് വന്നാലും അത് യു ഡി എഫിന്റെ തലയിലേ വീഴൂ എന്ന് സി പി എം മറുപടി നല്‍കുകയും ചെയ്തു. എന്നാല്‍, സതീശന്‍ പറഞ്ഞ ബോംബ് ഇതുപോലെ ഒന്നാണെന്ന് ആരും പ്രതീക്ഷിച്ചില്ല. പറവൂര്‍ കേന്ദ്രീകരിച്ചാണ് ഈ ബോംബ് രൂപപ്പെട്ടതെന്നും സി പി എം സെക്രട്ടറി പറഞ്ഞു.
കേട്ടാലറയ്ക്കുന്ന കള്ളപ്രചാരവേലയാണ് കെ ജെ ഷൈനിനും ഉണ്ണികൃഷ്ണന്‍ എം എല്‍ എക്കുമെതിരെ യു ഡി എഫ് നടത്തിയത്. വലതുപക്ഷ രാഷ്ട്രീയം എത്രമാത്രം ജീര്‍ണിച്ചിരിക്കുന്നു എന്നതിന്റെ തെളിവാണിത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ മുന്‍ മന്ത്രി കെ കെ ശൈലജക്കും പിന്നീട് മന്ത്രി വീണാ ജോര്‍ജിനും തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനുമൊക്കെ ഇതുപോലെ സൈബര്‍ ആക്രമണം നേരിടേണ്ടി വന്നിട്ടുണ്ട്. സൈബര്‍ അധിക്ഷേപങ്ങള്‍ക്കെതിരെ പൊതുസമൂഹം ശക്തമായ നിലപാട് സ്വീകരിക്കണമെന്ന് എം വി ഗോവിന്ദന്‍ ആവശ്യപ്പെട്ടു.