Connect with us

Kerala

കെ ജെ ഷൈനിനെതിരായ സൈബര്‍ ആക്രമണം; പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു

പോലീസ് സംവിധാനം ഉണര്‍ന്നു പ്രവര്‍ത്തിച്ചു. അതില്‍ അഭിമാനം ഉണ്ടെന്ന് കെ ജെ ഷൈന്‍ പ്രതികരിച്ചു.

Published

|

Last Updated

കൊച്ചി| സിപിഎം വനിതാ നേതാവ് കെ ജെ ഷൈനിനെതിരായ സൈബര്‍ ആക്രമണത്തില്‍ പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു. കെ ജെ ഷൈന്‍, വൈപ്പിന്‍ എംഎല്‍എ കെ എന്‍ ഉണ്ണികൃഷ്ണന്‍ എന്നിവര്‍ നല്‍കിയ സൈബര്‍ ആക്രമണ പരാതിയിലാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. അപവാദ പ്രചാരണത്തിന് പിന്നില്‍ കോണ്‍ഗ്രസ് ആണെന്ന് കെ എന്‍ ഉണ്ണകൃഷ്ണന്‍ പറഞ്ഞു.

കേസില്‍ പോലീസ് സംവിധാനം ഉണര്‍ന്നു പ്രവര്‍ത്തിച്ചു. അതില്‍ അഭിമാനം ഉണ്ടെന്ന് കെ ജെ ഷൈന്‍ പ്രതികരിച്ചു. കിട്ടിയ എല്ലാ തെളിവുകളും അന്വേഷണസംഘത്തിന് കൈമാറി. കോണ്‍ഗ്രസ് സംസ്‌കാരം നിലനിര്‍ത്തേണ്ടതുണ്ട്. എങ്കില്‍ മാത്രമേ ഉയര്‍ന്ന ആശയ ചിന്താഗതികള്‍ ഉള്ളവരായി പ്രവര്‍ത്തിക്കാന്‍ സാധിക്കുകയുള്ളൂ. നെഹ്റുവിന്റെ മകള്‍ക്ക് അയച്ച കത്തില്‍ സംസ്‌കാരം എന്തെന്ന് പറയുന്നുണ്ട്. അത് എല്ലാവരും വായിക്കണം. സ്ത്രീ പുരുഷ ലൈംഗികത നടുറോഡില്‍ വലിച്ചിഴയ്ക്കപ്പെടേണ്ടതല്ലെന്നും കെ ജെ ഷൈന്‍ കൂട്ടിച്ചേര്‍ത്തു. പ്രതിയായ കോണ്‍ഗ്രസ് പ്രാദേശിക നേതാവ് ഗോപാലകൃഷ്ണന്‍ ഒളിവിലാണ്. ഗോപാലകൃഷ്ണന്റെ കുടുംബത്തിനെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തെയും കെ ജെ ഷൈന്‍ തള്ളി.

സംഭവത്തില്‍ കെ എം ഷാജഹാന്റെ യുട്യൂബ് ചാനലിനും മെട്രോ വാര്‍ത്ത പത്രത്തിനുമെതിരെയും കേസെടുത്തിട്ടുണ്ട്. ഹീനമായ വ്യക്ത്യാധിക്ഷേപമാണ് തനിക്കെതിരെ നടക്കുന്നതെന്നും സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ മുഖ്യമന്ത്രിക്കും ഡി ജി പിക്കും പരാതി നല്‍കിയെന്നും ഷൈന്‍ അറിയിച്ചിരുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് തനിക്കെതിരായ സൈബര്‍ ആക്രമണം. തനിക്കെതിരെ ബോംബ് വരുമെന്ന് സുഹൃത്തായ കോണ്‍ഗ്രസ്സ് പ്രാദേശിക നേതാവ് പറഞ്ഞത് അതിനു വേണ്ടിയാണ്. ലൈംഗിക വൈകൃതത്തിന് അടിമപ്പെട്ട എം എല്‍ എയെ രക്ഷിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചിട്ടും കഴിയുന്നില്ല. നിയമസഭയിലും അതിനു കഴിയാത്ത സാഹചര്യമാണ്. അതില്‍നിന്നും ശ്രദ്ധതിരിക്കാനാണ് തനിക്കെതിരെയുള്ള ഇത്തരം ആരോപണങ്ങള്‍.

ശൈലജ ടീച്ചര്‍ക്ക് എതിരെ പോലും സൈബര്‍ ആക്രമണം നടന്നു. സ്ത്രീകളോടുള്ള കാഴ്ചപ്പാടില്‍ മാറ്റം വന്നിട്ടില്ല. സ്ത്രീകളെ അംഗീകരിക്കാന്‍ പലര്‍ക്കും കഴിയുന്നില്ല. ആരെയും എങ്ങനെ വേണമെങ്കിലും ആക്രമിക്കാമെന്ന രീതിയാണ്. എന്തെങ്കിലും കേട്ടാലുടന്‍ വീടിനകത്തേക്ക് തിരിച്ച് ഓടുന്നവരല്ല സ്ത്രീകളെന്ന് മനസ്സിലാക്കണമെന്നും ഷൈന്‍ പറഞ്ഞു.

 

---- facebook comment plugin here -----

Latest