Connect with us

Kerala

കെ ജെ ഷൈനിനെതിരായ സൈബര്‍ ആക്രമണം; കേസെടുത്ത് പോലീസ്

പ്രാദേശിക കോണ്‍ഗ്രസ്സ് നേതാവ് ഗോപാലകൃഷ്ണനെയും കേസില്‍ പ്രതി ചേര്‍ത്തു. കെ എം ഷാജഹാന്റെ യുട്യൂബ് ചാനലിനും മെട്രോ വാര്‍ത്ത പത്രത്തിനുമെതിരെയും കേസെടുത്തിട്ടുണ്ട്.

Published

|

Last Updated

കൊച്ചി | സി പി എം നേതാവ് കെ ജെ ഷൈനിനെതിരായ സൈബര്‍ ആക്രമണത്തില്‍ കേസെടുത്ത് പോലീസ്. ഷൈനിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രേഖപ്പെടുത്തിയത്. സൈബര്‍ പോലീസ് എഫ് ഐ ആര്‍ ഫയല്‍ ചെയ്തിട്ടുണ്ട്. സ്ത്രീത്വത്തെ അപമാനിച്ചതിനാണ് കേസ്. ഐടി ആക്ടും ചുമത്തിയിട്ടുണ്ട്. പ്രാദേശിക കോണ്‍ഗ്രസ്സ് നേതാവ് ഗോപാലകൃഷ്ണനെയും കേസില്‍ പ്രതി ചേര്‍ത്തു. കെ എം ഷാജഹാന്റെ യുട്യൂബ് ചാനലിനും മെട്രോ വാര്‍ത്ത പത്രത്തിനുമെതിരെയും കേസെടുത്തിട്ടുണ്ട്.

ഹീനമായ വ്യക്ത്യാധിക്ഷേപമാണ് തനിക്കെതിരെ നടക്കുന്നതെന്നും സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ മുഖ്യമന്ത്രിക്കും ഡി ജി പിക്കും പരാതി നല്‍കിയെന്നും ഷൈന്‍ അറിയിച്ചിരുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് തനിക്കെതിരായ സൈബര്‍ ആക്രമണം. തനിക്കെതിരെ ബോംബ് വരുമെന്ന് സുഹൃത്തായ കോണ്‍ഗ്രസ്സ് പ്രാദേശിക നേതാവ് പറഞ്ഞത് അതിനു വേണ്ടിയാണ്. ലൈംഗിക വൈകൃതത്തിന് അടിമപ്പെട്ട എം എല്‍ എയെ രക്ഷിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചിട്ടും കഴിയുന്നില്ല. നിയമസഭയിലും അതിനു കഴിയാത്ത സാഹചര്യമാണ്. അതില്‍നിന്നും ശ്രദ്ധതിരിക്കാനാണ് തനിക്കെതിരെയുള്ള ഇത്തരം ആരോപണങ്ങള്‍.

ശൈലജ ടീച്ചര്‍ക്ക് എതിരെ പോലും സൈബര്‍ ആക്രമണം നടന്നു. സ്ത്രീകളോടുള്ള കാഴ്ചപ്പാടില്‍ മാറ്റം വന്നിട്ടില്ല. സ്ത്രീകളെ അംഗീകരിക്കാന്‍ പലര്‍ക്കും കഴിയുന്നില്ല. ആരെയും എങ്ങനെ വേണമെങ്കിലും ആക്രമിക്കാമെന്ന രീതിയാണ്. എന്തെങ്കിലും കേട്ടാലുടന്‍ വീടിനകത്തേക്ക് തിരിച്ച് ഓടുന്നവരല്ല സ്ത്രീകളെന്ന് മനസ്സിലാക്കണമെന്നും ഷൈന്‍ പറഞ്ഞു.

Latest