Kerala
ജി സുധാകരനെതിരായ സൈബര്‍ ആക്രമണം; സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തി
കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല സംഘടിപ്പിച്ച ലഹരി വിരുദ്ധ ജാഥയെ പിന്തുണച്ച് ഫേസ്ബുക്ക് കുറിപ്പ് പങ്കുവെച്ചതിന് പിന്നാലെയാണ് ജി സുധാകരനെതിരായ സൈബര്‍ ആക്രമണം.

ആലപ്പുഴ| മുതിര്‍ന്ന സിപിഐഎം നേതാവ് ജി സുധാകരനെതിരായ സൈബര്‍ ആക്രമണത്തില്‍ സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തി. അമ്പലപ്പുഴ കിഴക്ക് ലോക്കല്‍ കമ്മിറ്റി അംഗം എം മിഥുനെ അമ്പലപ്പുഴ പോലീസ് അറസ്റ്റ് ചെയ്ത് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. മിഥുന്റെ മൊബൈല്‍ ഫോണ്‍ പോലീസ് കസ്റ്റഡിയിലെടുത്തു. കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല സംഘടിപ്പിച്ച ലഹരി വിരുദ്ധ ജാഥയെ പിന്തുണച്ച് ഫേസ്ബുക്ക് കുറിപ്പ് പങ്കുവെച്ചതിന് പിന്നാലെയാണ് ജി സുധാകരനെതിരായ സൈബര്‍ ആക്രമണം.
ജാഥയ്ക്ക് അഭിനന്ദനം അറിയിച്ച ജി സുധാകരന്‍ ഈ കാലഘട്ടത്തിന് ഏറ്റവും അനുയോജ്യമായ പ്രചാരണ പരിപാടിയാണിതെന്ന് അഭിപ്രായപ്പെട്ടിരുന്നു. തുടര്‍ന്ന് ഫേസ്ബുക്ക് കമന്റിലൂടെ മിഥുന്‍ സുധാകരനെതിരെ അശ്ലീല പദപ്രയോഗം ഉള്‍പ്പെടെ നടത്തുകയായിരുന്നു. തുടര്‍ന്ന് ജി സുധാകരന്‍ പോലീസില്‍ പരാതി നല്‍കി.
‘പ്രൗഡ് കേരള’ എന്ന സംഘടനയുടെ ആഭിമുഖ്യത്തിലായിരുന്നു ലഹരി വിരുദ്ധ ജാഥ നടന്നത്. കെ സി വേണുഗോപാല്‍ എംപി, ഷാനിമോള്‍ ഉസ്മാന്‍, പി ചിത്തരഞ്ജന്‍ എംഎല്‍എ തുടങ്ങി നിരവധി രാഷ്ട്രീയനേതാക്കളും ജാഥയില്‍ പങ്കെടുത്തിരുന്നു.