Connect with us

National

ചെന്നൈയില്‍ ദമ്പതികളെ കൊലപ്പെടുത്തിയ ശേഷം കോടികളുടെ ആഭരണം കവര്‍ന്നു; പ്രതികള്‍ അറസ്റ്റില്‍

മൈലാപ്പൂര്‍ ദ്വാരക കോളനിയില്‍ താമസിക്കുന്ന, ഓഡിറ്ററും സോഫ്റ്റ്വെയര്‍ സ്ഥാപന ഉടമയുമായ ശ്രീകാന്ത്, ഭാര്യ അനുരാധ എന്നിവരെയാണ് മോഷ്ടാക്കള്‍ തലക്കടിച്ചു കൊലപ്പെടുത്തിയത്.

Published

|

Last Updated

ചെന്നൈ | ചെന്നൈയിലെ മൈലാപ്പൂരില്‍ അരുംകൊലയും കോടികളുടെ കവര്‍ച്ചയും. മൈലാപ്പൂര്‍ ദ്വാരക കോളനിയില്‍ താമസിക്കുന്ന, ഓഡിറ്ററും സോഫ്റ്റ്വെയര്‍ സ്ഥാപന ഉടമയുമായ ശ്രീകാന്ത്, ഭാര്യ അനുരാധ എന്നിവരെയാണ് വീട്ടിലെ ഡ്രൈവറും സഹായിയും ചേര്‍ന്ന് തലക്കടിച്ചു കൊലപ്പെടുത്തിയത്. കൃത്യത്തിനു ശേഷം എട്ട് കിലോഗ്രാം സ്വര്‍ണവും അമ്പത് കിലോഗ്രാം വെള്ളിയും പ്രതികള്‍ കവര്‍ന്നു. പ്രതികളെ പിന്നീട് പോലീസ് പിടികൂടുകയായിരുന്നു. നേപ്പാള്‍ സ്വദേശിയായ ഡ്രൈവര്‍ മദന്‍ ലാല്‍ കിഷന്‍, ഇയാളുടെ സുഹൃത്ത് ഡാര്‍ജിലിങ് സ്വദേശി രവിറായ് എന്നിവരാണ് പിടിയിലായത്.

ശ്രീകാന്തിനെയും അനുരാധയെയും കൊലപ്പെടുത്തിയ പ്രതികള്‍ മൃതദേഹം ഇവരുടെ തന്നെ ഫാം ഹൗസില്‍ കുഴിച്ചുമൂടിയ ശേഷം കവര്‍ച്ചാ മുതലുമായി രക്ഷപ്പെടുകയായിരുന്നു. സംഭവം നടന്ന് അഞ്ചു മണിക്കൂറിനകം തന്നെ പ്രതികള്‍ പിടിയിലായി. ശ്രീകാന്തും അനുരാധയും ശനിയാഴ്ച പുലര്‍ച്ചെയാണ് അമേരിക്കയിലുള്ള മകളുടെ അടുത്തു നിന്നു മടങ്ങിയെത്തിയത്. പുലര്‍ച്ചെ ചെന്നൈ വിമാനത്താവളത്തില്‍ വിമാനമിറങ്ങിയ ഇരുവരെയും ഡ്രൈവര്‍ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി. നാട്ടിലെത്തിയതിന് ശേഷം രണ്ടുപേരുടെയും ഫോണുകള്‍ സ്വിച്ച് ഓഫാണെന്ന് അറിഞ്ഞ മകള്‍ അഡയാറിലുള്ള ബന്ധുവിനെ വിവരമറിയിച്ചു. ഇന്ന് പുലര്‍ച്ചെ പോലീസിനെ കൂട്ടി ബന്ധുവെത്തുമ്പോള്‍ വീട് പൂട്ടിയ നിലയിലായിരുന്നു. ഡ്രൈവറും കാറും വീട്ടിലുണ്ടായിരുന്നില്ല. സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ഡ്രൈവറും മറ്റൊരാളും ചേര്‍ന്ന് ദമ്പതികളെ കാറിലേക്ക് എടുത്തുകയറ്റുന്നതു കണ്ടു. ഇതോടെ കൊലപാതകം സ്ഥിരീകരിക്കുകയായിരുന്നു. ഡ്രൈവറുടെ മൊബൈല്‍ ഫോണ്‍ ട്രാക്ക് ചെയ്ത് സൈബര്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്.

 

 

Latest