Kerala
സിപിഎം സംസ്ഥാന സമതി യോഗത്തിന് ഇന്ന് തുടക്കമാകും; ഗവര്‍ണര്‍ക്കെതിരായ നീക്കം ചര്‍ച്ചയാകും
ഗവര്‍ണര്‍ക്ക് എതിരെ ശക്തമായ രാഷ്ട്രീയ സമരം തുടങ്ങാനും തീരുമാനം ഉണ്ടാകും

തിരുവനന്തപുരം | സിപിഎം സംസ്ഥാന സമിതിയോഗം ഇന്ന് തിരുവനന്തപുരത്ത് തുടങ്ങും. സര്‍ക്കാരുമായി നിരന്തരം ഏറ്റ്മുട്ടുന്ന ഗവര്‍ണറെ ചാന്‍സിലര്‍ സ്ഥാനത്തുനിന്ന് നീക്കം ചെയ്യാനുള്ള ഓര്‍ഡിനന്‍സ് കൊണ്ടുവരുന്ന കാര്യം ഇന്നും നാളെയുമായി ചേരുന്ന സംസ്ഥാന സമിതി ചര്‍ച്ച ചെയ്യും.
ഗവര്‍ണര്‍ക്ക് എതിരെ ശക്തമായ രാഷ്ട്രീയ സമരം തുടങ്ങാനും തീരുമാനം ഉണ്ടാകും. പൊതുമേഖലാ സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം അറുപതാക്കി ഉയര്‍ത്തിയതിലെ വിവാദം അവസാനിപ്പിക്കാന്‍ പാര്‍ട്ടിയില്‍ ധാരണയായിട്ടുണ്ട്. ഇന്നലെ ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ മുഖ്യമന്ത്രി പാര്‍ട്ടിക്ക് വിശദീകരണം നല്‍കി. പെന്‍ഷന്‍ പ്രായം കൂട്ടുന്നത് പാര്‍ട്ടി നയം അല്ലെന്നും പൊതുമേഖലാ സ്ഥാപനങ്ങളുടെ ഒരു ചട്ടക്കൂട് രൂപീകരിച്ചപ്പോള്‍ സംഭവിച്ചതാണെന്നും പാര്‍ട്ടി നയം അല്ലാത്തതിനാലാണ് പിന്‍വലിച്ചത് എന്നുമാണ് മുഖ്യമന്ത്രി പാര്‍ട്ടിക്ക് നല്‍കിയ വിശദീകരണം. നയപരമായ വിഷയങ്ങളില്‍ തീരുമാനമെടുക്കുമ്പോള്‍ ഇനി പാര്‍ട്ടിയോട് കൂടി ആലോചിക്കുമെന്നും ധാരണയായിട്ടുണ്ട്.