local body election 2025
ഊർങ്ങാട്ടിരിയിൽ സി പി ഐ സീറ്റിൽ സ്ഥാനാർഥിയെ നിർത്തി സി പി എം
മുന്നണിയിൽ ഭിന്നത പ്രകടമായി. 13ാം വാർഡ് മൈത്രയിലാണ് ഇരുകൂട്ടരും വിയോജിപ്പിലായത്.
അരീക്കോട് | മുന്നണി ബന്ധത്തിന് വിരുദ്ധമായി തദ്ദേശ തിരഞ്ഞെടുപ്പിൽ ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്തിൽ സി പി ഐയുടെ സീറ്റിൽ സ്ഥാനാർഥിയെ നിർത്തി സി പി എം. ഇതോടെ മുന്നണിയിൽ ഭിന്നത പ്രകടമായി.
13ാം വാർഡ് മൈത്രയിലാണ് ഇരുകൂട്ടരും വിയോജിപ്പിലായത്. മുന്നണി സംവിധാനത്തിൽ എടക്കാട്ടുപറമ്പ്, കിണറടപ്പൻ, മൈത്ര എന്നീ മൂന്ന് സീറ്റുകളാണ് സി പി ഐക്ക് നൽകിയിരുന്നത്. മൈത്രയിൽ ഇരുവരും ഐകകണ്ഠ്യേന കെ മോയിൻകുട്ടിയെ കണ്ടെത്തിയിരുന്നെങ്കിലും അദ്ദേഹം സ്വയം പിന്മാറിയതോടെ സി പി ഐ അംഗമായ ജംഷീദ് എന്ന നാണിയെ സ്ഥാനാർഥിയായി തിരഞ്ഞെടുക്കുകയായിരുന്നു. സ്ഥാനാർഥി പ്രഖ്യാപനത്തിൽ ജംഷീദിനെ സി പി എം സംസ്ഥാന കമ്മിറ്റി അംഗം ടി കെ ഹംസ ഔദ്യോഗികമായി പ്രഖ്യാപിക്കുകയും മാലയിട്ട് സ്വീകരിക്കുകയും ചെയ്തിരുന്നു.
എന്നാൽ, ഇതേ സീറ്റിൽ സി പി ഐയോട് കൂടിയാലോചിക്കാതെ സി പി എം പ്രവർത്തകർ കെ മോയിൻകുട്ടിയെ തന്നെ സ്വതന്ത്ര സ്ഥാനാർഥിയായി നിർത്തുകയായിരുന്നു. ഇതോടെ പ്രദേശത്ത് രംഗം വഷളായി. സി പി ഐ നേതാക്കൾ പരാതിയുമായി രംഗത്തെത്തിയെങ്കിലും സി പി എം വിട്ടുവീഴ്ചക്ക് തയ്യാറായില്ല. ഇതോടെ സി പി എമ്മിൽ രണ്ട് സ്ഥാനാർഥികളാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ഇവിടെ യു ഡി എഫ് വലിയ പ്രതീക്ഷയിലാണ്. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ യു ഡി എഫിന് അനുകൂലമാണ്. കഴിഞ്ഞ അഞ്ച് വർഷത്തിൽ പഞ്ചായത്ത് നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ മുൻനിർത്തിയാണ് യു ഡി എഫ് പ്രചാരണം. നിലവിൽ സി പി ഐക്ക് സ്വാധീനമുള്ള സ്ഥലമാണ് ഊർങ്ങാട്ടിരി. എന്നാൽ, അവിടെ സി പി എം മതിയായ സീറ്റുകൾ നൽകുന്നില്ലെന്ന പരാതിയാണ് സി പി ഐക്കുള്ളത്.
അതേസമയം, മുന്നണിയിലെ അനൈക്യം വലിയ പരാജയത്തിന് ഇടയാക്കുമെന്ന വിലയിരുത്തലിലാണ് ഇടതുമുന്നണി.





