Connect with us

Articles

കൊവിഡ് മരണം: അഴിഞ്ഞു വീഴുന്ന മുഖം മൂടി

കൊവിഡ് രണ്ടാം തരംഗം സംബന്ധിച്ച് മോദി ഭരണകൂടത്തിന് ഒരു ധാരണയും ഉണ്ടായിരുന്നില്ല. ഈ യുദ്ധത്തിൽ ലോകത്തെ നയിക്കുന്നത് നരേന്ദ്ര മോദിയാണെന്ന് വരുത്താൻ പി ആർ വർക്കിൽ വ്യാപൃതരായിരുന്നു ഭരണക്കാർ. ആദ്യ തരംഗം അവസാനിച്ച് പൂർവസ്ഥിതി കൈവന്ന നവംബർ 2020 മുതൽ ഫെബ്രുവരി 2021 വരെയുള്ള കാലം അവികസിത രാജ്യങ്ങൾ പോലും മുന്നൊരുക്കങ്ങൾ നടത്തിയപ്പോൾ ഇന്ത്യ കൊവിഡ് ജയാരവത്തിൽ മുഴുകി.

Published

|

Last Updated

ജനുവരി 2020 മുതൽ ഡിസംബർ 2021 വരെയുള്ള കൊവിഡ് മരണങ്ങളും അനുബന്ധ കണക്കുകളും ലോകാരോഗ്യ സംഘടന ഈ മാസം ഒന്നിന് പുറത്ത് വിട്ടു. തുടർന്ന് അഞ്ച് മണിക്കൂറിനുള്ളിൽ റിപോർട്ടിനെ കടുത്ത ഭാഷയിൽ ശകാരിച്ച് ഇന്ത്യൻ ആരോഗ്യ രംഗം നയിച്ചുകൊണ്ടിരിക്കുന്ന ത്രിമൂർത്തികൾ രംഗത്തെത്തി. കൊവിഡ് ടാസ്‌ക് ഫോഴ്‌സ് ചെയർമാൻ വിനോദ് കെ പോളും ഐ സി എം ആർ ഡയറക്ടർ ജനറൽ ബൽറാം ഭാർഗവയും എയിംസ് തലവൻ രൺദീപ് ഗുലേറിയയുമായിരുന്നു അത്. ഡബ്ല്യു എച്ച് ഒക്കെതിരെ അംഗങ്ങളിൽ നിന്ന് തീവ്ര വിമർശനങ്ങൾ പതിവില്ലാത്തതിനാൽ കൊവിഡ് രണ്ടാം തരംഗ കാലത്തെ ഇന്ത്യൻ സാഹചര്യങ്ങളും കേന്ദ്ര സർക്കാറിന്റെ പ്രകടനവും ആഗോളതലത്തിൽ വീണ്ടും സജീവ ചർച്ചയായിരിക്കുകയാണ്.

ലോകാരോഗ്യ സംഘടനയുടെ റിപോർട്ടിൽ പ്രധാനമായും പരാമർശിക്കുന്നത് കൊവിഡ് മരണങ്ങളുടെ എണ്ണത്തിലെ പൊരുത്തക്കേടുകളാണ്. ലോകത്താകമാനം ഒന്നര കോടി ആളുകൾ മരിച്ചിട്ടുണ്ടെന്നും 54 ലക്ഷമെന്ന കണക്ക് വ്യാജമാണെന്നും റിപോർട്ട് പറയുന്നു. ഇന്ത്യയിൽ കേന്ദ്ര സർക്കാർ പുറത്ത് വിട്ടത് 4.81 ലക്ഷം മരണമാണ്. എന്നാൽ ലോകാരോഗ്യ സംഘടന പറയുന്നത് ഇന്ത്യയിൽ മൊത്തം 47.4 ലക്ഷം മരണമുണ്ടായെന്നും 2020ൽ മാത്രം 8.3 ലക്ഷം പേർ മരിച്ചുവെന്നുമാണ്. മരണസംഖ്യ പൂഴ്ത്തി വെച്ചതിൽ ലോകത്തിൽ ഒന്നാം സ്ഥാനം ഈജിപ്തിനു നൽകുന്ന ഡബ്ല്യു എച്ച് ഒ, സമ്പൂർണമായി വസ്തുതകൾ വളച്ചൊടിച്ച് വ്യാജ നിർമിതി നടത്തിയ രാജ്യമായി ഇന്ത്യയെ വിലയിരുത്തുന്നു. ഡാറ്റകൾ പുറത്ത് വിടാതിരിക്കുകയോ കൃത്രിമം കാണിക്കുകയോ ബോധപൂർവം വൈകിപ്പിക്കുകയോ ചെയ്യുക. വിഷയത്തിലുള്ള പൊതു ചർച്ചകളെ തടയുകയോ വഴി തിരിച്ചു വിടുകയോ ചെയ്യുക. ശാസ്ത്രീയ വിശദീകരണങ്ങൾക്ക് പുതിയ വ്യാഖ്യാനങ്ങളും തലങ്ങളും നൽകുക തുടങ്ങിയ ഗുരുതരമായ ആരോപണങ്ങൾ കൊവിഡ് കൈകാര്യവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാറിനെതിരെ റിപോർട്ടിൽ നിരത്തിയിട്ടുണ്ട്.
ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ട ഡാറ്റ റിപോർട്ട് പ്രസിദ്ധീകരിക്കുന്നതിന് മൂന്ന് ദിവസം മുമ്പാണ് ഇന്ത്യ സമർപ്പിച്ചത്. എന്നാൽ അതിനകം വിവരാവകാശ വിശദീകരണങ്ങൾ, ആധികാരിക പത്ര വാർത്തകൾ, വിവിധ സംസ്ഥാനങ്ങൾ അപ്‌ലോഡ് ചെയ്ത വിവരങ്ങൾ എന്നിവ ആധാരമാക്കി ഡബ്ല്യു എച്ച് ഒ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോയിരുന്നു. അപൂർണമായ ഡാറ്റ കൈവശമുള്ള രണ്ടാം നിര രാജ്യമായാണ് റിപോർട്ട് ഇന്ത്യയെ വിലയിരുത്തുന്നത്. ലോകാരോഗ്യ സംഘടന റിപോർട്ട് തയ്യാറാക്കാൻ സ്വീകരിക്കുന്ന ശാസ്ത്രീയ സങ്കേതങ്ങളായ മോഡലിംഗ് രീതിയും പ്രോഗ്രാമിംഗ് കോഡും ഫലപ്രദമല്ല എന്ന് കേന്ദ്ര ആരോഗ്യവിദഗ്ധർ ആരോപിച്ചിട്ടുണ്ട്.

ഓർമിക്കാൻ ഇഷ്ടമില്ലാത്ത വീഴ്ചകൾ

കൊവിഡ് രണ്ടാം തരംഗത്തിൽ സമ്പൂർണമായി പരാജയപ്പെട്ട സർക്കാർ ഇന്ത്യയിൽ തുറന്നു കാട്ടപ്പെട്ടിരുന്നു. ഓക്‌സിജനു വേണ്ടി യാചിക്കുന്ന മധ്യവർഗ ഇന്ത്യൻ നഗരകാഴ്ചകളും ആഴ്ചകളോളം കെടാത്ത ചിതകൾ തീർക്കുന്ന രാത്രി കാല ഗ്രാമീണ ഇന്ത്യയുടെ ആകാശ കാഴ്ചകളും ആയിരക്കണക്കിന് അനാഥ ശവങ്ങൾ ഒഴുകി നടക്കുന്ന നദികളുമെല്ലാം അന്താരാഷ്ട്ര മാധ്യമങ്ങളിലടക്കം വലിയ ദൈന്യത തീർത്തു. ആ പഴയ ഓർമകളെ തട്ടിയുണർത്തുന്ന ഡബ്ല്യു എച്ച് ഒ റിപോർട്ട് മോദി സർക്കാറിന് നൽകുന്ന തലവേദന കുറച്ചല്ല.

കൊവിഡ് രണ്ടാം തരംഗം സംബന്ധിച്ച് മോദി ഭരണകൂടത്തിന് ഒരു ധാരണയും ഉണ്ടായിരുന്നില്ല. ഈ യുദ്ധത്തിൽ ലോകത്തെ നയിക്കുന്നത് നരേന്ദ്ര മോദിയാണെന്ന് വരുത്താൻ പി ആർ വർക്കിൽ വ്യാപൃതരായിരുന്നു ഭരണക്കാർ. ആദ്യ തരംഗം അവസാനിച്ച് പൂർവസ്ഥിതി കൈവന്ന നവംബർ 2020 മുതൽ ഫെബ്രുവരി 2021 വരെയുള്ള കാലം അവികസിത രാജ്യങ്ങൾ പോലും മുന്നൊരുക്കങ്ങൾ നടത്തിയപ്പോൾ ഇന്ത്യ കൊവിഡ് ജയാരവത്തിൽ മുഴുകി.

ഡൽഹി വിമാനത്താവളത്തിനടുത്തുള്ള സമ്പൂർണ സജ്ജീകൃതമായ ആയിരം ബെഡ് ഡി ആർ ഡി ഒ ആശുപത്രി 2022 ഫെബ്രുവരിയിൽ അടച്ചു പൂട്ടി. അതിന് വലിയ പരസ്യവും നൽകി. ഓക്‌സിജനും ബെഡുമില്ലാത്ത ഡൽഹി നഗരവാസികൾ പ്രാണവായുവിന് പരക്കം പായുമ്പോൾ 2021 മാർച്ച് ഏഴിന് കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ് വർധൻ പ്രഖ്യാപിച്ചത് ഇന്ത്യ കൊവിഡ് വിജയത്തോടടുക്കുന്നു എന്നായിരുന്നു. ഇന്ത്യക്കാർക്ക് വാക്‌സീൻ ലഭ്യമാക്കുന്നതിന് മുമ്പ് കയറ്റുമതി പൊങ്ങച്ചം കാട്ടിയതും ഓക്‌സിജന്റെ വ്യവസായിക ഉപഭോഗം നിരോധിക്കാൻ 2021 ഏപ്രിൽ പകുതി വരെ കാത്തിരുന്നതും സമാനതകളില്ലാത്ത അലംഭാവമായിരുന്നു. കൊവിഡ് വിഷയങ്ങളിൽ ഗുരുതര വീഴ്ച വരുത്തിയ രാജ്യമായി ഇന്ത്യയെ ഡബ്ല്യു എച്ച് ഒ റിപോർട്ട് വിലയിരുത്തിയത് വെറുതെയല്ല.

കൊവിഡ് കാലത്ത് സർക്കാറിന്റെ ന്യൂനതകളെ വിമർശിച്ചവരെ ബി ജെ പി ഭരണകൂടം നേരിട്ടത് കൊളോണിയൽ കാലത്തിനു സമാനമായാണ്. കമ്മിറ്റി എഗെൻസ്റ്റ് അസാൾട്ട് ഓൺ ജേർണലിസ്റ്റ് (സി എ എ ജെ)യുടെയും യു പി പി യു സി എല്ലിന്റെയും സംയുക്ത റിപോർട്ടനുസരിച്ച് യു പിയിൽ മാത്രം 2020ൽ 52ഉം 2021ൽ 57ഉം പത്രപ്രവർത്തകർക്കെതിരെ കേസെടുത്തു. രാകേഷ് സിംഗ്, സ്വരാജ് പാണ്ഡെ, ഉദയ പസ്വാൻ, രതൻ സിംഗ്, വിക്രം ജോഷി, ഫറസ് ആലം, ശുഭം മണി ത്രിപാഠി തുടങ്ങി ഏഴ് പത്രപ്രവർത്തകർ 2020ൽ മാത്രം യു പിയിൽ കൊല ചെയ്യപ്പെട്ടു.

ഭയപ്പെടുത്തി വരുതിക്ക് നിർത്തുന്ന ഇന്ത്യയിലെ പുതിയ രാഷ്ട്രീയം കൊവിഡിനെയും ഫലപ്രദമായി വിനിയോഗിച്ചു. ഗ്ലോബൽ മീഡിയ വാച്ച്‌ഡോഗും റിപോർട്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സും സംയുക്തമായി നൽകുന്ന മുന്നറിയിപ്പ്, പത്രപ്രവർത്തനത്തിന് ഏറ്റവും അപകടം നിറഞ്ഞ രാജ്യമാണ് ഇന്ത്യ എന്നാണ്. അവർ തന്നെ പ്രസിദ്ധീകരിക്കുന്ന വേൾഡ് പ്രസ് ഫ്രീഡം ഇൻഡക്‌സിൽ ഇന്ത്യയുടെ സ്ഥാനം 180ൽ 150 ആണ്.

കഴിഞ്ഞ വർഷം ഇന്ത്യയുടെ സ്ഥാനം 142 ആയിരുന്നു. ലോകാരോഗ്യ സംഘടനാ റിപോർട്ടിൽ ഇന്ത്യയെ വിലയിരുത്താൻ പതിവില്ലാത്ത വിധം പ്രയോഗങ്ങളും ഭാഷയും ഉപയോഗിച്ചത് ഇത്തരം കാര്യങ്ങൾ മുഖവിലക്കെടുത്ത് കൊണ്ടായിരിക്കണം. അവധാനതയോടെ വിമർശങ്ങൾ ഉൾക്കൊണ്ട് തിരുത്തുന്ന പാരമ്പര്യമാണ് ജനാധിപത്യ ഇന്ത്യയുടേത്. പകരം മുഖം വികൃതമായതിന് കണ്ണാടി തല്ലിപ്പൊട്ടിക്കാൻ ഒരുമ്പെടുന്നവരെ ഓർത്ത് ഇന്ത്യയുടെ ആത്മാവ് കേഴുന്നു.