Connect with us

Kerala

ജില്ലയില്‍ പ്രവേശിക്കുന്നതിന് സിനിമാ താരം കണ്ണന്‍ പട്ടാമ്പിക്ക് കോടതിയുടെ വിലക്ക്

പ്രശസ്ത സിനിമാ സംവിധായകനും നടനുമായ മേജര്‍ രവിയുടെ സഹോദരനാണ് കണ്ണന്‍

Published

|

Last Updated

കൊച്ചി | സിനിമാ സീരിയല്‍ താരം കണ്ണന്‍ പട്ടാമ്പി എന്ന എ കെ രാജേന്ദ്രന് സ്വന്തം ജില്ലയായ പാലക്കാട് പ്രവേശിക്കുന്നതിന് ഹൈകോടതിയുടെ വിലക്ക്.

പ്രശസ്ത സിനിമാ സംവിധായകനും നടനുമായ മേജര്‍ രവിയുടെ സഹോദരനാണ് കണ്ണന്‍. സ്വന്തം നാടായ പട്ടാമ്പിയിലും തൃത്താലയിലുമായി ഇയാള്‍ എട്ടോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. ഇതില്‍ തന്നെ നാല് കേസുകള്‍ സ്ത്രീകളോട് അതിക്രമം കാണിച്ചതിനാണ്.

പട്ടാമ്പിയിലെ ഡോക്ടര്‍ രേഖ കൃഷ്ണന്‍, സാമൂഹ്യ പ്രവര്‍ത്തക എന്നിവര്‍ പരാതിക്കാരായ കേസില്‍ ജാമ്യം തേടിയാണ് കണ്ണന്‍ ഹൈകോടതിയെ സമീപിച്ചത്. പല തവണ താല്‍കാലിക ജാമ്യം കോടതി ഇയാള്‍ക്ക് നിഷേധിച്ചിരുന്നു. തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണെന്ന് കാണിച്ച് വീണ്ടും കോടതിയെ സമീപിച്ച സാഹചര്യത്തിലാണ് കോടതിയുടെ വിധി.

ചികിത്സയില്‍ കഴിയുന്ന ഇയാളെ ഈ മാസം ആറ് വരെ അറസ്റ്റ് ചെയ്യരുതെന്ന് പറഞ്ഞ കോടതി ഒരു കാരണവശാലും ഇയാള്‍ സ്വന്തം ജില്ലയില്‍ പ്രവേശിക്കരുതെന്നും വ്യക്തമാക്കി. മാസങ്ങളോളം പോലീസിന്റെ കണ്ണ് വെട്ടിച്ച് നടന്ന ഇയാള്‍ പിടിയിലാകുമെന്ന് ഉറപ്പായതോടെയാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്. കോടതിയെ കബളിപ്പിക്കാന്‍ ഇയാള്‍ നടത്തിയ നീക്കത്തിന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രി എല്ലാ വിധ ഒത്താശയും ചെയ്ത് കൊടുത്തതായി പരാതിക്കാരി കോടതിയെ അറിയിച്ചു. സ്ഥിരം കുറ്റവാളിയായ ഇയാള്‍ മാസങ്ങളോളം പോലീസിന്റെ കണ്ണ് വെട്ടിച്ച് നടക്കുന്നതും ഒടുവില്‍ ജാമ്യം ലഭിക്കുന്നതിന് ആശുപത്രികളില്‍ ചികിത്സ തേടുന്നതും പതിവാണെന്നും ഇവര്‍ ആരോപിച്ചു.