Connect with us

National

കുറ്റങ്ങള്‍ തെളിയിക്കാനായില്ല; മുംബൈ ട്രെയിന്‍ സ്‌ഫോടന പരമ്പര കേസുകളിലെ പ്രതികളെ കോടതി വെറുതെ വിട്ടു

12 പേരെ കുറ്റക്കാരായി കണ്ടെത്തിയ പ്രത്യേക കോടതി അഞ്ച് പ്രതികള്‍ക്ക് വധശിക്ഷയും ഏഴ് പേര്‍ക്ക് ജീവപര്യന്തം തടവുമായിരുന്നു ശിക്ഷ വിധിച്ചത്.

Published

|

Last Updated

മുംബൈ |  മുംബൈ ട്രെയിന്‍ സ്ഫോടന പരമ്പര കേസുകളില പ്രതികളെ വെറുതെ വിട്ട് ബോംബെ ഹൈക്കോടതി. പ്രതികള്‍ക്ക് എതിരായ കുറ്റങ്ങള്‍ തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. സംഭവം നടന്ന് 19 വര്‍ഷത്തിന് ശേഷമാണ് പ്രതികളുടെ ശിക്ഷ ഹൈക്കോടതി റദ്ദാക്കുന്നത്. 189 പേര്‍ കൊല്ലപ്പെടുകയും 800ലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത സ്‌ഫോടന പരമ്പരയില്‍ രാജ്യം നടുങ്ങിയിരുന്നു. ഏഴിടത്തായിരുന്നു സ്ഫോടനങ്ങള്‍ ഉണ്ടായത്.11 മിനിറ്റിനുള്ളിൽ മുംബൈയിലെ പ്രത്യേക ലോക്കൽ ട്രെയിനുകളിൽ ഏഴ് ബോംബ് സ്ഫോടനങ്ങൾ നടന്നു

കേസില്‍ 2015 ല്‍ ആണ് പ്രത്യേക കോടതി പ്രതികള്‍ക്ക് ശിക്ഷ വിധിച്ചത്. 12 പേരെ കുറ്റക്കാരായി കണ്ടെത്തിയ പ്രത്യേക കോടതി അഞ്ച് പ്രതികള്‍ക്ക് വധശിക്ഷയും ഏഴ് പേര്‍ക്ക് ജീവപര്യന്തം തടവുമായിരുന്നു ശിക്ഷ വിധിച്ചത്. ഫൈസല്‍ ഷെയ്ഖ്, ആസിഫ് ഖാന്‍, കമാല്‍ അന്‍സാരി, എഹ്‌തെഷാം സിദ്ദുഖി, നവീദ് ഖാന്‍ എന്നിവര്‍ക്ക് വധശിക്ഷയും ഗൂഢാലോചനയില്‍ പങ്കാളികളായ മറ്റ് ഏഴ് പ്രതികളായ മുഹമ്മദ് സാജിദ് അന്‍സാരി, മുഹമ്മദ് അലി, ഡോ. തന്‍വീര്‍ അന്‍സാരി, മജീദ് ഷാഫി, മുസമ്മില്‍ ഷെയ്ഖ്, സൊഹൈല്‍ ഷെയ്ഖ്, സമീര്‍ ഷെയ്ഖ് എന്നിവര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷയും വിധിച്ചു. ഹൈക്കോടതിയുടെ ഇന്നത്തെ വിധിയോടെ 12 പ്രതികളും സ്വതന്ത്രരാകും.

എന്നാല്‍ പ്രതികളെ ശിക്ഷിക്കാന്‍ പ്രോസിക്യൂഷന്‍ ആശ്രയിച്ച തെളിവുകള്‍ ശക്തമല്ലെന്ന് നിരീക്ഷിച്ചാണ് ബോംബെ ഹൈക്കോടതിയിലെ ജസ്റ്റിസുമാരായ അനില്‍ കിലോര്‍, ശ്യാം ചന്ദക് എന്നിവരടങ്ങിയ പ്രത്യേക ബെഞ്ചിന്റെ ഉത്തരവ്.

പ്രോസിക്യൂഷന്‍ ഹാജരാക്കിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രതികള്‍ കുറ്റകൃത്യം ചെയ്തുവെന്ന് വിശ്വസിക്കാന്‍ പ്രയാസമാണ്. അതിനാല്‍ അവരുടെ ശിക്ഷ റദ്ദാക്കുകയും കേസ് തള്ളുകയാണെന്നും രണ്ടംഗ ബെഞ്ച് വ്യക്തമാക്കി. പ്രതികള്‍ക്കെതിരെ മറ്റ് കേസുകളില്ലെങ്കില്‍ ഇവരെ ഉടന്‍ ജയില്‍ മോചിതരാക്കണം എന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

.

Latest