Connect with us

National

മതപരിവര്‍ത്തന കുറ്റം: ഗാസിയാബാദില്‍ മലയാളി ദമ്പതികള്‍ അറസ്റ്റില്‍

സന്തോഷ് ജോര്‍ജ് എബ്രഹാമും ഭാര്യ ജിജിയുമാണ് അറസ്റ്റിലായത്.

Published

|

Last Updated

ഗാസിയാബാദ്|ഗാസിയാബാദില്‍ മതപരിവര്‍ത്തന കുറ്റം ആരോപിച്ച് മലയാളി ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഷാരോണ്‍ ഫെലോഷിപ്പ് ചര്‍ച്ചിലെ പുരോഹിതനായ സന്തോഷ് ജോര്‍ജ് എബ്രഹാമും ഭാര്യ ജിജിയുമാണ് അറസ്റ്റിലായത്. മതപരിവര്‍ത്തനത്തെ കുറിച്ചുള്ള ചാറ്റുകളും ബാങ്ക് രേഖകളും ഇവരില്‍ നിന്നും ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഞായറാഴ്ച്ചയാണ് ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തത്. ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയിലാണ് പൊലീസ് നടപടി.

ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന മതപരിവര്‍ത്തന നിരോധന നിയമപ്രകാരമാണ് അറസ്റ്റ്. ഇരുവരും ചേര്‍ന്ന് മതപരിവര്‍ത്തനത്തിന് ശ്രമിച്ചുവെന്നാണ് പൊലീസ് പറയുന്നത്. ഒരാള്‍ക്ക് 20 പേരെ വീതം മതപരിവര്‍ത്തനം നടത്താന്‍ ടാര്‍ഗറ്റ് നല്‍കിയതായുള്ള വാട്സാപ്പ് സന്ദേശങ്ങളും പൊലീസ് കണ്ടെടുത്തതായി പറയുന്നു. കൂടാതെ ഇവരുടെ ബാങ്ക് രേഖകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

എന്നാല്‍ ഈ ആരോപണങ്ങള്‍ ചര്‍ച്ച് അധികൃതര്‍ നിഷേധിച്ചു. ഞായറാഴ്ചകളിലെ പ്രാര്‍ത്ഥനകളുടെ ഭാഗമായുള്ള പ്രസംഗങ്ങള്‍ മാത്രമാണ് പള്ളിയില്‍ നടന്നതെന്നാണ് ഇവര്‍ പറയുന്നത്. അടുത്ത ആഴ്ച ഇരുവരുടേയും ജാമ്യാപേക്ഷ കോടതി പരിഗണിക്കും.

അതേസമയം ഈ നടപടിക്കെതിരെ ശശി തരൂര്‍ രംഗത്തെത്തി. ആരോപണങ്ങളുടെ പേരില്‍ ഇത്തരം അറസ്റ്റുകള്‍ നടക്കുന്നത് രാജ്യത്തിന്റെ യശ്ശസ് ഇല്ലാതാക്കുമെന്ന് തരൂര്‍ ട്വിറ്ററിലൂടെ പ്രതികരിച്ചു.

 

 

Latest