Kerala
രാഹുല്‍ മാങ്കൂട്ടത്തില്‍ വിവാദം: ഇരകളെ സൃഷ്ടിക്കാന്‍ ശ്രമമെന്ന് പ്രസ്താവിച്ച ശ്രീനാദേവി കുഞ്ഞമ്മയെ തള്ളി സി പി ഐ
ശ്രീനാദേവി ഇപ്പോള്‍ പാര്‍ട്ടി അംഗമല്ല. അവരുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പാര്‍ട്ടിക്ക് ഉത്തരവാദിത്വമില്ല.

പത്തനംതിട്ട | രാഹുല്‍ മാങ്കൂട്ടത്തില്‍ വിവാദത്തില്‍ ഇരകളെ സൃഷ്ടിക്കാന്‍ ശ്രമമെന്ന് ആരോപിച്ച പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മയെ തള്ളി സി പി ഐ. ശ്രീനാദേവി ഇപ്പോള്‍ പാര്‍ട്ടി അംഗമല്ല. അവര്‍ സി പി ഐയുടെ പേരില്‍ ജയിച്ച ജില്ലാ പഞ്ചായത്ത് അംഗമാണെങ്കിലും ഇപ്പോള്‍ പാര്‍ട്ടിയുമായി ബന്ധമൊന്നുമില്ലെന്നും സി പി ഐ സംസ്ഥാന കൗണ്‍സിലംഗവും അടൂര്‍ മണ്ഡലം സെക്രട്ടറിയുമായ മുണ്ടപ്പള്ളി തോമസ് പറഞ്ഞു.
ശ്രീനാദേവി കുഞ്ഞമ്മയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പാര്‍ട്ടിക്ക് ഉത്തരവാദിത്വമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്നലെയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ എ ഐ വൈ എഫ് സംസ്ഥാന കമ്മിറ്റി അംഗം കൂടിയായ ശ്രീനാദേവി കുഞ്ഞമ്മ രംഗത്തെത്തിയത്. തന്നെ ഇരയാക്കാന്‍ ഒരു ചാനല്‍ ശ്രമിച്ചെന്നും ഇവര്‍ ആരോപിച്ചിരുന്നു.
രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമത്തിന് മുന്നില്‍ തെറ്റുകാരനാണെങ്കില്‍ ശിക്ഷിക്കപ്പെടണം. എന്നാല്‍, ഈ വിഷയത്തില്‍ സാങ്കല്‍പ്പിക ഇരകളെ സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഇരകളെ മാത്രമല്ല, ഇരകളെ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവരെയും ക്രൈംബ്രാഞ്ച് കണ്ടെത്തണമെന്നും ഫേസ്ബുക്ക് കുറിപ്പില്‍ ശ്രീനാദേവി പറഞ്ഞിരുന്നു.