Kerala
കാളികാവിൽ നരഭോജി കടുവക്കായി തിരച്ചിൽ തുടരുന്നു; മദാരിക്കുണ്ടിൽ പുതിയ കൂട് സ്ഥാപിച്ചു
കാമറകൾ, ഡ്രോണുകൾ എന്നിവ ഉപയോഗിച്ച് ദ്രുതകർമ സേന വനമേഖലയോട് ചേർന്നുള്ള മേഖലകളിൽ വ്യാപക തിരച്ചിലാണ് നടത്തുന്നത്.

കാളികാവ് | കാളികാവ് മേഖലയിൽ ഭീതി പരത്തിയ നരഭോജി കടുവക്കായി തിരച്ചിൽ തുടരുന്നു. വനം വകുപ്പ് ദ്രുതകർമ സേനയുടെ നേതൃത്വത്തിലാണ് തിരച്ചിൽ. കടുവയെ പിടികൂടാൻ കരുവാരകുണ്ട് സുൽത്താന എസ്റ്റേറ്റിനുമുകളിൽ മദാരിക്കുണ്ടിൽ പുതിയ കൂട് സ്ഥാപിച്ചു. നിലവിൽ സ്ഥാപിച്ച രണ്ട് കൂടുകൾക്കു പുറമെയാണ് മറ്റൊന്ന് കൂടി സ്ഥാപിച്ചത്.
കാളികാവ്, കരുവാരകുണ്ട് പഞ്ചായത്തുകളിലെ ആർത്തല, മഞ്ഞൾപ്പാറ, മദാരികുണ്ട്, സുൽത്താന എസ്റ്റേറ്റ്, കേരള എസ്റ്റേറ്റ്, പാറശേരി, അടക്കാകുണ്ട്, എഴുപതേക്കർ, അമ്പതേക്കർ പാന്ത്ര ഭാഗങ്ങളിലാണ് കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. ഇതോടെ കാമറകൾ, ഡ്രോണുകൾ എന്നിവ ഉപയോഗിച്ച് ദ്രുതകർമ സേന വനമേഖലയോട് ചേർന്നുള്ള മേഖലകളിൽ വ്യാപക തിരച്ചിലാണ് നടത്തുന്നത്.
കടുവയെ കണ്ട ആർത്തല ചുവന്നകുന്ന് പ്രദേശത്ത് മയക്കുവെടി വിദഗ്ധൻ ഡോ. അരുൺ സക്കറിയ അടങ്ങുന്ന സംഘവും തിരച്ചിൽ നടത്തുന്നുണ്ട്. കടുവയുടെ സാന്നിധ്യമുണ്ടായ പ്രദേശങ്ങളിലെ ആളുകൾ പരമാവധി ജാഗ്രത പുലർത്തണമെന്നും രാവിലെയും വൈകിട്ടും ഒറ്റയ്ക്കുള്ള സഞ്ചാരം ഒഴിവാക്കണമെന്നും വനം വകുപ്പ് അറിയിച്ചു.