Connect with us

Kerala

എസ് ഐയെ മര്‍ദിച്ച കേസില്‍ പ്രതിയായ സൈനികനെ ലോക്കപ്പില്‍ മര്‍ദിച്ചതായി പരാതി

Published

|

Last Updated

ആലപ്പുഴ | വാഹന പരിശോധനക്കിടെ എസ് ഐയെ മര്‍ദിച്ച കേസില്‍ പ്രതിയായ സൈനികനെ പോലീസ് കസ്റ്റഡിയില്‍ മര്‍ദിച്ചതായി പരാതി. പത്തനാപുരം സ്വദേശി ജോബിന്‍ സാബുവിനെ ലോക്കപ്പില്‍ മര്‍ദിച്ചുവെന്നാണ് പരാതി. വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ് ജോബിന്‍. സൈനികനെ ക്രൂരമായി മര്‍ദിച്ചെന്നും നട്ടെല്ലിന് പരുക്കേറ്റിട്ടുണ്ടെന്നുമാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് ചേര്‍ത്തല ഹൈവേ പോലീസ് പട്രോളിങ് സംഘം പരിശോധനക്കിടെ ജോബിന്‍ ഉള്‍പ്പെടെയുള്ള സംഘത്തിന്റെ വാഹനം തടയാന്‍ ശ്രമിച്ചത്. അമിത വേഗതയും മദ്യപിച്ച് വാഹനമോടിച്ചെന്നും ആരോപിച്ചായിരുന്നു നടപടി. എന്നാല്‍, വാഹനമോടിച്ചവര്‍ നിര്‍ത്താതെ പോയപ്പോള്‍ പോലീസ് പിന്തുടര്‍ന്ന് നിര്‍ത്തിക്കുകയായിരുന്നു.

തുടര്‍ന്ന് ജോബിനും കൂട്ടരും ചേര്‍ന്ന് എസ് ഐ. ജോസി സ്റ്റീഫനെ മര്‍ദിക്കുകയായിരുന്നു. പരുക്കേറ്റ എസ് ഐയെ ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പത്തനാപുരം കുന്നിക്കോട് സ്വദേശി ഷമീര്‍ മുഹമ്മദ്, പത്തനാപുരം ആവണീശ്വരം സ്വദേശി ബിപിന്‍ രാജ് എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍. കസ്റ്റഡിയിലെടുത്ത ദിവസം വൈകിട്ടാണ് ജോബിനെ കോടതിയില്‍ ഹാജരാക്കിയത്. അതിനു മുമ്പായി ലോക്കപ്പില്‍ വച്ച് പോലീസ് മര്‍ദിച്ചുവെന്നാണ് ബന്ധുക്കളുടെ ആരോപണം.

Latest