Uae
ഖുര്‍ആന്‍ കാലിഗ്രഫി വിശ്വാസ വഞ്ചനയിലൂടെ വിറ്റഴിച്ചെന്ന് പരാതി
ഇത് സംബന്ധമായി പാലക്കാട് പോലീസ് സൂപ്രണ്ടിന് പരാതി നല്‍കിയിരിക്കുകയാണ്.

ദുബൈ | കൈകൊണ്ട് എഴുതിയ ഖുര്‍ആന്‍ പകര്‍പ്പ് വിശ്വാസവഞ്ചനയിലൂടെ വിറ്റഴിച്ചെന്ന് ആരോപിച്ച് കോഴിക്കോട് സ്വദേശിയായ കലാകാരന്‍ മുഹമ്മദ് ദിലീഫ് രംഗത്തെത്തി. മൂന്ന് വര്‍ഷം താന്‍ കഠിനാധ്വാനം ചെയ്ത് പൂര്‍ത്തിയാക്കിയ പ്രതിയാണ് പാലക്കാട് ആലത്തൂര്‍ സ്വദേശി കൈവശപ്പെടുത്തിയ ശേഷം ഒരു മലയാളി വ്യവസായിക്ക് 24 ലക്ഷം രൂപക്ക് വിറ്റതെന്ന് ദിലീഫ് പറഞ്ഞു. ഇത് സംബന്ധമായി പാലക്കാട് പോലീസ് സൂപ്രണ്ടിന് പരാതി നല്‍കിയിരിക്കുകയാണ്.
ഖുര്‍ആന്‍ കാലിഗ്രഫി, ഷാര്‍ജ ഇന്റര്‍നാഷണല്‍ ബുക്ക് ഫെയറില്‍ പ്രദര്‍ശിപ്പിക്കുകയും ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഈ സൃഷ്ടി ഉന്നത വ്യക്തിത്വങ്ങള്‍ക്ക് കൈമാറാമെന്ന് വിശ്വസിപ്പിച്ചാണ് പാലക്കാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരു ജീവകാരുണ്യ പ്രവര്‍ത്തകന്റെ സുഹൃത്തും സഹായിയുമാണെന്ന് സ്വയം പരിചയപ്പെടുത്തി ഇയാള്‍ തന്നെ സമീപിച്ചതെന്ന് ദിലീഫ് പറഞ്ഞു.
വാഗ്ദാനം വിശ്വസിച്ച് കലാസൃഷ്ടി ഏല്‍പ്പിച്ചുവെങ്കിലും പണം ലഭിച്ചില്ല. ഇതിലൂടെ തനിക്ക് വലിയ മാനസികാഘാതവും സാമ്പത്തിക നഷ്ടവുമാണ് ഉണ്ടായതെന്നും കാലിഗ്രഫി തിരികെ ലഭിക്കുന്നതിന് ആവശ്യമായ നടപടികള്‍ കൈക്കൊള്ളണമെന്നുമാണ് ദിലീഫ് പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.