Connect with us

Kerala

വികസനം തടഞ്ഞ സി പി എം ചരിത്രം തന്നെക്കൊണ്ടു പറയിപ്പിക്കരുതെന്നു ചെന്നിത്തല

ഏഴ് വര്‍ഷമായി പദ്ധതിക്ക് വേണ്ടി സര്‍ക്കാര്‍ ഒന്നും ചെയ്തില്ല

Published

|

Last Updated

തിരുവനന്തപുരം |  കേരളത്തില്‍ വികസനം തടഞ്ഞതില്‍ സി പി എമ്മിന്റെ ചരിത്രം തന്നെക്കൊണ്ടു പറയിപ്പിക്കരുതെന്നു മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

വിഴിഞ്ഞം പദ്ധതിക്ക് വേണ്ടി പിണറായി വിജയന്‍ സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ല. 2019 ല്‍ തീരേണ്ട പദ്ധതി 2023 ആയിട്ടും തീരാത്തതിന് കാരണം ഈ സര്‍ക്കാരാണ്.

ഏഴ് വര്‍ഷമായി പദ്ധതിക്ക് വേണ്ടി സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. 7000 കോടിയുടെ പദ്ധതിയില്‍ 6000 കോടി രൂപയുടെ അഴിമതിയെന്ന് ആക്ഷേപിച്ചത് അന്നത്തെ സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനാണ്. എം വി രാഘവനാണ് 1992 ല്‍ തുറമുഖ മന്ത്രിയായിരിക്കെ ഈ പദ്ധതി തുടങ്ങിയത്. മൂന്ന് തവണ ടെണ്ടര്‍ ചെയ്തിട്ടും ആരും വന്നില്ല. അവസാനമാണ് അദാനിയുമായി കരാര്‍ ഒപ്പിട്ടത്.

പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍ എല്‍ ഡി എഫ് പങ്കെടുത്തില്ല. ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ഉടന്‍ ജുഡീഷ്യല്‍ അന്വേഷണം വെച്ചു. ജസ്റ്റിസ് രാമചന്ദ്രന്‍ നായരുടെ ജുഡീഷ്യല്‍ അന്വേഷണത്തില്‍ ഉമ്മന്‍ചാണ്ടിക്ക് ക്ലീന്‍ചിറ്റ് നല്‍കി.

പൊതു-സ്വകാര്യ പങ്കാളിത്തത്തില്‍ കെ കരുണാകരന്‍ കൊച്ചിയില്‍ വിമാനത്താവളം കൊണ്ടുവന്നപ്പോള്‍ എതിര്‍ത്ത എസ് ശര്‍മ്മ പിന്നീട് ആ കമ്പനിയുടെ ചെയര്‍മാനായി.

വിഴിഞ്ഞം പദ്ധതി നിര്‍ത്തണമെന്ന അഭിപ്രായമില്ല. വിഴിഞ്ഞത്ത് 475 കോടിയുടെ പാക്കേജ് എന്തുകൊണ്ട് നടപ്പാക്കിയില്ലെന്ന് ചെന്നിത്തല ചോദിച്ചു. വിഴിഞ്ഞം സമരത്തിന് പിന്നില്‍ തീവ്രവാദികളുണ്ടോ എന്ന് മുഖ്യമന്ത്രി പറയണം. ആന്റണി രാജുവിന്റെ സഹോദരന്‍ വിജയന്‍ തീവ്രവാദി ആണോ? മുഖ്യമന്ത്രി മൗനം പാലിക്കുകയാണ്. സമരക്കാരുമായി സംസാരിക്കാത്തത് ലജ്ജാകരമാണെന്നും ചെന്നിത്തല പറഞ്ഞു.