Connect with us

ukrain- russia issue

പരസ്പരം ഭയക്കുന്ന ചട്ടമ്പിമാർ

മണ്ടത്തരങ്ങളായിരുന്നു ഡൊണാൾഡ് ട്രംപിന്റെ മുഖമുദ്ര. അദ്ദേഹത്തിന്റെ നീക്കങ്ങൾ തുറന്നതായിരുന്നു, ഒട്ടും നിഗൂഢതയില്ല. ബൈഡൻ ബുദ്ധിമാനാണ്. കുരുട്ട് ബുദ്ധിമാൻ.

Published

|

Last Updated

ങ്ങളുടെ നാട്ടിൽ പറഞ്ഞുവരുന്ന ഒരു കഥയുണ്ട്. ഉള്ളതായിരിക്കാം, വെറും കഥയായിരിക്കാം. രണ്ട് ചട്ടമ്പിമാരുണ്ടായിരുന്നു. രണ്ട് പേരും സ്വൽപ്പം അടിതടയൊക്കെ പഠിച്ചവരാണ്. മെയ്ക്കരുത്തും അത്യാവശ്യത്തിനുണ്ട്. നാട്ടുകാരെ നിരന്തരം ശല്യംചെയ്തും ഞെട്ടിച്ചുമാണ് കഴിഞ്ഞുകൂടുന്നത്. ഇവർ രണ്ട് പേരും കടുത്ത ശത്രുക്കളാണെന്നാണ് വെപ്പ്. കണ്ടാൽ കുത്തി മലർത്തുമെന്ന് ഇരുവരും ഇടക്കിടക്ക് ആക്രോശിക്കും. പക്ഷേ, ഇവർ ഒരിക്കലും ഏറ്റുമുട്ടിയില്ല. ഒന്നാം ചട്ടമ്പി അങ്ങാടിയിലുണ്ടെന്ന് പറഞ്ഞാൻ രണ്ടാം ചട്ടമ്പി ഊടുവഴിക്ക് പോകും. രണ്ടാമൻ മലയിലുണ്ടെന്നറിഞ്ഞാൽ ഒന്നാമൻ പുഴവഴിക്ക് മുങ്ങും. ഇവരൊന്ന് ഏറ്റുമുട്ടിക്കാണാൻ നാട്ടുകാർ കൊതിച്ചിരുന്നത് മിച്ചം. എന്നാലോ വെല്ലുവിളിക്ക് ഒരു കുറവുമില്ല.

ഇതാണ് വൻ ശക്തികളെന്ന് വിശേഷിപ്പിക്കപ്പെടുന്ന റഷ്യയുടെയും അമേരിക്കയുടെയും സ്ഥിതി. ഉക്രൈനെ മുൻനിർത്തി ഈ രണ്ട് ശക്തികളും വെല്ലുവിളിച്ചു കൊണ്ടേയിരിക്കുന്നു. നവ സോവിയറ്റ് രാജ്യങ്ങളിൽ മിക്കതിലും പല പേര് പറഞ്ഞ് സൈനിക സന്നാഹം നടത്തുകയാണ് റഷ്യ. കസാഖ്സ്ഥാനിൽ ഈയിടെയുണ്ടായ പ്രക്ഷോഭം അടിച്ചമർത്താൻ റഷ്യൻ സൈന്യമെത്തിയത് ഒടുവിലത്തെ ഉദാഹരണം. ഉക്രൈൻ അതിർത്തിയിൽ ആയിരക്കണക്കിന് റഷ്യൻ സൈനികർ സർവായുധസജ്ജരായി നിലയുറപ്പിച്ചിരിക്കുന്നു. യുദ്ധ കാഹളം മുഴങ്ങുകയേ വേണ്ടൂ. അമേരിക്കയാണെങ്കിൽ നാറ്റോ സഖ്യത്തിന്റെ ബലത്തിൽ കിഴക്കൻ യൂറോപ്പിൽ ഇറങ്ങിക്കളിക്കുകയാണ്. അപ്പോഴും ഒരു ആൾ ഔട്ട് യുദ്ധത്തിലേക്ക് കാര്യങ്ങൾ നീങ്ങുന്നില്ല. നയതന്ത്ര ചർച്ചകൾ പലവഴിക്ക് നടക്കുന്നു. തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ അടക്കമുള്ളവർ മാധ്യസ്ഥ്യവുമായി രംഗത്തുണ്ട്. ജർമൻ, ഫ്രഞ്ച് നേതാക്കൾ കീവിലും മോസ്‌കോയിലും ചെല്ലുന്നുമുണ്ട്. പരസ്പരം ഭയക്കുന്നുവെന്നതിനാൽ കൈവിട്ട കളിക്ക് രണ്ട് ചട്ടമ്പിമാരും തയ്യാറാകില്ലെന്ന് തന്നെയാണ് വിലയിരുത്തേണ്ടത്. പഴയ കഥയിൽ നിന്ന് ഒരു വ്യത്യാസമേയുള്ളൂ: ഇവിടെ ലോകം ഏറ്റുമുട്ടൽ കാണാൻ കൊതിച്ചിരിക്കുന്നില്ല. സർവ നാശകാരിയായ ആണവായുധങ്ങളുമായാണ് ഈ മല്ലൻമാർ വെല്ലുവിളിക്കുന്നത്. ഒന്നു പൊട്ടിയാൽ ഭൂഗോളം ഭസ്മമായിപ്പോകും.

നോർത്ത് അറ്റ്‌ലാന്റിക് ട്രീറ്റി ഓർഗനൈസേഷനി (നാറ്റോ)ൽ അംഗമാകാൻ ഉക്രൈൻ നടത്തുന്ന ശ്രമങ്ങളാണ് റഷ്യയെ പ്രകോപിപ്പിച്ചത്. സോവിയറ്റ് യൂനിയന്റെ ഭാഗമായിരുന്ന ഉക്രൈൻ മൂന്ന് പതിറ്റാണ്ട് മുമ്പ് സ്വതന്ത്രമായെങ്കിലും റഷ്യയുടെ പിൻസീറ്റ് ഡ്രൈവിംഗ് എക്കാലവും അവിടെയുണ്ടായിരുന്നു. 2014ൽ റഷ്യ ഡ്രൈവിംഗ് സീറ്റിൽ തന്നെ കയറിയിരുന്നു. പക്കാ യൂറോപ്യരാകണമെന്നും നാറ്റോയിൽ ചേർന്ന് യു എസിന്റെ അരുമയാകണമെന്നും കിനാവ് കാണുന്നവരാണ് ഉക്രൈനിൽ ജനങ്ങളിൽ നല്ലൊരു ശതമാനം. അതുകൊണ്ട് തിരഞ്ഞെടുപ്പുകൾ പലപ്പോഴും ഈ ആശയത്തിനുള്ള റഫറണ്ടങ്ങൾ ആകാറാണ് പതിവ്. 2014ൽ അധികാരത്തിലിരുന്ന വിക്ടർ യാനുകോവിച്ച് തുടക്കത്തിൽ നിഷ്പക്ഷ നിലപാട് സ്വീകരിച്ചെങ്കിലും പിന്നീട് റഷ്യൻ പക്ഷത്തേക്ക് ചാഞ്ഞു. യൂറോപ്യൻ യൂനിയനിൽ ചേരാനുള്ള ശ്രമങ്ങൾ ഉപേക്ഷിച്ചു. റഷ്യ രൂപവത്കരിച്ച യൂറേഷ്യൻ ഇക്കണോമിക് യൂനിയനിൽ ചേരാൻ തീരുമാനിച്ചു. ഇതോടെ തെരുവുകൾ പ്രക്ഷോഭഭരിതമായി. പ്രക്ഷോഭത്തിന്റെ ചരട് യു എസിലായിരുന്നു. അത് മനസ്സിലാക്കിയ റഷ്യ നേരിട്ട് ഇടപെട്ടു. സൈന്യത്തെയിറക്കി. അതിനിടെ, യാനുകോവിച്ചിന് രാജിവെക്കേണ്ടി വന്നു. റഷ്യൻ ഭാഷ സംസാരിക്കുന്നവർ തിങ്ങിത്താമസിക്കുന്ന ക്രിമിയ പ്രദേശത്തെ റഷ്യയോട് ചെർക്കുന്നതിലാണ് ഇത് കലാശിച്ചത്. കിഴക്കൻ ഉക്രൈനിലെ ലുഹാൻസ്‌ക്, ഡോണെറ്റ്‌സ്‌ക് പ്രവിശ്യകളിൽ ഏഴ് വർഷമായി റഷ്യൻ അനുകൂലികൾ വിമത പോരാട്ടം നടത്തുകയാണ്. ഈ വിമതർക്ക് എല്ലാ പിന്തുണയും റഷ്യ നൽകുന്നു. റഷ്യ കഴിഞ്ഞാൽ യൂറോപ്പിലെ ഏറ്റവും വലിയ രാജ്യമായ ഉക്രൈൻ ഈ സായുധ കലാപങ്ങളെ ഗൗരവത്തോടെയാണ് കാണുന്നത്.

സോവിയറ്റ് യൂനിയന്റെ രാഷ്ട്രീയ, സാമ്പത്തിക മുൻഗണനകളൊന്നും ഇന്ന് റഷ്യക്കില്ലെങ്കിലും പഴയ മേധാവിത്വം തിരിച്ചുപിടിക്കണമെന്ന ശാഠ്യമുണ്ട്. ബോറിസ് യെൽട്‌സിനല്ല, വ്‌ളാദമിർ പുടിൻ. അമേരിക്കക്ക് കീഴൊതുങ്ങിയാൽ റഷ്യൻ താത്പര്യങ്ങൾക്ക് മേൽഗതിയുണ്ടാകില്ലെന്ന് പുടിൻ കരുതുന്നു. പഴയതൊക്കെ റഷ്യ മറന്നാലും യു എസ് ഭരണാധികാരികൾ മറക്കില്ലെന്നും അദ്ദേഹത്തിനറിയാം. അതുകൊണ്ട് ഇപ്പോഴത്തെ ഉക്രൈൻ പ്രസിഡന്റ് വോളോദമിർ സെലൻസ്‌കി നാറ്റോ സ്വപ്നം വീണ്ടും പൊടിതട്ടിയെടുക്കുമ്പോൾ സ്വാഭാവികമായും പുടിന് കോപം വരും. തൊട്ടടുത്ത് ഒരു നാറ്റോ സഖ്യരാജ്യം കിടക്കുമ്പോൾ എങ്ങനെ സമാധാനമായി കിടന്നുറങ്ങുമെന്ന് ചോദിക്കും. പഴയ ശീത സമരത്തിന്റെ പുതിയ വകഭേദമാണ് പ്രത്യക്ഷപ്പെടുന്നതെന്ന് ഉറപ്പിക്കും. നാറ്റോയും ഉക്രൈനും ചേർന്ന് ഇതിനിടെ നടത്തിയ സംയുക്ത സൈനികാഭ്യാസങ്ങളും റഷ്യയെ പ്രകോപിപ്പിച്ചു. റഷ്യൻ അതിർത്തിയിൽ നിന്ന് 20 കിലോമീറ്റർ മാത്രം അകലെ നടന്ന സൈനികാഭ്യാസത്തിൽ ആണവ ബോംബുകൾ വഹിക്കാൻ കഴിയുന്ന അത്യാധുനിക യുദ്ധവിമാനങ്ങൾ ഉൾപ്പെടെ പങ്കെടുത്തിരുന്നു.

കിഴക്കൻ യൂറോപ്പിലേക്ക് കൂടുതൽ സൈന്യത്തെ അയക്കാൻ അമേരിക്ക തീരുമാനിച്ചതായും സൈന്യം ഉടൻ തന്നെ പോളണ്ട്, റൊമാനിയ, ജർമനി എന്നിവിടങ്ങളിലേക്ക് തിരിക്കുമെന്നും പെന്റഗൺ പ്രസ്സ് സെക്രട്ടറി ജോൺ കിർബി അറിയിച്ചതോടെ യുദ്ധാന്തരീക്ഷം കനപ്പെട്ടു. ഉക്രൈനിനെ ആക്രമിച്ചാൽ റഷ്യ കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ജി7 രാജ്യങ്ങളും മുന്നറിയിപ്പ് നൽകി. നാറ്റോ അംഗരാജ്യങ്ങളായ ഡെൻമാർക്ക്, സ്‌പെയിൻ, ബൾഗേറിയ, നെതർലാൻഡ്‌സ് എന്നിവരും കിഴക്കൻ യൂറോപ്പിലേക്ക് കൂടുതൽ യുദ്ധവിമാനങ്ങളും പടക്കപ്പലുകളും അയക്കുന്നുണ്ട്. യുദ്ധം ആസന്നമായെന്നോണം ഉക്രൈൻ നയതന്ത്രകാര്യാലയത്തിൽ നിന്ന് തങ്ങളുടെ ജീവനക്കാരെ പിൻവലിച്ചു തുടങ്ങിയിരിക്കുകയാണ് അമേരിക്കയും ബ്രിട്ടനും ഫ്രാൻസും.

സത്യത്തിൽ റഷ്യയും അമേരിക്കയും തമ്മിലുള്ള ശീതസമരത്തിന്റെ ഭ്രാന്തമായ ആവിഷ്‌കാരമാണ് ഉക്രൈനിൽ ഇപ്പോൾ കാണുന്നത്. കൂടുതൽ യൂറോപ്യൻ രാജ്യങ്ങളെ നാറ്റോയിൽ അംഗമാക്കുകയെന്നത് ജോ ബൈഡന്റെ വാശിയാണ്. 2003ലെ ഇറാഖ് അധിനിവേശമടക്കമുള്ള വിഷയങ്ങളിൽ സ്വതന്ത്ര നിലപാടെടുത്ത ഫ്രാൻസിനെയും ജർമനിയെയും പൂർണമായി യു എസ് പക്ഷത്തേക്ക് ചായ്ച്ചു കിട്ടണമെന്ന ലക്ഷ്യവും അദ്ദേഹത്തിനുണ്ട്. റഷ്യ ആക്രമിക്കാൻ വരുന്നേയെന്ന പേടി സൃഷ്ടിക്കുകയാണ് അതിനുള്ള എളുപ്പ വഴി. ഉക്രൈനെ തത്കാലം ആക്രമിക്കില്ലെന്നും വിന്യസിച്ച സൈനികരെല്ലാം നിന്നിടത്ത് തന്നെ നിലയുറപ്പിക്കുമെന്നും റഷ്യ ആവർത്തിക്കുമ്പോഴും പ്രകോപന പ്രസ്താവനകൾ അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ തുടരുന്നത് അതുകൊണ്ടാണ്. അഫ്ഗാനിസ്ഥാനിൽ തോറ്റു മടങ്ങിയതിന്റെ ക്ഷീണം തീർക്കാൻ ഉക്രൈനിൽ റഷ്യക്ക് മേലുള്ള ആധിപത്യം അനിവാര്യമാണ് ബൈഡന്. റഷ്യക്കെതിരെ യൂറോപ്യൻ യൂനിയൻ ഒരു പരിധിക്കപ്പുറം ഇറങ്ങില്ലെന്ന് യു എസിനോളം അറിയുന്നവരില്ല. ഇ യുവിന്റെ വിലപ്പെട്ട വാണിജ്യ, സാമ്പത്തിക പങ്കാളിയാണ് റഷ്യ. എണ്ണ, പ്രകൃതി വാതക സ്രോതസ്സുമാണ്. ആ ബന്ധം ബലികഴിച്ച് എന്തിന് യു എസിനൊപ്പം ചാടിപ്പുറപ്പെടണമെന്ന് അവർ ചിന്തിക്കുന്നു. (മറിച്ച് നിലപാടുള്ള ബ്രിട്ടൻ ഇപ്പോൾ യൂറോപ്യൻ യൂനിയനിൽ നിന്ന് പുറത്താണ്). സംഘർഷാവസ്ഥ സൃഷ്ടിച്ചാൽ മധ്യമ നിലപാടിൽ നിന്ന് ഇ യു രാജ്യങ്ങളെ അടർത്താമെന്ന് യു എസ് കണക്കുകൂട്ടുന്നുണ്ട്. അല്ലാതെ ഉക്രൈനോടുള്ള സ്‌നേഹ വായ്‌പൊന്നുമല്ല യു എസിനെ നയിക്കുന്നത്. നാറ്റോ അംഗമല്ലാത്തതിനാൽ ഉക്രൈനിൽ സൈന്യത്തെ ഇറക്കാൻ തയ്യാറാകില്ലെന്ന് യു എസ് പ്രഖ്യാപിച്ച് കഴിഞ്ഞിട്ടുണ്ട്. മണ്ടത്തരങ്ങളായിരുന്നു ഡൊണാൾഡ് ട്രംപിന്റെ മുഖമുദ്ര. അദ്ദേഹത്തിന്റെ നീക്കങ്ങൾ തുറന്നതായിരുന്നു, ഒട്ടും നിഗൂഢതയില്ല. ബൈഡൻ ബുദ്ധിമാനാണ്. കുരുട്ട് ബുദ്ധിമാൻ. ഉക്രൈനിൽ നിന്ന് റഷ്യ പിൻവാങ്ങിയാൽ തന്റെ മിടുക്കെന്ന് മേനി പറയാം. ആക്രമിച്ചാൽ പക്ഷം ചേർന്ന് രസിക്കാം. യുദ്ധത്തിന്റെ പ്രത്യക്ഷ പ്രഹരം യൂറോപ്പിനായിരിക്കുമല്ലോ. സാമ്പത്തിക ആഘാതവും.

ഇനി റഷ്യയുടെ കാര്യമോ? അമേരിക്കൻ ചേരിക്കും നാറ്റോക്കും ബദൽ സൃഷ്ടിക്കുകയാണ് പുടിന്റെ ലക്ഷ്യം. യു എസ് അടിച്ചേൽപ്പിച്ച കടുത്ത ഉപരോധം മറികടക്കാൻ ബന്ധുബലം വേണം. നവ സോവിയറ്റ് രാജ്യങ്ങളെയും ചൈനയെയും അറബ് രാജ്യങ്ങളെയുമൊക്കെ ഒപ്പം കൂട്ടണം. അതിന് ബൈഡന്റെ യുദ്ധോത്സുകത പരമാവധി എക്‌സ്‌പോസ് ചെയ്യണം. അതിനായി പരമാവധി പ്രകോപിപ്പിക്കണം. അതിനപ്പുറത്തേക്ക് റഷ്യ നീങ്ങുമെന്ന് തോന്നുന്നില്ല. യുദ്ധമുണ്ടായാൽ നഷ്ടം മാത്രമേയുള്ളൂവെന്ന് റഷ്യക്കറിയാം. ജയിച്ചാൽ പോലും രാജ്യം തകർന്നുപോകും. അങ്ങനെ വിലപേശൽ ശക്തി നഷ്ടപ്പെട്ട് ചൈനയുടെ വാല്യക്കാരനായി നിൽക്കാൻ റഷ്യ ആഗ്രഹിക്കില്ലല്ലോ. ഉക്രൈനെ നാറ്റോയിൽ നിന്ന് പിന്തിരിപ്പിക്കുകയെന്ന പരിമിത വിജയം മതിയാകും മോസ്‌കോക്ക്. കിഴക്കൻ യൂറോപ്പിലെ സൈനിക സന്നാഹങ്ങൾ പിൻവലിച്ച് അമേരിക്ക പൂർണമായി പിൻവാങ്ങണമെന്ന ആവശ്യം വിഴുങ്ങാൻ പുടിൻ തയ്യാറാകുമെന്നർഥം.

റഷ്യക്കൊപ്പം കട്ടക്ക് നിൽക്കാമെന്ന് ചൈന സമ്മതിച്ച് കഴിഞ്ഞു. യു എന്നിലും പുറത്തും റഷ്യയുടെ നാറ്റോവിരുദ്ധ നീക്കങ്ങളെ ചൈന പിന്തുണക്കും. യു എസ് ഉപരോധം മറികടക്കാൻ സഹായിക്കും. ഇതൊന്നും സൗജന്യമല്ല. ഈ കൂട്ടുകെട്ടിൽ നിരവധി പക്ഷികളെ ചൈന വീഴ്ത്തിക്കഴിഞ്ഞു. തായ്‌വാനിലും ഹോങ്കോംഗിലും ഇന്ത്യൻ അതിർത്തിയിലും കിഴക്കൻ ചൈനാ കടലിലുമെല്ലാം ചൈനീസ് താത്പര്യത്തിനൊപ്പം റഷ്യ ഇനി നിന്നേ തീരൂ. സിൻജിയാംഗിലെ മനുഷ്യാവകാശ ലംഘനങ്ങളിലായാലും അതിർത്തി വ്യാപന, സാമ്പത്തിക അധിനിവേശ നയങ്ങളിലായാലും ഗംഭീര ഒക്കച്ചങ്ങായിയെയാണ് സി ജിൻ പിംഗിന് കിട്ടിയിരിക്കുന്നത്. പുടിൻ- ജിൻ പിംഗ് കൂട്ടുകെട്ടിന്റെ അനന്തര ഫലമായിരിക്കും വരും നാളുകളിലെ ചൂടേറിയ വിഷയം.

പന്ത് യൂറോപ്യൻ രാജ്യങ്ങളുടെ കോർട്ടിലാണ്. നാറ്റോ വിപുലീകരണ ശ്രമങ്ങളെ അവർ എതിർക്കണം. യൂറേഷ്യയിൽ യുദ്ധാന്തരീക്ഷം ഒഴിവാക്കാൻ മറ്റ് വഴികളില്ല. ഉക്രൈന്റെ പരമാധികാരം അനുവദിച്ചു കൊടുക്കാൻ റഷ്യക്ക് മേൽ സമ്മർദം ചെലുത്താനും അതുവഴി സാധിക്കും. ഉപരോധം വായ്ത്തല പോയ കോടാലിയാണെന്ന് ഏറെക്കുറെ തെളിഞ്ഞു കഴിഞ്ഞിരിക്കുന്നു. ഇറാനെ എത്രകാലമായി ഉപരോധിക്കുന്നു. എന്നിട്ടും ആ രാജ്യം അതിന്റെ നിലപാടുകളിൽ ഉറച്ചുനിൽക്കുന്നില്ലേ. ആണവ രാജ്യമായ റഷ്യയെ ഭീഷണിപ്പെടുത്തുന്നത്‌ കൊണ്ടോ ഉപരോധിച്ചത് കൊണ്ടോ ഒരു ഫലവുമുണ്ടാകാൻ പോകുന്നില്ല. നയതന്ത്ര മേശകളിൽ നിന്നേ പരിഹാരം സാധ്യമാകൂ. വെല്ലുവിളി തുടരുന്ന വിവരമില്ലാത്ത മല്ലൻമാർ വഴി മാറിത്തന്നെ നടക്കട്ടെ.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്