Connect with us

From the print

ഇ കെ വിഭാഗം മുഖപത്രത്തിന് ചന്ദ്രികയുടെ മറുപടി

വിവാദം ശംസുൽ ഉലമയെ പട്ടിക്കാട് നിന്ന് പുറത്താക്കിയ വിഷയത്തിൽ

Published

|

Last Updated

കോഴിക്കോട് | ഇ കെ വിഭാഗം മുഖപത്രത്തിന് മറുപടിയുമായി മുസ്‌ലിം ലീഗിന്റെ ചന്ദ്രിക. ശംസുൽ ഉലമ ഇ കെ അബൂബക്കർ മുസ്‌ലിയാരെ പട്ടിക്കാട് ജാമിഅ നൂരിയ്യ സ്ഥാപനത്തിൽ നിന്ന് പുറത്താക്കിയതുമായി ബന്ധപ്പെട്ട് സുപ്രഭാതം പ്രസിദ്ധീകരിച്ച ലേഖനത്തിനാണ് ചന്ദ്രികയുടെ മറുപടി.

‘സ്വന്തം പ്രസ്ഥാനത്തിന്റെ പരിധിയിലായിട്ടു പോലും പ്രസ്ഥാന നായകന് ജാമിഅയുടെ പടിയിറങ്ങേണ്ടി വന്നത് ഇക്കാലത്താണ്. രാഷ്ട്രീയാതിപ്രസരം എന്നതിനപ്പുറം കാരണങ്ങളൊന്നും അന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നില്ല’ എന്ന കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച സുപ്രഭാതം ലേഖനത്തിലെ പരാമർശം എടുത്തുദ്ധരിച്ചാണ് ചന്ദ്രിക എഡിറ്റോറിയൽ പേജിൽ മറുപടി ലേഖനമെഴുതിയിരിക്കുന്നത്.

ശംസുൽ ഉലമ ജാമിഅയിൽ നിന്ന് വിടചൊല്ലാൻ സാഹചര്യമൊരുക്കിയത് മുസ്‌ലിം ലീഗോ ശിഹാബ് തങ്ങളോ ആയിരുന്നില്ലെന്നും 1977 ഡിസംബർ 12ന് ചേർന്ന കോളജ് പ്രവർത്തക സമിതി തീരുമാനപ്രകാരമായിരുന്നുവെന്നും ചന്ദ്രിക ലേഖനം വ്യക്തമാക്കുന്നുണ്ട്. സ്ഥാപനത്തിലെ മുതിർന്ന അധ്യാപകനായ ശംസുൽ ഉലമ ഇ കെ അബൂബക്കർ മുസ്‌ലിയാരുടെ സാന്നിധ്യം പ്രവൃത്തി ദിവസങ്ങളിൽ കോളജിൽ ഉറപ്പു വരുത്തണമെന്ന തീരുമാനമായിരുന്നു അത്. ഇത് അദ്ദേഹത്തെ അറിയിക്കുന്നതിന് കമ്മിറ്റി അംഗങ്ങളായ പി അബ്ദുൽ ഖാദിർ ഹാജി, കക്കോടൻ മൂസ ഹാജി എന്നിവരെ കമ്മിറ്റി അധികാരപ്പെടുത്തിയിരുന്നതായും ലേഖനത്തിലുണ്ട്.
ഈ വിവരം അറിയിച്ചതോടെ ഇ കെ അബൂബക്കർ മുസ്‌ലിയാർ രാജി വെക്കുകയും കമ്മിറ്റി രാജി സ്വീകരിക്കുകയുമായിരുന്നു. പിന്നീട് ആറ് മാസത്തിന് ശേഷം ശംസുൽ ഉലമയെ തിരിച്ചു കൊണ്ടുവരാൻ കോളജ് കമ്മിറ്റി തീരുമാനിച്ചുവെന്നും ആയിടക്കാണ് ഇടതുപക്ഷത്തിന്റെ കൃത്യമായ ഇടപെടൽ ഈ വിഷയത്തിലുണ്ടായതെന്നുമാണ് ചന്ദ്രിക പറയുന്നത്.
പാപഭാരമത്രയും മുസ്‌ലിംലീഗിന്റെ പിരടിയിൽ വെച്ചുകെട്ടി നാലരപ്പതിറ്റാണ്ട് മുമ്പ് സി പി എം തയ്യാറാക്കിയ തിരക്കഥ ഇന്ന് ചിലർ പുനരാഖ്യാനിക്കുകയാണെന്നാണ് സുപ്രഭാതത്തിലെ ലേഖനത്തെക്കുറിച്ച് ചന്ദ്രിക വിശേഷിപ്പിക്കുന്നത്.

മുസ്‌ലിം രാഷ്ട്രീയ സംഘശക്തിയെ ദുർബലപ്പെടുത്തി അതുവഴി കമ്മ്യൂണിസത്തിന് ഉമ്മത്തിലേക്ക് വഴിയൊരുക്കുകയാണ് അവർ. ഒരു കാലത്ത് കമ്മ്യൂണിസത്തിൽ വിശ്വസിച്ച് അതിൽ പ്രവർത്തിച്ചാൽ കാഫിറാകുമെന്നും വിശ്വസിക്കാതെ സഹായിക്കുന്നത് ഹറാമാണെന്നും ഫത്‌വ നൽകിയവരാണിപ്പോൾ ഇടതുപക്ഷത്തിനും വിശേഷിച്ച് സി പി എമ്മിനും വേണ്ടി ഉമ്മത്തിനെ പിളർത്താൻ ശ്രമിക്കുന്നതെന്നും ചന്ദ്രിക തുറന്നടിച്ചിട്ടുണ്ട്.
സെപ്തംബർ 26ന് ഇബ്‌റാഹീം ഫൈസി പേരാൽ ആണ് ഇ കെ വിഭാഗം മുഖപത്രത്തിൽ “സമസ്തക്ക് കരുത്തേകിയ നേതൃദ്വയങ്ങൾ’ എന്ന ലേഖനം എഴുതിയത്.

അതേസമയം, ചന്ദ്രിക ലേഖനത്തിൽ ഇ കെ അബൂബക്കർ മുസ്്ലിയാരെക്കുറിച്ച് ദുസ്സൂചനകളുണ്ടെന്ന് ലീഗ് വിരുദ്ധ വിഭാഗം ചൂണ്ടിക്കാട്ടുന്നു. ശംസുൽ ഉലമയുടെ സാന്നിധ്യം പ്രവൃത്തി ദിവസങ്ങളിൽ കോളജിൽ ഉറപ്പ് വരുത്താൻ കമ്മിറ്റി ശ്രമിച്ചുവെന്ന് പറയുന്നതിലൂടെ ജോലിയിൽ അദ്ദേഹം വീഴ്ച വരുത്തിയെന്ന ദുസ്സൂചനയാണ് ലേഖനം മുന്നോട്ട് വെക്കുന്നതെന്ന് അവർ പറയുന്നു. ശിഹാബ് തങ്ങളെ ഉന്നമിടാൻ ശംസുൽ ഉലമയെ മുന്നിൽ നിർത്തി എന്നു പറയുന്നതിലും ഒളിയമ്പുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. 1978 ജൂൺ ആറിന് ചേർന്ന ജാമിഅ കമ്മിറ്റി ശംസുൽ ഉലമയെ തിരിച്ചു കൊണ്ടുവരാനായി തീരുമാനിച്ചെങ്കിലും ഇടതുപക്ഷത്തിന്റെ ഇടപെടൽ ഉണ്ടായി എന്ന് ലേഖത്തിലുണ്ട്. ശംസുൽ ഉലമയിൽ ഇടതുപക്ഷ ഇടപെടൽ ഉണ്ടായെന്നൊക്കെ പറയാൻ മാത്രം എങ്ങനെ കഴിയുന്നുവെന്നാണ് ലിഗ് വിരുദ്ധപക്ഷത്തിന്റെ ചോദ്യം.