Connect with us

Malappuram

മലപ്പുറത്തെ ഇഫ്ളു കാമ്പസ് തിരിച്ചുകൊണ്ടുവരാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ഇടപെടണം: ഖലീല്‍ ബുഖാരി തങ്ങള്‍ 

മഅ്ദിന്‍ ഫിയസ്ത അറബിയ്യ ആഘോഷങ്ങള്‍ക്ക് പ്രൗഢമായ തുടക്കം.

Published

|

Last Updated

മലപ്പുറം| ഐക്യരാഷ്ട്ര സഭയുടെ അന്താരാഷ്ട്ര അറബിക് ദിനാചരണത്തിന്റെ ഭാഗമായി മഅ്ദിന്‍ അക്കാദമി സംഘടിപ്പിക്കുന്ന ഒരു മാസം നീണ്ട് നില്‍ക്കുന്ന ഫിയസ്ത അറബിയ്യ ആഘോഷ പരിപാടികള്‍ക്ക് പ്രൗഢമായ തുടക്കം.  കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറിയും മഅദിന്‍ ചെയര്‍മാനുമായ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഉദ്ഘാടനം നിര്‍വ്വഹിച്ചു. വിദ്യാഭ്യാസ പുരോഗതി ലക്ഷ്യം വെച്ച് മലപ്പുറത്ത് ആരംഭിച്ച് പാതി വഴിയില്‍ നിലച്ച് ഇഫ്ളു കാമ്പസ് തിരിച്ച് കൊണ്ടുവരുന്നതിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ കാര്യക്ഷമമായ ഇടപെടലുകള്‍ നടത്തണമെന്നും വിദേശ ഭാഷാ പഠനത്തിന് അവസരമൊരുക്കണമെന്നും അദ്ദേഹം പറഞ്ഞു. ഏറെ കൊട്ടിഘോഷിച്ച് ആരംഭിച്ച ഇഫ്ളു കാമ്പസ് പ്രവര്‍ത്തനം നിര്‍ത്തലാക്കിയത് വിദ്യാര്‍ത്ഥികളുടെ വിദേശ ഭാഷാ പഠന മോഹത്തിനാണ് തിരിച്ചടിയായത്.

അന്താരാഷ്ട്ര തലങ്ങളില്‍ വിദേശ ഭാഷകള്‍ പഠിച്ചവര്‍ക്ക് നിരവധി അവസരങ്ങളാണുള്ളത്. തൊഴിലില്ലായ്മ വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അറബി അടക്കമുള്ള വിദേശ ഭാഷാ പഠനം പ്രോത്സാഹിപ്പിക്കുകയും അതിനുവേണ്ട സൗകര്യങ്ങള്‍ ഉത്തരവാദിത്തപ്പെട്ടവര്‍ ചെയ്ത് കൊടുക്കുകയും വേണമെന്നും കേരളത്തില്‍ അറബിക് സര്‍വകലാശാല ആരംഭിക്കാന്‍ അധികൃതര്‍ മുന്‍കയ്യെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമസ്ത ജില്ലാ സെക്രട്ടറി പി. ഇബ്‌റാഹീം ബാഖവി അധ്യക്ഷത വഹിച്ചു.

ഒരു മാസം നീണ്ട് നില്‍ക്കുന്ന പരിപാടിയില്‍ ടൂറിസം, തൊഴില്‍, വിദ്യാഭ്യാസം, ഗവേഷണം, അധ്യാപനം, വിവര്‍ത്തനം തുടങ്ങിയ 25 സെഷനുകളിലായി 50 പഠനങ്ങളാണ് നടക്കുക. അറബിക് കലോത്സവം, അഖില കേരള അറബിക് മാഗസിന്‍ മത്സരം, ഗവേഷക സംഗമം, പ്രമുഖരുമായുള്ള ഇന്റര്‍വ്യൂ, ഭാഷാ പഠന മാതൃകകള്‍, അറബിക് കലിഗ്രഫി വര്‍ക്ക് ഷോപ്പ്, കലിഗ്രഫി മത്സരങ്ങള്‍, അറബി മാതൃഭാഷയല്ലാത്ത രാജ്യങ്ങളിലെ ഭാഷാ പഠന രീതികള്‍ തുടങ്ങിയ പരിപാടികള്‍ നടക്കും.

ഉദ്ഘാടന പരിപാടിയില്‍ ഹബീബ് തുറാബ് തങ്ങള്‍ തലപ്പാറ, സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, അബ്ദുന്നാസിര്‍ അഹ്സനി കരേക്കാട്, അബൂബക്കര്‍ അഹസ്‌നി പറപ്പൂര്‍, ദുല്‍ഫുഖാര്‍ അലി സഖാഫി മേല്‍മുറി, അലി മുസ്‌ലിയാര്‍ ചീക്കോട്, അറബിക് വില്ലേജ് ഡയറക്ടര്‍ കെ ടി അബ്ദുസമദ് സഖാഫി, ഇബ്റാഹീം ഹാജി പാവറട്ടി, മുഈനുദ്ദീന്‍ ഹാജി പാവറട്ടി, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മുന്‍ അസി.രജിസ്റ്റാര്‍ എ. മൊയ്തീന്‍കുട്ടി, മഅദിന്‍ അക്കാദമിക് ഡയറക്ടര്‍ നൗഫല്‍ കോഡൂര്‍, പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പള്‍ സൈതലവിക്കോയ കൊണ്ടോട്ടി, വൈസ് പ്രിന്‍സിപ്പള്‍ നൂറുല്‍ അമീന്‍ ലക്ഷദ്വീപ്, വിദൂര വിദ്യാഭ്യാസ കേന്ദ്രം ഡയറക്ടര്‍ അബ്ദുലത്വീഫ് പൂവത്തിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.

 

 

 

Latest