Connect with us

Repeals Farm Bills

കാര്‍ഷിക ബില്ലില്‍ കേന്ദ്രത്തിന്റെ 'മാസ്റ്റര്‍ സ്‌ട്രോക്ക്'; ആശയക്കുഴപ്പത്തിലായ 'ദേശീയ മാധ്യമങ്ങള്‍'!

കര്‍ഷക വിരുദ്ധമായ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ച പ്രധാനമന്ത്രി അറിയിച്ചപ്പോള്‍ ഇന്നലെ വരെ തങ്ങള്‍ തുറന്ന് അനുകൂലിച്ചിരുന്ന കാര്‍ഷിക നിയമങ്ങളെ സംബന്ധിച്ച് ഇനി എന്ത് പറയണം എന്ന ആശയക്കുഴപ്പത്തില്‍ ആണ്ടുപോയി വലത് മാധ്യമങ്ങള്‍

Published

|

Last Updated

ഭൂരിപക്ഷ പ്രേക്ഷകര്‍ക്ക് ആവശ്യമുള്ളത് മാത്രം നല്‍കി മാര്‍ക്കറ്റിലും ടി ആര്‍ പിയിലും മുന്‍പന്തിയില്‍ സ്ഥാനം ഉറപ്പിക്കുക എന്ന നിലനില്‍പ്പിന്റെ തന്ത്രം പയറ്റാന്‍ തുടങ്ങിയതില്‍ പിന്നെ, ഇന്ത്യയില്‍ ദേശീയ മാധ്യമങ്ങള്‍ എന്ന് വിളിപ്പേരുള്ള ഇംഗ്ലീഷ്, ഹിന്ദി മാധ്യമങ്ങള്‍ പ്രത്യേകിച്ചും ന്യൂസ് ചാനലുകള്‍ക്ക് കാര്യമായ അപചയം സംഭവിച്ചു എന്ന വിമര്‍ശനം അവിടെ നിലനില്‍ക്കുന്നുണ്ട്. പ്രത്യേകിച്ചും ഇന്ത്യയില്‍ ഹിന്ദുത്വ രാഷ്ട്രീയം വേരുറപ്പിച്ചതിന് ശേഷം. മാധ്യമ പ്രവര്‍ത്തനത്തിന്റെ ധാര്‍മ്മികതകള്‍ പുലര്‍ത്തിയിരുന്ന മാധ്യമ സ്ഥാപനങ്ങള്‍ ഒന്നുകില്‍ കളം വിട്ട് ഒഴിയുകയോ, ലാഭകരമായൊരു ബിസിനസ് മാതൃകയാണ് ഇന്ത്യയില്‍ മാധ്യമ സ്ഥാപന നടത്തിപ്പ് എന്ന് തിരച്ചറിഞ്ഞ് കോര്‍പ്പറേറ്റുകള്‍ ഈ രംഗത്തേക്ക് കടന്നുവരികയോ ചെയ്തതോടെ ഭൂരിപക്ഷത്തിന് എന്താണ് ആവശ്യം എന്നത് മാത്രം നിറവേറ്റിക്കൊടുക്കുക എന്ന നിലയിലേക്ക് ഇന്ത്യന്‍ ദേശീയ മാധ്യമങ്ങള്‍ മാറിയിട്ടുണ്ട്. ഇത് ഈ മാധ്യമങ്ങളെ കൊണ്ട് ചെന്ന് കെട്ടിയത് വലത് പക്ഷ മാധ്യമങ്ങളുടെ തൊഴുത്തിലാണ്.

സംഘ് പരിവാര്‍ തീരുമാനങ്ങളെ ദേശീയതയെ മുന്‍ നിര്‍ത്തി കൈയ്യടിച്ച് സോഷ്യല്‍ വിസിബിലിറ്റി ഉണ്ടാക്കിക്കൊടുക്കുക, അത് ഉറക്കെ പല തവണ വിളിച്ച് പറഞ്ഞ് ഭൂരിപക്ഷത്തിന്റെ സമ്മതി നേടിക്കൊടുക്കുക, വ്യാജ പ്രചരണങ്ങള്‍ പലയാവര്‍ത്തി വിളിച്ച് പറഞ്ഞ് അത് സത്യമാക്കി മാറ്റുക എന്നത് മാത്രം ഇവരുടെ അജണ്ടയായി തീരുന്നു. ഇത്തരത്തില്‍ അവര്‍ക്ക് അത് മാത്രം ആവശ്യപ്പെടുന്ന ഒരു വലിയ പങ്ക് പ്രേക്ഷകരെ ലഭിക്കുകയും ചെയ്യുന്നു.

എന്നാല്‍, ചില സന്ദര്‍ഭങ്ങളുണ്ട്. തലേനാള്‍ വരെ പറഞ്ഞുകൊണ്ടിരുന്ന, പ്രചരിപ്പിച്ചുകൊണ്ടിരുന്ന എല്ലാ വാദങ്ങള്‍ക്കും വിപരീതമായ ഒരു തീരുമാനം തങ്ങള്‍ പ്രതിനിധീകരിക്കുന്ന രാഷ്ട്രീയ നേതൃത്വം എടുക്കുകയും അതിനനുസരിച്ച് തങ്ങളുടെ നരേറ്റീവ് മാറ്റേണ്ടിയും വരുന്ന അപൂര്‍വ്വം ചില സന്ദര്‍ഭങ്ങള്‍. മുന്നോട്ട് വെച്ചകാല്‍ പിന്നോട്ട് വെക്കേണ്ടി വരിക എന്നത് മെജോറിറ്റേറിയന്‍ ഗവണ്മെന്റുകളെ സംബന്ധിച്ച് ഏറെക്കുറെ അവരുടെ നിഘണ്ടുവിലില്ലാത്ത സംജ്ഞയാണെങ്കിലും അത്യാവശ്യം ഘട്ടങ്ങളില്‍ അവര്‍ അത് എടുത്തുപയോഗിക്കാറുണ്ട്. അത്തരം അപൂര്‍വ്വ അവസരങ്ങളിലെങ്കിലും ഇത്തരം ‘മാസ്റ്റര്‍ സ്‌ട്രോക്കുകള്‍ക്ക്’ മുന്നില്‍ വഴിയെന്തെന്നറിയാതെ ഉഴറാറുണ്ട് ഇന്ത്യന്‍ ദേശീയ മാധ്യമങ്ങള്‍!

അത്തരം ഒരു വിഷമസന്ധിയിലാണ് ഇപ്പോള്‍ ഇന്ത്യന്‍ മാധ്യമങ്ങള്‍. കര്‍ഷക വിരുദ്ധമായ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ച പ്രധാനമന്ത്രി അറിയിച്ചപ്പോള്‍ ഇന്നലെ വരെ തങ്ങള്‍ തുറന്ന് അനുകൂലിച്ചിരുന്ന കാര്‍ഷിക നിയമങ്ങളെ സംബന്ധിച്ച് ഇനി എന്ത് പറയണം എന്ന ആശയക്കുഴപ്പത്തില്‍ ആണ്ടുപോയി വലത് മാധ്യമങ്ങള്‍.

അടുത്ത വര്‍ഷം പഞ്ചാബിലും ഉത്തര്‍പ്രദേശിലും നിയമസഭാ തിരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കെ ഇന്ന് ഉണ്ടായിരിക്കുന്നത് രാഷ്ടീയ തീരുമാനത്തില്‍ കുറഞ്ഞതൊന്നുമല്ല എന്ന പൂര്‍ണ്ണ ബോധ്യം എല്ലാവര്‍ക്കും ഉണ്ട്. യാതൊരു പ്രത്യയശാസ്ത്ര പിന്‍ബലവും ഇന്നത്തെ തീരുമാനത്തിന് പിന്നിലില്ലെന്ന് വ്യക്തവുമാണ്. എങ്കിലും തങ്ങളുടെ നിലനില്‍പ്പിനെ സാധൂകരിക്കാനെങ്കിലും വലത് പക്ഷ മാധ്യമങ്ങള്‍ക്ക് കാരണം കണ്ടെത്തേണ്ടിയിരിക്കുന്നു.

ന്യായമായ ആവശ്യങ്ങള്‍ ഉന്നയിച്ച് വര്‍ഗ സമരം നടത്തുന്ന കര്‍ഷകരെ സമരജീവികള്‍, ഖാലിസ്ഥാനികള്‍, തീവ്രവാദികള്‍ എന്നീ പേരുകളില്‍ അധിക്ഷേപിക്കാനായിരുന്നു വലത് പക്ഷത്തിന് വേണ്ടി പ്രൈംടൈമുകള്‍ പണയം വെച്ച ഇന്ത്യന്‍ ദേശീയ മാധ്യമങ്ങള്‍ സമയം കണ്ടെത്തിയിരുന്നത്. കര്‍ഷകരുടെ ഭാഗത്തെ കേള്‍ക്കാതിരിക്കുകയും അതിനെതിരായ ‘ഔദ്യോഗിക ഭാഷ്യ’ങ്ങള്‍ക്ക് അമിത പ്രധാന്യവും ആധികാരികതയും നല്‍കിയായിരുന്നു പ്രൈംടൈമുകളിലെ ചര്‍ച്ചകള്‍ ഏറെയും അരങ്ങേറിയത്. എന്നാല്‍, കേന്ദ്രം തന്നെ കര്‍ഷകര്‍ക്ക് അനുകൂലമായി തങ്ങളുടെ കടുംപിടിത്തത്തില്‍ അയവ് വരുത്തിയതോടെ അങ്കലാപ്പിലായിരിക്കുകയാണ് ഈ മാധ്യമങ്ങള്‍.

‘വിജയമെന്ന് സര്‍ക്കാര്‍, തോല്‍വിയെന്ന് പ്രതിപക്ഷം’, ‘അന്നദാതാക്കളുടെ വിജയം’ തുടങ്ങിയ തലക്കെട്ടുകള്‍ കൊണ്ട് ഈ മാധ്യമങ്ങളില്‍ ചിലര്‍ തടിതപ്പാന്‍ ശ്രമിച്ചപ്പോള്‍, ‘വ്യാജ കര്‍ഷകര്‍ പരാജയപ്പെട്ടു, ഇന്ത്യ ജയിച്ചു’ എന്ന അതിശയിപ്പെക്കുന്ന എന്നാല്‍ ഇന്നത്തെ സാഹചര്യത്തില്‍ സ്വാഭാവികമെന്ന് തോന്നാവുന്ന തലക്കെട്ടുമായി ഒരു പ്രധാന ചാനല്‍ മുന്നോട്ട് വന്നു. അതേസമയം, ‘തിരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി അനുനയത്തിന്റെ സൂചനകള്‍’ എന്ന യാഥാര്‍ഥ്യ ബോധത്തോടെയുള്ള, എന്നാല്‍ ഇവരില്‍ നിന്നും ഒരിക്കലും പ്രതീക്ഷിക്കാത്ത തലക്കെട്ടും ഇന്ന് വന്നവയില്‍ ഒരു ദേശീയ ഹിന്ദി മാധ്യമത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായി. ഇവ കൂടാതെ പ്രധാനമന്ത്രിയുടെ വാക്കുകള്‍ തന്നെ കടമെടുത്ത് രക്ഷനേടാനും ചില മാധ്യമങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടായി. താന്‍ ചെയ്യുന്നത് രാജ്യത്തിന്റെ നന്മക്കായാണെന്നും, കര്‍ഷക ക്ഷേമത്തില്‍ കുറഞ്ഞതൊന്നുമില്ലെന്നും, കര്‍ഷകരെ ബോധ്യപ്പെടുത്തുന്നതിലാവാം ഞങ്ങള്‍ പരാജയപ്പെട്ടത് എന്നും മറ്റുമുള്ള പ്രധാനമന്ത്രിയുടെ തന്ന വാക്കുകളായിരുന്നു ഇവര്‍ക്ക് തലക്കെട്ടുകള്‍.

വാര്‍ത്താ മാധ്യമങ്ങളുമായി അടുത്ത ബന്ധമാണ് എല്ലാകാലത്തും ഇന്ത്യന്‍ പ്രേക്ഷക സമൂഹത്തിന് ഉണ്ടായിരുന്നത്, ഇന്നുള്ളതും. 2020 ഒരു കണക്ക് പ്രകാരം ഇന്ത്യയിലെ ടി വി പ്രേക്ഷകരുടെ എണ്ണത്തില്‍ 9 ശതമാനത്തിന്റെ വര്‍ധന ഉണ്ടായിട്ടുണ്ട്. അതില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ന്യൂസ് ചാനലുകള്‍ കാണുന്നവരാണ്. അതായത് 27%. അതിന് മുമ്പ് 2019ല്‍ ഉണ്ടായിട്ടുള്ള റോയിട്ടേഴ്‌സിന്റെ ഒരു പഠനത്തില്‍ ഇന്ത്യല്‍ വലത് പക്ഷ മാധ്യമങ്ങള്‍ക്ക് വലിയ ജനകീയത ലഭിക്കുന്നു എന്നും സൂചിപ്പിക്കുന്നത്. ടി വി ചാനലുകള്‍ക്ക് പുറമേ, ലിബറല്‍ രാഷ്ട്രീയം പറയുന്ന മാധ്യമങ്ങള്‍ക്ക് സ്വാധീമുണ്ട് എന്ന് നാം കരുതുന്ന ഡിജിറ്റല്‍- ന്യൂമീഡിയകളില്‍ പോലും വലത് പക്ഷ ലെഗസി മീഡിയകള്‍ക്കാണ് സ്വീധീനവും ജനപ്രിയതയുമെന്നാണ് ഈ പഠനം ചൂണ്ടിക്കാണിക്കുന്നത്.

വലത് പക്ഷ മാധ്യമങ്ങള്‍ക്ക് ഹിന്ദുത്വയെ വളര്‍ത്തുന്നതില്‍ വലിയ പങ്കുണ്ട് എന്നതും മികച്ച ബിസിനസ് സാധ്യതയായി മാധ്യമങ്ങളെ നിലനിര്‍ത്തുന്നത് ഹിന്ദുത്വ അജണ്ടയോട് ചേര്‍ന്ന് നില്‍ക്കുന്നത് കൊണ്ടാണ് എന്നതും പരസ്യമായ യാഥാര്‍ഥ്യമാണ്. ഇവ രണ്ടും സമകാലിക ഇന്ത്യയില്‍ പരസ്പര പൂരകങ്ങളുമാണ്. അതിനാല്‍ തന്നെ രാഷ്ട്രീയ മേലാളന്മാര്‍ അടവുകള്‍ മാറ്റുന്നതിനനുസരിച്ച് അവര്‍ക്കൊപ്പം ചാടിക്കളിക്കേണ്ടത് വളരെ സ്വാഭാവികമായും ആയാസ രഹിതമായും ഈ മാധ്യമങ്ങള്‍ ചെയ്യുന്നു. എന്നാല്‍, ഈ വലതു പക്ഷ- ഹിന്ദുത്വ മാധ്യമങ്ങല്‍ തിരിച്ചറിയേണ്ടുന്ന ഒരു വസ്തുതയുണ്ട്. മാനുഷ്യ ഓര്‍മ്മകള്‍ ഒരു പക്ഷേ ചെറുതായിരിക്കും. എന്നാല്‍, ഏതെങ്കിലുമൊരു ഘട്ടത്തില്‍ അത് തിരിച്ചടിക്കുക തന്നെ ചെയ്യും.

Latest