Connect with us

Travelogue

ഇറാഖിലെ നബിദിനാഘോഷം

പുറത്ത് ഏറെ ആകർഷിച്ച മറ്റൊരു കാഴ്ച പകർത്താതിരിക്കാനാവില്ല. ഒരു ഫ്ലക്സ് ബോർഡാണത്. സുന്നീ വഖ്ഫ് മന്ത്രാലയത്തിന്റെ സഹകരണത്തോടെ, മഅറൂഫുൽ കർഖി തങ്ങളുടെ സവിധത്തിൽ ഇറാഖീ പണ്ഡിത സഭക്ക് കീഴിൽ നബിദിനം ആഘോഷിക്കുന്നത് സംബന്ധിച്ചുള്ള വിവരങ്ങളാണതിൽ. കേരളത്തിന് പുറത്ത് തിരുജന്മദിനത്തിന്റെ പരസ്യം കാണുമ്പോഴുള്ള സന്തോഷം ചെറുതല്ലല്ലോ.

Published

|

Last Updated

“അല്ലാഹുവിൽ നിന്ന് പൂർണമായും പിന്തിരിഞ്ഞവരിൽ നിന്നും അവനും പിന്തിരിയുന്നു. പൂർണമായും അല്ലാഹുവിലേക്ക് അടുക്കുന്നവരിലേക്ക് കാരുണ്യത്തോടെയവൻ സമീപസ്ഥനാകുന്നു. സർവരെയും അവരിലേക്ക് തിരിക്കുകയും ചെയ്യുന്നു’. ഇബ്നു സമ്മാക് ജനങ്ങളെ ഉപദേശിക്കുകയാണ്. കൂഫയാണ് വേദി. അപ്പോഴാണ് മഅ്റൂഫുൽ കർഖി(റ) അതുവഴി നടന്നുപോകുന്നത്. ആത്മജ്ഞാനിയായ ഇബ്നു സമ്മാക്കിന്റെ പ്രസംഗം അദ്ദേഹത്തെ ഹഠാദാകർഷിച്ചു. ആ മൊഴിമുത്തുകൾ ഒപ്പിയെടുത്ത് ഗുരുവിനോട് പങ്കുവെച്ചു. നീയും അതുപോലെ ജീവിക്കുക. ഗുരുവിന്റെ ആജ്ഞ അനുസരിച്ച് അദ്ദേഹം ജീവിതം കൂടുതൽ തിളക്കമുള്ളതാക്കാൻ പ്രതിജ്ഞയെടുത്തു.
ഇങ്ങനെ ഒട്ടനേകം ആത്മീയ ഗുണപാഠങ്ങളുള്ള സംഭവങ്ങളാൽ നിറഞ്ഞതാണ് ശൈഖ് കർഖിയുടെ ചരിത്രം. ഒരിക്കൽ ശിഷ്യന്മാരൊത്ത് ടൈഗ്രീസ് നദിക്കരയിൽ ഇരിക്കുകയാണ്. അതാ, വാദ്യമേളങ്ങളുടെ ആരവങ്ങളോടെ ഒരു കൂട്ടം ആളുകൾ കടന്നുപോകുന്നു. ആഭാസകരം. “ശൈഖോരേ, അങ്ങ് ആ ധിക്കാരികൾക്കെതിരെ പ്രാർഥിക്കണം’. ശിഷ്യന്മാർക്ക് ആ കാഴ്ച സഹിക്കാനായില്ല. ഗുരു കൈകളുയർത്തിയാൽ അത് നിരാകരിക്കപ്പെടുകയില്ലെന്ന് അവർക്കുറപ്പാണ്. ശൈഖ് അപേക്ഷ തട്ടിയില്ല. ശിഷ്യന്മാർക്ക് എന്തെന്നില്ലാത്ത സന്തോഷം. അവർ ആമീൻ പറയാനായി തയ്യാറെടുത്തു. പ്രാർഥന ആരംഭിച്ചു. “പടച്ചവനേ, ഇഹലോകത്ത് എപ്രകാരമാണോ ആ സംഘം ഉല്ലാസവാന്മാരായി നടന്നുനീങ്ങുന്നത് അതുപോലെ നാളെ പരലോകത്തും അവരെ നീ ആഹ്ലാദ ചിത്തരാക്കണേ’. എന്താണ് ഗുരു പ്രാർഥിക്കുന്നത്. അനുചരർ അത്ഭുത പരതന്ത്രരായി.

ശൈഖ് അവരെ നോക്കി ഇങ്ങനെ പറഞ്ഞു. “ഇവിടത്തെ പോലെ അവർ അവിടെയും ഉല്ലസിക്കട്ടെ. ആത്മാർഥമായ പശ്ചാതാപം പടച്ചവൻ സ്വീകരിക്കും. ഞാനതിനാണ് പ്രാർഥിച്ചത്. അതിൽ നിങ്ങൾക്കെന്താണ് പ്രശ്നം?!. അതോടെ ശിഷ്യന്മാർ അർഥഗർഭമായ മൗനം പൂണ്ടു.
ഇമാം അഹ്മദുബ്നു ഹമ്പൽ, യഹ്‌യ ബ്നു മുഈൻ തുടങ്ങിയ മഹാരഥന്മാർ വരെ അദ്ദേഹത്തെ സന്ദർശിച്ച് ആശീർവാദം വാങ്ങാറുണ്ടായിരുന്നു. ശൈഖ് സിരിയ്യുസ്സിഖ്തിയുടെ പ്രധാന മാർഗദർശിയാണ്. ഖലീഫ ഹാറൂൻ റഷീദ് ഏറെ ബഹുമാനിക്കാറുള്ള സൂഫിയായിരുന്നു. നിരവധി അത്ഭുത സിദ്ധികൾ പ്രകടമായിട്ടുണ്ട്. ഏതാനും ഹദീസുകളുടെ നിവേദകനാണ്. ഇമാം മൂസൽ കാള്വിം തങ്ങളാണ് പ്രധാന ഗുരുനാഥന്മാരിലൊരാൾ. ഇമാമിനോടുള്ള സാമീപ്യമാണ് തന്റെ വിജയനിദാനമെന്ന് ശൈഖ് കർഖി പറയാറുണ്ടായിരുന്നു.

നിറ ഭക്തിയുടെ പ്രതീകമായിരുന്നു അദ്ദേഹം. അല്ലാഹുവിന്റെ പേര് കേൾക്കുമ്പോൾ ഭയചകിതമാകുന്ന പ്രകൃതം. ബാങ്ക് വിളി കേൾക്കവെ ബോധരഹിതനായ സന്ദർഭങ്ങൾ വരെ ഉണ്ടായിട്ടുണ്ട്. ബഗ്ദാദിൽ വെച്ച് ഹിജ്റ വർഷം ഇരുനൂറിലായിരുന്നു വിയോഗം. നഗരം വിറങ്ങലിച്ച ദിനമായിരുന്നു അത്. മൂന്ന് ലക്ഷത്തിലധികം ആളുകളാണ് അന്ത്യകർമങ്ങൾക്ക് സാക്ഷിയാകാൻ എത്തിച്ചേർന്നത്. അന്നു മുതൽ ഇന്നു വരെ ആ സന്നിധിയിൽ മുടങ്ങാതെ സന്ദർശകരെത്തുന്നു. പല തവണ മഅറൂഫുൽ കർഖിയുടെ മഖ്ബറ നവീകരിക്കപ്പെട്ടിട്ടുണ്ട്. ഹിജ്റ 612ൽ ഖലീഫ നാസിർ ലിദീനില്ലായുടെ ഭരണകാലത്തായിരുന്നു ആദ്യത്തേത്. പിന്നീട് നാല് നൂറ്റാണ്ട് കഴിഞ്ഞ് ഒട്ടോമൻ സാമ്രാജ്യത്തിലെ ഖബ്റിന് മുകളിൽ ഖുബ്ബയും തൊട്ടുചേർന്നൊരു പള്ളിയും പണിതു. സദ്ദാം ഹുസൈൻ സർക്കാറിന്റെ തുടക്കത്തിലായിരുന്നു ഏറ്റവും ഒടുവിലത്തെ പുതുക്കിപ്പണിയൽ.

സിയാറത് കഴിഞ്ഞ് ഞങ്ങൾ തിരികെ നടന്നു. പള്ളിക്കകത്ത് ലൈറ്റിട്ടിട്ടില്ല. ജാലക പഴുതുകളിലൂടെ വരുന്ന നേരിയ വെളിച്ചം മാത്രം. പുറത്ത് വെള്ളത്തിന്റെ ചെറിയ ബോട്ടിലുകൾ അടുക്കി വെച്ചിരിക്കുന്നു. എല്ലാവരും അതെടുത്ത് കുടിച്ചു. ഫ്രിഡ്ജിൽ മധുര പാനീയങ്ങളുമുണ്ട്. സന്ദർശകർക്ക് സൗജന്യമായി ഭക്ഷണ വിതരണമുണ്ടായിരുന്നു മുമ്പിവിടെ. ഇപ്പോഴാ സംവിധാനമില്ല. വിദേശ യാത്രക്കിടെ വെള്ളം പലപ്പോഴും കിട്ടാക്കനിയായിരിക്കും. പ്രത്യേകിച്ചും ഹോട്ടൽ മുറിയിൽ. കാന്റീനിൽ നിന്നല്ലാതെ റൂമിലുള്ള കുപ്പിവെള്ളം ഉപയോഗിച്ചാൽ നല്ല വില നൽകേണ്ടി വരും. ജോർദാൻ യാത്രക്കിടെ ഹോട്ടലുകാർ ഒരു കുപ്പിവെള്ളത്തിന് രണ്ട് ഡോളർ ഈടാക്കിയ അനുഭവങ്ങളുണ്ട്. അഥവാ നൂറ്റമ്പതിലധികം ഇന്ത്യൻ രൂപ. പക്ഷേ, ഇറാഖിൽ അങ്ങനെയൊരു പ്രതിസന്ധി നേരിടേണ്ടി വന്നില്ല എന്നത് ഞങ്ങൾക്ക് വലിയ ആശ്വാസമായി.
പുറത്ത് ഏറെ ആകർഷിച്ച മറ്റൊരു കാഴ്ച പകർത്താതിരിക്കാനാവില്ല. ഒരു ഫ്ലക്സ് ബോർഡാണത്. സുന്നീ വഖ്ഫ് മന്ത്രാലയത്തിന്റെ സഹകരണത്തോടെ, മഅറൂഫുൽ കർഖി തങ്ങളുടെ സവിധത്തിൽ ഇറാഖീ പണ്ഡിത സഭക്ക് കീഴിൽ നബിദിനം ആഘോഷിക്കുന്നത് സംബന്ധിച്ചുള്ള വിവരങ്ങളാണതിൽ. കേരളത്തിന് പുറത്ത് തിരുജന്മദിനത്തിന്റെ പരസ്യം കാണുമ്പോഴുള്ള സന്തോഷം ചെറുതല്ലല്ലോ. നമ്മുടെ നാട്ടിലെ പുത്തൻ വാദികൾ പലപ്പോഴും ചോദിക്കാറുള്ള ചോദ്യമാണ്, ലോകത്തിന്റെ മറ്റേതെങ്കിലും ഭാഗത്ത് മീലാദ് ആഘോഷിക്കാറുണ്ടോ എന്ന്. അത്തരമൊരു വിഡ്ഢിച്ചോദ്യം കേട്ട് പരിചയിച്ചവർക്ക് ഈ കാഴ്ച കൗതുകമുള്ളതാവുക സ്വാഭാവികം.

മാത്രമല്ല, നബിദിനാഘോഷത്തെ വാഴ്ത്തിയ ആദ്യകാല പണ്ഡിതൻ കൂടിയാണ് ശൈഖ് മഅറൂഫുൽ കർഖി. “മൗലിദ് പാരായണത്തിന്റെ ഭാഗമായി ഭക്ഷണം പാകം ചെയ്യുകയും വിശ്വാസികളെ സംഘടിപ്പിക്കുകയും ആ പുണ്യ ദിനത്തെ ആദരിച്ചു വിളക്ക് കത്തിക്കുകയും പുതുവസ്ത്രം അണിയുകയും സുഗന്ധം പുകയിപ്പിക്കുകയും പൂശുകയും ചെയ്താൽ അന്ത്യദിനത്തിൽ അല്ലാഹു അവനെ പ്രവാചകന്മാരോട് കൂടെ ഒരുമിച്ച് കൂട്ടുകയും സ്വർഗത്തിൽ ഉന്നത സ്ഥാനം നൽകുകയും ചെയ്യുന്നതാണ്’. പ്രസ്തുത വാക്കുകളെ അന്വർഥമാക്കുന്ന വിധത്തിൽ സ്ഥാപിക്കപ്പെട്ട ബോർഡ് വായിച്ച് ഞങ്ങൾ മഖ്ബറതു ദൈർ മൈതാനിയുടെ ഒത്ത നടുവിൽ നിലകൊള്ളുന്ന ശൈഖ് കർഖി മൗസോളിയത്തിൽ നിന്ന് തിരികെ നടന്നു.